ആൾദൈവങ്ങൾ ദുരന്തം വിതയ്ക്കുമ്പോൾ; ചന്ദ്രസ്വാമി മുതൽ ഭോലെ ബാബ വരെ, ഇന്ത്യയിൽ അതിവേഗം വളരുന്ന വ്യവസായം

ഉത്തർ പ്രദേശിലെ ഹാത്രസിലെ ആൾദൈവം ഭോലെ ബാബ വിളിച്ചുകൂട്ടിയ പ്രാർത്ഥനയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 122 പേർ കൊല്ലപ്പെട്ടത് രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അന്വേഷണത്തിന് യുപി സർക്കാർ ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ചെങ്കിലും ആൾദൈവത്തിൻ്റെ പേര് എഫ്ഐആറിൽ പോലും ഉൾപ്പെടുത്തിയിട്ടില്ല. അയാൾ ഒളിവിലാണെന്ന് പോലീസ് പറയുന്നു. സ്യൂട്ടും കോട്ടുമണിഞ്ഞ് ഭക്തർക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന സൂരജ്പാൽ സിംഗ് എന്ന പഴയ പോലീസുകാരൻ്റെ ‘നാരായൺ സകർ ഹരി ഭോലെ ബാബ’ എന്ന ആൾ ദൈവത്തിലേക്കുള്ള പകർന്നാട്ടത്തിൻ്റെ കഥകളൊന്നും യുപി സർക്കാരോ അന്വേഷണ ഏജൻസികളോ ചികഞ്ഞു കണ്ടുപിടിക്കുമെന്നാരും കരുതുന്നില്ല. രാജ്യത്താകമാനം ഇത്തരം തട്ടിപ്പുകാരായ ആൾ ദൈവങ്ങൾ വിരാജിക്കുകയാണ്.

ഭോലെ ബാബയുടെ പാദങ്ങൾ പതിഞ്ഞ മണ്ണുവാരുന്നതിനായി ഭക്തർ കാണിച്ച ആക്രാന്തമാണ് കൂട്ടമരണത്തിന് ഇടയാക്കിയത്. യുപി പോലീസിൽ 20 വർഷത്തോളം കോൺസ്റ്റബിളായി ജോലി ചെയ്ത ശേഷം 1990ൽ സ്വയം വിരമിച്ചാണ് പോലീസുകാരൻ ദൈവമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. ഇന്ത്യാ മഹാരാജ്യത്ത് ഏത് പോലീസുകാരനും ദിവ്യനും ദൈവവുമാകാം. ഒരു നിയമവും ഇത് തടയുന്നില്ല. എന്ത് വിവരക്കേടും പ്രചരിപ്പിക്കാം, ചെയ്യാം, പണം വാരിക്കൂട്ടാം. ദൈവം പറയുന്നതാണ് നിയമവും നീതിയും എന്ന സ്ഥിതിയാകും. ഈ ദൈവങ്ങൾ എന്ത് തോന്ന്യാസം കാണിച്ചാലും മതസ്വാതന്ത്ര്യത്തിൻ്റെ ആനുകൂല്യങ്ങൾ കിട്ടും. ദൈവങ്ങൾക്ക് കൂട്ടായി പിടിപാടുള്ള രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും താനെ വന്നു ചേരും. ഇപ്പറഞ്ഞതെല്ലാം ഈ രാജ്യത്ത് നാട്ടുനടപ്പായി കഴിഞ്ഞു. എല്ലാ മതത്തിൽ നിന്നും ഇത്തരം ദൈവങ്ങൾ ഉയർന്നുവരുന്നുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിലും വേണ്ടുവോളം ആൾദൈവങ്ങൾ ഇന്ത്യയിൽ പൊങ്ങിവന്നിട്ടുണ്ട്. ലോക്കൽ ദൈവങ്ങൾ മുതൽ രാജ്യതലസ്ഥാനത്തിരുന്ന് ഭരണചക്രം തിരിച്ച ദൈവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.

