Uncategorized

‘തേരാ ബാപ് കാ…’!! മുൻ പ്രധാനമന്ത്രിയുടെ മകനെതിരെ രാജ്യസഭയിൽ പൊട്ടിത്തെറിച്ച് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ


രാജ്യസഭയിലെ തൻ്റെ പ്രസംഗം തടസപ്പെടുത്തിയ ബിജെപി നേതാവിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനുമായ നീരജ് ശേഖറായിരുന്നു ഖാർഗേയുടെ പ്രസംഗത്തിനിടയിൽ ഇടപ്പെട്ടത്. പെട്ടന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഖാർഗെ നീരജിനോട് പൊട്ടിത്തെറിക്കുകയായിരുന്നു. രാഷ്ട്രപതിയുടെ നയപ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെയായിരുന്നു നീരജിൻ്റെ ഇടപെടൽ.


“എനിക്ക് നിൻ്റെ അച്ഛൻ്റെ പ്രായമുണ്ട്. ഞങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചവരാണ്. നിൻ്റെ കുട്ടിക്കാലത്ത് അദ്ദേഹത്തൊപ്പം കണ്ടിട്ടുണ്ട്. അവിടെയിരിക്ക്” – എന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ്റ പ്രതികരണം. ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരുന്ന കാലത്ത് കോൺഗ്രസ് നൽകിയ പിന്തുണ ചൂണ്ടിക്കാട്ടിയാണ് ഖർഗെ മറുപടി നൽകിയിരിക്കുന്നത്. 1977വരെ കോൺഗ്രസുകാരനുമായിരുന്നു ചന്ദ്രശേഖർ. ഇന്ദിരാഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു അദ്ദേഹം പാർട്ടി വിട്ടത്. ഇതൊക്കെ പരോക്ഷമായി ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ്റെ വിശദീകരണം.

സമാജ്‌വാദി പാർട്ടിയിൽ അംഗമായിരുന്ന നീരജ് ശേഖർ 2019ലാണ് ബിജെപിയിൽ ചേർന്നത്. അദ്ദേഹത്തിൻ്റെ പിതാവ് ചന്ദ്രശേഖർ 1990 ഒക്ടോബർ മുതൽ 1991 ജൂൺ വരെ കോൺഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായിരുന്നു. 1990ൽ ജനതാ പാർട്ടി മുന്നണിയുടെ വിപിസിംഗ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചപ്പോൾ കോൺഗ്രസ് നേതാവായ രാജീവ് ഗാന്ധിയുടെ പിന്തുണയോടെ കേന്ദ്രത്തിൽ സർക്കാർ രൂപീകരിച്ചു. എന്നാൽ വെറും ഏഴ് മാസങ്ങൾ മാത്രമാണ് അദ്ദേഹത്തിന് പ്രധാനമന്ത്രി പദത്തിൽ തുടരാനായത്. 1991 മാർച്ച് ആറിന് കോൺഗ്രസ് പിന്തുണ പിൻവലിച്ചതിനെ തുടർന്ന് കാവൽ പ്രധാനമന്ത്രിയായി തുടർന്ന ചന്ദ്രശേഖർ 1991 ജൂൺ 21ന് രാജിവച്ചു.


താനും ചന്ദ്രശേഖറും ഒരുമിച്ച് ജയിലിൽ കഴിഞ്ഞ കാര്യങ്ങളും ഖാർഗെ ചൂണ്ടിക്കാട്ടി. പാർട്ടി വിട്ടപ്പോഴും പരസ്പരം കാണുമ്പോൾ വളരെ സൗഹാർദനമായിട്ടാണ് പെരുമാറിയിട്ടുള്ളതെന്നും ഖാർഗേപറഞ്ഞു. തുടർന്ന് രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകർ ഇടപ്പെട്ട് ഇരു നേതാക്കളെയും അനുനയിപ്പിക്കുകയായിരുന്നു.
ഈ രാജ്യം കണ്ട ഏറ്റവും ഉന്നതനായ നേതാക്കളിൽ ഒരാളാണ് ചന്ദ്രശേഖർ. രാജ്യത്തിന് അദ്ദേഹത്തോടുള്ള ബഹുമാനം വിലമതിക്കാനാവാത്തതാണ്. മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാമർശം പിൻവലിക്കാനും ഉപരാഷ്ട്രപതി, ഖാർഗെയോട് ആവശ്യപ്പെട്ടു.


“നിങ്ങൾ ‘ആപ്കെ ബാപ്പ്’ എന്നാണ് പറയുന്നത്. ഈ പദപ്രയോഗം നമുക്ക് സഭാ രേഖകളിൽ ഉൾപ്പെടുത്താൻ കഴിയില്ല. മറ്റൊരു അംഗത്തോട് ‘ആപ്കെ ബാപ്പ്’ എന്നാണ് പറയുന്നത് അംഗീകരിക്കാനാവില്ല. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിനോടുള്ള ബഹുമാനം നിലനിർത്തി പരാമർശം പിൻവലിക്കുക.” – ധൻകർ ആവശ്യപ്പെട്ടു.
ആരെയും അപമാനിക്കുന്നത് തന്റെ ശീലമല്ലെന്ന് ഖാർഗെ മറുപടി നൽകി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ബിജെപി പാർലമെൻ്റിൽ അപമാനിച്ചു. ആരോപിച്ചു. കുളിക്കുമ്പോൾ അദ്ദേഹം റെയിൻകോട്ട് ധരിക്കുന്നുവെന്ന് ചിലർ പറഞ്ഞുവെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പറയാതെ അദ്ദേഹത്തിൻ്റെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു ഖാർഗെയുടെ മറുപടി .മൻമോഹൻ സിംഗ് താൻ നേരിട്ട സഹിക്കുകയും രാജ്യതാൽപ്പര്യം മുൻനിർത്തി മൗനം പാലിക്കുകയും ചെയ്തു. അദ്ദേഹത്തെ മൗനി ബാബ എന്നാണ് ചിലർ വിളിച്ചിരുന്നത്. ആളുകളെ അപമാനിക്കുന്ന ഈ ശീലം അവരുടേതാണ്. അവരുടെ അപമാനം എന്നും സഹിക്കുന്നവരാണ് കോൺഗ്രസുകാരെന്നും ഖാർഗെ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top