‘എനിക്ക് ഒന്നും തന്നില്ല’; എല്ലാവരേയും തുല്യമായി കരുതുന്ന നേതാക്കള്‍ വരണം; സതീശനെ ലക്ഷ്യമിട്ട് ചാണ്ടി ഉമ്മന്റെ വിമര്‍ശനം
കോണ്‍ഗ്രസില്‍ ചിലരെ മാറ്റി നിര്‍ത്തുന്ന സമീപനം നേതാക്കള്‍ സ്വീകരിക്കുന്നു എന്ന വിമര്‍ശനവുമായി ചാണ്ടി ഉമ്മന്‍. എല്ലാവരേയും ചേര്‍ത്തുപിടിച്ച് കൊണ്ടുപോയേ മതിയാവൂ. ആരെങ്കിലും തഴയപ്പെടുന്ന അവസ്ഥയുണ്ടായാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ചാണ്ടി ഉമ്മന്‍ തുറന്നടിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതല നല്‍കാതിരുന്നതില്‍ അടക്കമുള്ള അതൃപ്തിയും പരസ്യമാക്കിയാണ് പുതുപ്പളളി എംഎല്‍എയുടെ പ്രതികരണം.
ഉപതിരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കിയപ്പോള്‍ തനിക്ക് മാത്രം ഒന്നും തന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് സമയമായിരുന്നതിനാല്‍ ഒന്നും പറഞ്ഞില്ല. ഇപ്പോഴും കൂടുതല്‍ ഒന്നും പറയുന്നില്ല. ചിലരെ മാറ്റി നിര്‍ത്തുന്ന രീതി അവസാനിപ്പിക്കണം എന്ന് മാത്രമേ നേതാക്കളോട് പറയാനുളളു. കെ.സുധാകരന്റെയും വി.ഡി. സതീശന്റെയുമെല്ലാം നേതൃത്വത്തില്‍ പാര്‍ട്ടി ശക്തമായി മുന്നോട്ടുപോവുകയാണ്. ചിലര്‍ മാറിനില്‍ക്കുകയും ചിലര്‍ ഉള്‍പ്പെടാതെ വരികയും ചെയ്യുന്നു. അതിന് കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ടതില്ല. സംഘടന പുനഃസംഘടിപ്പിക്കുമ്പോള്‍ എല്ലാവരേയും ഉള്‍പ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നേതാവ് വിഡി സതീശനെ ലക്ഷ്യമിട്ടുളള വിമര്‍ശനങ്ങളാണ് ചാണ്ടി ഉമ്മന്‍ നടത്തിയതെന്നാണ് വിലയിരുത്തല്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് തന്നെ ചാണ്ടി ഉമ്മന്‍ വിമത സ്വരം ഉയര്‍ത്തിയിരുന്നു. പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എത്തിയപ്പോള്‍ ഒപ്പം ചെല്ലാന്‍ ചാണ്ടി ഉമ്മന്‍ വിസമ്മതിച്ചിരുന്നു. നേതൃത്വം നിലപാട് കടുപ്പിച്ചതോടെയാണ് പാലക്കാട് ഒരു ദിവസം പ്രചരണത്തിന് ചാണ്ടി ഉമ്മന്‍ എത്തിയത്.
കോണ്‍ഗ്രസില്‍ പുനസംഘടന ചര്‍ച്ചകള്‍ സജീവമായതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്‍ അതൃപ്തി പരസ്യമാക്കി രംഗത്ത് എത്തിയതെന്നതും ശ്രദ്ധേയമാണ്. വരും ദിവസങ്ങളില്‍ ഉയരാൻ സാധ്യതയുള്ള വലിയ ശബ്ദങ്ങളുടെ സൂചനയായാണ് ചാണ്ടി ഉമ്മന്റെ ഈ ചെറിയ പ്രതികരണത്തെ രാഷ്ട്രീയ കേരളം കാണുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here