കൈവിട്ട് പോകാതിരിക്കാൻ നെട്ടോട്ടമോടി പാകിസ്ഥാൻ; ചാമ്പ്യൻസ് ട്രോഫിയില്‍ ഐസിസിയുടെ അറ്റകൈ പ്രയോഗം
ചാമ്പ്യൻസ് ട്രോഫി വേദി മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ടിക്കറ്റ് വിൽപന നാളെ മുതൽ ആരംഭിക്കുമെന്ന് ഐസിസി. ഫെബ്രുവരി 19 മുതല്‍ പാകിസ്ഥാനിലും ദുബായിലുമായിട്ടാണ് ടൂർണമെൻ്റ്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം, ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം, കറാച്ചി നാഷണല്‍ ബാങ്ക് സ്റ്റേഡിയം എന്നിവിടങ്ങളിലെ നിര്‍മാണ പ്രവർത്തനങ്ങൾ വൈകുന്നതിനാല്‍ ഉദ്ഘാടന പരിപാടികള്‍ അടക്കം പാകിസ്ഥാന് പുറത്തേക്ക് മാറ്റുമെന്ന പ്രചരണങ്ങൾ ശക്തമാവുന്നതിന് ഇടയിലാണ് ടിക്കറ്റ് വിൽപ്പന തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
പാകിസ്ഥാനിൽ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ ഐസിസി വില്‍പ്പനക്ക് തയ്യാറാക്കിയിരിക്കുന്നത്. അതിനിടെ പ്രധാന മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളുടെ നവീകരണ പ്രവൃത്തി ഐസിസി അനുവദിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നെട്ടോട്ടമോടുകയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) എന്നാണ് റിപ്പോർട്ടുകൾ. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങള്‍ നവീകരിച്ച് ഐസിസിക്ക് കൈമാറുന്നതിനുള്ള സമയപരിധി ഈ മാസം 30ന് അവസാനിക്കും. നിശ്ചിത സമയത്തിനുള്ളില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഐസിസി വേദി മാറ്റുമെന്നാണ് സൂചനകള്‍.
പാകിസ്ഥാനിൽ കളിക്കാനില്ലെന്ന ഇന്ത്യയുടെ ആവശ്യം നേരത്തേ ഐസിസി അംഗീകരിച്ചിരുന്നു. നിഷ്പക്ഷ വേദിയായ ദുബായിലേക്കാണ് ഇന്ത്യയുടെ കളികള്‍ മാറ്റിയിരിക്കുന്നത്. ഈ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ലഭ്യമാക്കുമെന്നും ഐസിസി അധികൃതര്‍ അറിയിച്ചു. ഇന്ത്യ ഫൈനലിൽ പ്രവേശിച്ചാൽ ദുബായ് വച്ചാകും മത്സരം. അതിനാൽ ഫൈനലിൻ്റെ ടിക്കറ്റ് വിൽപ്പന എങ്ങനെ ആയിരിക്കും എന്നതിൽ കൃത്യമായ വിശദീകരണം ഐസിസി നൽകിയിട്ടില്ല.
അതേസമയം സ്‌റ്റേഡിയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാവാത്തതിനാൽ ടൂർണമെൻ്റിൻ്റെ വേദി മാറ്റുന്നുവെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് പിസിബി അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച സമയത്തിനുള്ളിൽ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാവുമെന്നും ബോർഡ് കൂട്ടിച്ചേർത്തു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here