ദേശീയ രാഷ്ട്രീയത്തിൻ്റെ പിന്നാമ്പുറങ്ങളിൽ ഏറെക്കാലം വിവാദനായകനായിരുന്നു ചന്ദ്രസ്വാമി. പല രാഷ്ടീയ -അഴിമതി ഇടപാടുകളിലും നിറഞ്ഞുനിന്നു. മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ വിശ്വസ്ത ഉപദേഷ്ടാവായിരുന്നു. അതേസമയം രാജീവ് ഗാന്ധിയുടെ മരണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന ആരോപണം പോലും ഉയർന്നു. രാജീവുമായി കടുത്ത ശത്രുതയിലായിരുന്നു ചന്ദ്രസ്വാമി. അതുകൊണ്ട് തന്നെ രാജീവിനെ കൊലപ്പെടുത്തിയ എൽടിടിഇക്ക് സാമ്പത്തിക പിന്തുണ ലഭ്യമാക്കാൻ പ്രവർത്തിച്ചുവെന്ന ആരോപണങ്ങൾ ഈ സ്വാമിയെ വേട്ടയാടി.

പ്രധാനമന്ത്രി നരസിംഹറാവു ഏത് നിർണ്ണായക തീരുമാനവും എടുക്കുംമുൻപ് ചന്ദ്രസ്വാമിയുടെ ഉപദേശം തേടിയിരുന്നു. രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോയപ്പോൾ സ്വർണ്ണം വിൽക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചെങ്കിലും പ്രധാനമന്ത്രി റാവു അന്നത്തെ ധനമന്ത്രി മൻമോഹൻസിങിനോട് ബ്രൂണൈ സുൽത്താനെ പോയി കാണാൻ ആവശ്യപ്പെട്ടു. സ്വാമിയുടെ ഉപദേശ പ്രകാരമായിരുന്നു ഇത്. എന്നാൽ സിങ്ങ് വഴങ്ങിയില്ല എന്നത് ചരിത്രം. രാജസ്ഥാനിലെ ഇടത്തരം കുടുംബത്തിൽ 1948 സെപ്റ്റംബർ 29ന് ജനിച്ച നെമിചന്ദ് പിന്നീട് ലോകം കണ്ട വലിയ ഉപജാപകരിലൊരാളായ ചന്ദ്രസ്വാമിയായി വളർന്നത് അവിശ്വസനീയമായ കഥയാണ്. മുൻ പ്രധാനമന്ത്രി എസ്.ചന്ദ്രശേഖറിൻ്റെയും ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു. ചന്ദ്രശേഖർ പ്രധാനമന്ത്രിയാകുമെന്ന് സ്വാമി നേരത്തെ പ്രവചനം നടത്തിയിരുന്നതായി സ്വാമിയുടെ അനുയായികൾ പറഞ്ഞു പരത്തിയിരുന്നു.

കൈരേഖ നോക്കി പ്രവചനം നടത്തുന്നതിൽ മിടുക്കനായിരുന്നു സ്വാമി. മൂന്നു പ്രവചനങ്ങളാണ് ഇദ്ദേഹത്തിൻ്റെ തലവര മാറ്റിയത്. ജിമ്മി കാർട്ടർ യുഎസ് പ്രസിഡൻ്റ് ആകുമെന്ന് അമ്മ ലിലിയൻ കാർട്ടറുടെ കൈനോക്കി പറ‍ഞ്ഞതാണ് അതിലൊന്ന്. പിന്നീട് കാർട്ടറുടെ സ്ഥാനാരോഹണ ചടങ്ങിൽ മുഖ്യാതിഥികളിൽ ഒരാളായിരുന്നു ചന്ദ്രസ്വാമി. ചരൺ സിങ് പ്രധാനമന്ത്രി ആകുമെന്ന് പ്രവചിച്ചതും ബ്രൂണൈസുൽത്താൻ്റെ കൈനോക്കി ഭാര്യയുടെ രോഗം എന്ന് ഭേദപ്പെടുമെന്ന് കൃത്യമായി പ്രവചിച്ചതും കുറിയ്ക്കുകൊണ്ടു. താന്ത്രിക വിദ്യകളിൽ അസാമാന്യ കഴിവ് ഉണ്ടായിരുന്നു. സ്വാധീന കേന്ദ്രങ്ങളിൽ കടന്നുചെല്ലാൻ ഇതെല്ലാം വേണ്ട വിധത്തിൽ ഉപയോഗിക്കാനും ഇയാൾക്ക് കഴിഞ്ഞിരുന്നു. അധികാര കേന്ദ്രങ്ങളുമായുള്ള അടുപ്പം ഉപയോഗിച്ച് ഇടപാടുകൾ നടത്തി കമ്മീഷൻ അടിക്കുന്ന പരിപാടിയും ചന്ദ്രസ്വാമിക്ക് ഉണ്ടായിരുന്നു. 1996ൽ ലണ്ടൻ കേന്ദ്രമാക്കിയ വ്യവസായിയെ കബളിപ്പിച്ച കേസിൽ‌ ഇദ്ദേഹം അറസ്റ്റിലായി. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചതിന്റെ പേരിൽ തുടർച്ചയായി പ്രതിപ്പട്ടികയിലുമായി. 2017 മെയ് മാസത്തിൽ ഹൃദ്രോഗം മൂലം ഡൽഹിയിലെ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു.

