രാജ്യത്ത് 20 ദിവസം വരെ നീളുന്ന ഉഷ്ണ തരംഗത്തിന് സാധ്യത; അടുത്ത രണ്ടര മാസം വിയർക്കും; കേരളത്തിലും കനത്ത ചൂട് മുന്നറിയിപ്പ്
ഡൽഹി : അടുത്ത രണ്ടര മാസക്കാലം രാജ്യത്താകമാനം കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 20 ദിവസം വരെ നീണ്ടുനിൽക്കുന്ന ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്. എല്ലാ സംസ്ഥാനങ്ങളും വേണ്ട മുൻകരുതൽ ഒരുക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.
ഏപ്രിൽ മുതൽ ജൂൺ വരെയാകും കനത്ത ചൂട് അനുഭവപ്പെടുക. ഹിമാലയൻ മേഖല, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളടക്കം രാജ്യത്തിൻറെ ഭൂരിഭാഗം മേഖലയിലും സാധാരണയിലും ഉയർന്ന താപനില അനുഭവപ്പെടും. അതീവ ജാഗ്രത പുലർത്തണമെന്നാണ് കേന്ദ്ര ഭൗമ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. 12 ജില്ലകളില്‍ ഇന്ന് താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുക. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ചൂട് വർദ്ധി ക്കും. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39°C വരെ ഉയരാനാണ് സാധ്യത. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 37°C വരെ ഉയരാം. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയുമാകാം. സാധാരണയെക്കാൾ 2 മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ട്
തീരമേഖലയിൽ ഇന്നും ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് 1.16 മീറ്റർ വരെ ഉയരത്തിൽ വേഗമേറിയ തിരകൾക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here