പത്മജയുടെ ബിജെപി പ്രവേശനത്തിൽ രാഷ്ട്രീയ ചലനങ്ങള്‍; യുഡിഎഫില്‍ നിരാശ; ചാലക്കുടിയിൽ തിരിച്ചടിയാകുമെന്ന് ആശങ്ക
തിരുവനന്തപുരം: തീര്‍ത്തും അപ്രതീക്ഷിതമായാണ് കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് എത്തിയത്. പത്മജയുടെ കൂറുമാറ്റം കേരളത്തിലെ യുഡിഎഫ് കേന്ദ്രങ്ങളെ നിരാശരാക്കിയിട്ടുണ്ട്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ സര്‍വസ്വവുമായിരുന്ന ലീഡറുടെ പുത്രിയെയാണ് പാര്‍ട്ടിക്ക് നഷ്ടമാകുന്നത്. പത്മജ ബിജെപിയില്‍ എത്തുമെന്ന് ഉറപ്പായതോടെ രാഷ്ട്രീയ ശ്രദ്ധ ചാലക്കുടിയിലേക്ക് തിരിയുകയാണ്.
പത്മജ ചാലക്കുടിയില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്നാണ് നിലവിലെ സൂചനകള്‍. പത്മജ എത്തിയാല്‍ ചാലക്കുടിയില്‍ മത്സരം കടുക്കും. ചാലക്കുടിയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറാനും ഇടയുണ്ട്. പത്മജയെപ്പോലെ യുഡിഎഫ് വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ഥിയെ ബിജെപിക്ക് ഇവിടെ ലഭിക്കില്ല.
പത്മജയ്ക്ക് പരിചിതമായ മണ്ഡലമാണ് ചാലക്കുടി. മുന്‍പ് മണ്ഡലം മുകുന്ദപുരമായിരുന്നപ്പോള്‍ 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായി പത്മജ മത്സരിച്ചിരുന്നു. അന്ന് പത്മജക്ക് 2,58,078 വോട്ട് ലഭിച്ചിരുന്നു. ലീഡർ കെ.കരുണാകരൻ ഇവിടെ നിന്നുള്ള കോൺഗ്രസ് എംപിയും ആയിരുന്നു. സ്ഥാനാര്‍ഥി എന്ന നിലയില്‍ ചാലക്കുടിക്കാര്‍ക്ക് പത്മജയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.
ഇടതുപക്ഷത്ത് നിന്നും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിടിച്ചെടുത്ത സീറ്റാണ് ചാലക്കുടി. എന്‍ഡിഎയില്‍ ഈ സീറ്റ് ബിഡിജെഎസിനാണ്. പത്മജ എത്തിയാല്‍ ചാലക്കുടി സീറ്റ് ബിജെപി ഏറ്റെടുത്ത്, എറണാകുളം ബിഡിജെഎസിന് നല്‍കിയേക്കും.
പത്മജ ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയായാല്‍ അത് ബാധിക്കുക നിലവിലെ സിറ്റിംഗ് എംപി ബെന്നി ബഹനാനെയായിരിക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 1.32 ലക്ഷം വോട്ടുകൾക്കാണ് യുഡിഎഫിലെ ബെന്നി ബഹനാൻ ഇടത് സ്ഥാനാര്‍ഥി ഇന്നസെന്റിനെ തോല്‍പ്പിച്ചത്. കഴിഞ്ഞ തവണ ചാലക്കുടിയിലെ ബിജെപി സ്ഥാനാര്‍ഥി എ.എൻ.ഗോപാലകൃഷ്ണൻ 1,28,996 വോട്ടുകളാണ് നേടിയത്. പത്മജ എത്തിയാല്‍ ചാലക്കുടിയില്‍ മത്സരം കടുക്കും. യുഡിഎഫ് വോട്ടുകള്‍ ഭിന്നിപ്പിച്ച് ബെന്നി ബഹനാന് കടുത്ത തിരിച്ചടി നല്‍കാന്‍ പത്മജയ്ക്ക് സാധിക്കും. ഇത് തുണയ്ക്കുക ഇടത് സ്ഥാനാര്‍ഥി സി.രവീന്ദ്രനാഥിനെയാണ്. ഒരിക്കല്‍ക്കൂടി ചാലക്കുടി പിടിച്ചടക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞേക്കും
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here