സ്വാമിയുടെ പിന്മുറക്കാരായി വന്ന രണ്ട് ദൈവങ്ങൾ അദ്ദേഹത്തെയും കടത്തിവെട്ടുന്ന കാട്ടുകള്ളന്മാരും നരാധമന്മാരുമായി മാറിയ കാഴ്ചയും രാജ്യം കണ്ടു. ഒടുക്കം ബലാൽസംഗം, കൊലപാതകം അടക്കം കുറ്റകൃത്യങ്ങളിൽ പെട്ട് ജയിലിലായ അസറാം ബാപ്പു, ഗുർമീത് റാം റഹീം സിംഗ് എന്നിവർ ഇതുവരെയും പുറത്തിറങ്ങിയിട്ടില്ല. എന്ത് തന്നെയായാലും തള്ളിപ്പറയാത്ത അനുചര വൃന്ദമാണ് ഇക്കൂട്ടരുടെ ഏറ്റവും വലിയ ബലം. ഏത് കാലത്ത് ജയിലിൽ നിന്ന് ഇറങ്ങിയാലും ഇതേ ബിസിനസ് ചെയ്ത് നഷ്ടപ്പെട്ടതെല്ലാം തിരിച്ച് പിടിക്കാൻ ഇവർക്ക് കഴിയുമെന്ന് സാരം.

ബ്രഹ്മജ്ഞാനികള്‍ക്ക് ബലാല്‍സംഗമാകാം. പതിനാറുകാരിയെ മാനഭംഗപ്പെടുത്തിയ കുറ്റത്തിന് തടവറയിലേക്ക് പോകുമ്പോള്‍ അസാറാം ബാപ്പുവെന്ന 77കാരനായ സ്വയംപ്രഖ്യാപിത ആള്‍ദൈവം അനുയായികളോട് പറഞ്ഞു. അച്ഛേദിന്‍ വരുമെന്ന അസാറാമിന്‍റെ വാക്കുകള്‍ അമൃത് പോലെ കാതില്‍ സൂക്ഷിച്ച് കാത്തിരിക്കുകയാണ് അനുയായികള്‍. അവരുടെ ബാബയെ ഒരിക്കല്‍പോലും തള്ളിപ്പറയാതെ. അസാറാമിന്‍റെ ആശ്രമത്തില്‍ പഠിക്കുകയായിരുന്ന പതിനാറുകാരിയെ പിശാചിനെ ഒഴിപ്പിക്കാനുള്ള പൂജയുടെ മറവില്‍ പീഡിപ്പിക്കുകയായിരുന്നു. 2013ലായിരുന്നു സംഭവം. ജോധ്പൂര്‍ കോടതി അസാറാമിന് ജീവപര്യന്തവും രണ്ട് അനുയായികള്‍ക്ക് 20 വര്‍ഷവും തടവുശിക്ഷ വിധിച്ചു. വിധി പ്രസ്താവം കേട്ട് ദൈവം തലകറങ്ങി വീണു.

