‘പോലീസിനെ വെല്ലുവിളിച്ചു’; വിവാദമയതോടെ അല്ലു അർജുന്‍റെ പാട്ട് യൂട്യൂബിൽ നിന്നും നീക്കി


അല്ലു അർജുൻ നായകനായെത്തിയ പുഷ്പ 2 സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ ചിത്രത്തിലെ ഗാനം യൂട്യൂബിൽ നിന്നും നീക്കം ചെയ്തു. അല്ലു അർജുൻ പാടിയ ‘ദമ്മൂന്റെ പാട്ടുകൊര’ എന്ന ഗാനമാണ് നീക്കം ചെയ്തത്. പാട്ടിന്റെ വരികൾ വിവാദമായതോടെയാണ് നിർമാതക്കൾ ഇത്തരമൊരു നീക്കത്തിന് മുതിർന്നത്. ഈ മാസം 24നായിരുന്നു ഗാനം യൂട്യൂബിൽ റിലീസ് ചെയ്തത്.

അല്ലു അർജുന്റെ കഥാപാത്രമായ പുഷ്പരാജും ഫഹദിന്റെ പൊലീസ് കഥാപാത്രമായ ബൻവാർ സിങ് ഷെഖാവത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ് പാട്ടിന്റെ പശ്ചാത്തലം.പോലീസിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ് പാട്ടിന്റെ വരികൾ എന്ന വിമർശനവും ഉയർന്നിരുന്നു. തുടർന്നാണ് നിർമാതാക്കൾ ഗാനം പിൻവലിക്കാൻ തീരുമാനിച്ചത്.

പുഷ്പ 2 സിനിമയുടെ പ്രിമിയർ പ്രദർശനത്തിനിടെ തിരക്കിൽപെട്ട് യുവതി മരിക്കുകയും മകന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ വിവാദം കെട്ടടങ്ങാത്ത സാഹചര്യത്തിലാണ് പാട്ട് പിൻവലിക്കുന്നത്. ചിത്രത്തിൻ്റെ റിലീസ് ദിനത്തില്‍ ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ അല്ലു അര്‍ജുന്‍ വന്നതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനിയായ രേവതി മരണപ്പെടുന്നത്.

എട്ടു വയസുള്ള മകൻ ശ്രീതേജിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു. ഇതിന് ശേഷമായിരുന്നു ഗാനം യൂട്യൂബിൽ റിലീസ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തിനിൽക്കേ പാട്ടിനെതിരെ വ്യാപകമായ വിമർശനമായിരുന്നു ഉയർന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top