ചംപയ് സോറന്‍ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; 10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം
റാഞ്ചി: ജാർഖണ്ഡ് രാഷ്ട്രീയ പ്രതിസന്ധി താത്കാലികമായി കെട്ടടങ്ങുന്നു. അനിശ്ചിതത്വത്തിന് വിരാമമിട്ട് സത്യപ്രതിജ്‍ഞ ചെയ്യാൻ ജെഎംഎം നേതാവ് ചംപയ് സോറനെ ഗവർണർ സി.പി.രാധാകൃഷ്ണൻ ക്ഷണിച്ചു. മുഖ്യമന്ത്രിയായി ചംപയ് സോറൻ ഇന്ന് സത്യപ്രതിജ്‍ഞ ചെയ്യും. 10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം.
43 എംഎൽഎമാരെ രാജ്ഭവനിൽ അണിനിരത്തിയിട്ടും ചംപയ് സോറനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ ക്ഷണിച്ചിരുന്നില്ല. ഇത് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് അരങ്ങൊരുക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
രണ്ട് തവണ സമീപിച്ചെങ്കിലും ഗവർണർ സി.പി.രാധാകൃഷ്ണൻ തീരുമാനമെടുത്തില്ല. മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്യുകയും ചംപയ് സോറനെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കാതിരിക്കുകയും ചെയ്തതോടെ ഭരണമില്ലാത്ത സാഹചര്യമായിരുന്നു ജാർഖണ്ഡിൽ.
അട്ടിമറി നീക്കം സംശയിച്ച് ജെഎംഎം-കോൺഗ്രസ്-ആർജെഡി എംഎൽഎമാർ ഹൈദരാബാദിലേക്ക് പോകാൻ റാഞ്ചി വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനങ്ങള്‍ റദ്ദാക്കിയത് തിരിച്ചടിയായി. മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടിയാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലായി എംഎല്‍എമാരെ ഹൈദരാബാദില്‍ എത്തിക്കാനും ശ്രമിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here