ഹിന്ദു, മുസ്‍ലിം, സിഖ് പേരുകള്‍ ഒരുമിച്ചാക്കി എല്ലാ മതക്കാരെയും ചാക്കിട്ട് അവരുടെ രക്ഷകനായി അവതരിച്ച ആള്‍ദൈവമാണ് ഗുര്‍മീത് റാം റഹിം. ആത്മീയത മറയാക്കി ലൈംഗിക ചൂഷണങ്ങളും കൊലപാതകങ്ങളും നിര്‍ബന്ധിത വന്ധ്യംകരണവും ഉള്‍പ്പെടെ കൊടുംകുറ്റകൃത്യങ്ങള്‍ ചെയ്തു. അനുയായികളായ രണ്ട് സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം തടവും മുപ്പത് ലക്ഷം രൂപ പിഴയുമാണ് 2017 ഒഗസ്റ്റില്‍ സിബിഐ പ്രത്യേക കോടതി വിധിച്ചത്. ഇതോടെ അനുയായികള്‍ അഴിഞ്ഞാടി. മുപ്പത് പേര്‍ കൊല്ലപ്പെടുകയും 250ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കലാപത്തിനാണ് രാജ്യം സാക്ഷിയായത്.

ഒരു നടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാജ്യംവിട്ട് രക്ഷതേടിയ ദൈവമാണ് സ്വാമി നിത്യാനന്ദ അഥവാ പരമഹംസ നിത്യാനന്ദ. തെക്കേ ഇന്ത്യയിലെ സ്വയംപ്രഖ്യാപിത ദൈവവും ബെംഗളൂരുവിലെ ‘ധ്യാനപീഠം’ എന്ന ആഗോളസംഘടനയുടെ ആചാര്യനുമായിരുന്നു. ഇപ്പോൾ വിദേശത്തിരുന്നു അന്തംവിട്ട പ്രഭാഷണങ്ങളിലൂടെ ഭക്തരെ പ്രചോദിപ്പിക്കുന്നുണ്ട് ഈ സ്വാമി.

നമ്മുടെ കൊച്ചുകേരളത്തിലും മുക്കിലും മൂലയിലും ആൾദൈവങ്ങളുണ്ട്. രാഷ്ട്രിയ നേതാക്കളെ മുതൽ ഉന്നത ഉദ്യോഗസ്ഥരെ വരെ കാലുപിടിപ്പിക്കാനും മുട്ടിലിഴയിക്കുകയും ഒക്കെ കപ്പാസിറ്റി ഉള്ളവർ. അങ്ങനെ സന്യാസപരിവേഷം കെട്ടി നിറഞ്ഞാടിയ ആൾദൈവമായിരുന്നു സന്തോഷ് മാധവൻ എന്ന സ്വാമി അമൃത ചൈതന്യ. എറണാകുളത്ത് ശാന്തീതീരം ആശ്രമം എന്ന് പേരിട്ട് നടത്തിയ അയാളുടെ നക്ഷത്ര സംവിധാനത്തിൽ കൊച്ചു പെൺകുട്ടികൾ അടക്കമുള്ളവരെ പാർപ്പിച്ച് നടത്തിയ സേവകൾക്കൊടുവിലാണ് കേസിൽപെട്ടത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ ധാരാളം പേർ ശിഷ്യഗണത്തിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും മുന്നിട്ടിറങ്ങി രക്ഷിച്ചെടുക്കാൻ ധൈര്യമില്ലാതെ പോയതുകൊണ്ട് മാത്രം സ്വാമി ഏറെക്കാലം പൂജപ്പുരയിലെ ചപ്പാത്തി കഴിക്കേണ്ടി വന്നു. കട്ടപ്പന ഇരുപതേക്കറിലെ ദരിദ്രകുടുംബത്തിൽ നിന്നെത്തി ഒരു പതിറ്റാണ്ടിലേറെ കൊച്ചിയുടെ പളപളപ്പിൽ അഴിഞ്ഞാടിയ അമൃത ചൈതന്യ ഒടുവിൽ ഈവർഷം മാർച്ച്‌ ആറിന് അരങ്ങൊഴിഞ്ഞു.

എന്തിനുമേതിനും പരിഹാരക്രിയകളും ക്വിക്ക്ഫിക്സ് ഉത്തരങ്ങളും നൽകുമെന്ന ദൈവങ്ങളുടെ വാക്കുകേട്ട് ജനങ്ങൾ സ്വയമേ ഇവരുടെ താവളങ്ങളിലേക്ക് ഒഴുകിയെത്തുകയാണ്.
കാര്യസാദ്ധ്യത്തിനുളള നേര്‍ച്ചകള്‍, വഴിപാടുകള്‍, പ്രശ്നം, യാഗം, ഹോമം, കലശം, കരിസ്മാറ്റിക്‌ ധ്യാനങ്ങള്‍ തുടങ്ങിയവയിലൂടെ മനുഷ്യദൈവങ്ങള്‍ പരിഹാരം നൽകുമെന്ന ധാരണയിലാണ് മിക്ക ഭക്തരും ഇവരുടെ അടുത്തേക്ക് എത്തുന്നത്. യുക്തിയേക്കാൾ അന്ധമായ ഭക്തിയാണ് ഇവരെ നയിക്കുന്നത്. കുണുപോലെ മുളച്ചുപൊന്തിയ കേരളത്തിലെ ധ്യാനകേന്ദ്രങ്ങളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഇവിടങ്ങളിലെ ധ്യാനഗുരുക്കന്മാരെയും ഏറെക്കുറെ ആൾദൈവ പരിവേഷത്തിലാണ് ഭക്തർ കാണുന്നത്. പുതിയ കാലത്ത് സമൂഹമാധ്യമങ്ങളിലും മറ്റും പരസ്യം ചെയ്തുവരെ ഇവർ ഇരകളെ വീശിപ്പിടിക്കുകയാണ്.

കേരളത്തിലെ ചില ദൈവങ്ങൾ വിദേശത്ത് നിന്നുള്ള സംഭാവനകള്‍ വാരിക്കൂട്ടി കോളജുകളും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും തുടങ്ങി കോടീശ്വരരായ ചരിത്രം നമ്മുടെ മുന്നിലുണ്ട്. എല്ലാം കര്‍ത്താവിൻ്റെയും മാതാവിൻ്റെയും അമ്മയുടേയുമൊക്കെ കൃപയാണെന്ന് തട്ടിവിടും. എന്തിനുമേതിനും ഉടമ്പടി വെച്ചാൽ കാര്യസാധ്യം ഉണ്ടാകുമെന്ന് പ്രചരിപ്പിക്കും. മകൻ്റെ രാഷ്ടീയഭാവി ഭാസുരമാക്കാൻ എകെ ആൻ്റണിയുടെ ഭാര്യ എലിസബത്ത് കൃപാസനത്തിൽ പോയി പ്രാർത്ഥിച്ചതും ഒടുവിൽ സാക്ഷ്യം പറഞ്ഞതും കേരളം അതിശയത്തോടെ കണ്ടതാണ്. ഇത്തരം കേന്ദ്രങ്ങൾക്ക് ലെജിറ്റിമസി കിട്ടുന്നത് ഇതുപോലെയുള്ള വിഐപികളുടെ സാക്ഷ്യം പറച്ചിലിലൂടെയാണ്.

നൂറുശതമാനം സാക്ഷരരുടെ നാടെന്ന് അവകാശപ്പെടുന്ന കേരളത്തിൻ്റെ എല്ലാ വില്ലേജിലും പ്രശസ്തരും അപ്രശസ്തരുമായ മനുഷ്യദൈവങ്ങൾ ജീവിക്കുന്നുണ്ട്. ബിപിഎൽ ദൈവങ്ങൾ മുതൽ സഹസ്രകോടീശ്വരന്മാർ വരെ ഇക്കൂട്ടത്തിലുണ്ട് എന്നതാണ് വാസ്തവം. ഉത്തർ പ്രദേശിലേത് പോലെയുള്ള ദുരന്തങ്ങൾ വേണ്ടിവരും താൽക്കാലികമായെങ്കിലും ഇവർക്കെതിരെ അധാർമിക പരിപാടികൾക്കെതിരെ ജനങ്ങളുടെയും ഭരണക്കാരുടെയും കണ്ണുതുറക്കാൻ. സന്തോഷ് മാധവൻ്റെ തട്ടിപ്പുകൾ പുറത്തുവന്ന രണ്ടായിരാമാണ്ടിൻ്റെ ആദ്യപാതിയിലാണ് അത്തരമൊന്ന് ഏറ്റവുമൊടുവിൽ കേരളം കണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top