ഒറ്റയാനാകാന്‍ ചാണ്ടി ഉമ്മന്‍; യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ സമാന്തര നീക്കം; പാര്‍ട്ടിയില്‍ അതൃപ്തി

കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ പിന്തുടര്‍ച്ചയുടെ അവകാശം ഉറപ്പാക്കാന്‍ ഒറ്റയാന്‍ നീക്കങ്ങളുമായി ചാണ്ടി ഉമ്മന്‍. യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയാണ് ഇപ്പോള്‍ ചാണ്ടി ഉമ്മന്‍ വിമത നീക്കം തുടങ്ങിയിരിക്കുന്നത്. യുവനേതാക്കളെ ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടികളില്‍ നിന്നും പരമാവധി മാറ്റി നിര്‍ത്തിയാണ് ചാണ്ടി ഉമ്മന്‍ യുദ്ധപ്രഖ്യാപനം നടത്തിയത്. ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പുതുപ്പള്ളിയില്‍ നടന്ന പരിപാടികളില്‍ കോണ്‍ഗ്രസിനേയും യൂത്ത് കോണ്‍ഗ്രസിനേയും അകറ്റി ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ പേരിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സംഘടിപ്പിച്ചത്. പുതുപള്ളിയും ഉമ്മന്‍ചാണ്ടിയുടെ പിന്തുടര്‍ച്ചയും തന്റെ കൈയ്യില്‍ തന്നെ നിര്‍ത്താനുള്ള നീക്കമാണ് ചാണ്ടി നടത്തിയത്.

യൂത്ത് കോണ്‍ഗ്രസ് ഔട്ട് റീച്ച് സെല്ലിന്റെ അധ്യക്ഷ പദവിയില്‍ നിന്ന് ചാണ്ടി ഉമ്മനെ നീക്കിയതോടെയാണ് സംസ്ഥാന നേതൃത്വത്തിനെതിരായ നീക്കത്തിന് വേഗം കൂട്ടിയത്. ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഈ തീരുമാനത്തിന് പിന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലുമാണെന്നാണ് ചാണ്ടി ഉമ്മന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഈ നേതാക്കളെ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ നടത്തിയ പരിപാടിയില്‍ ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിനുമെതിരെ പരോക്ഷ വിമര്‍ശനം പല വേദികളിലും ഉയര്‍ന്നത് ഈ നീക്കത്തിന്റെ ഭാഗമാണ്. ചാണ്ടി ഉമ്മന്‍ പക്ഷക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെഎസ് അഖില്‍ ഈ വേദികളില്‍ നേതാക്കളെ വിമര്‍ശിച്ച് നടത്തിയ പ്രസംഗവും ചര്‍ച്ചയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പില്‍ നിന്നും മത്സരിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ ചാണ്ടി ഉമ്മന്‍ അംഗീകരിച്ചിരുന്നില്ല. എ ഗ്രൂപ്പുമായി ഭിന്നിച്ചുനിന്നാണ് ചാണ്ടി ഉമ്മന്‍ പക്ഷം വോട്ടുചെയ്തത്. എന്നിട്ടും രാഹുല്‍ പ്രസിഡന്റായി. ഇതോടെയാണ് ചാണ്ടി ഉമ്മനും സംഘവും സംഘടനയില്‍ വിമത പക്ഷത്തായത്. ഔട്ട് റീച്ച് സെല്ലിന്റെ അധ്യക്ഷ പദവിയായിരുന്നു യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ പ്രവര്‍ത്തനത്തിനുള്ള പിടിവള്ളി. എന്നാല്‍ ഇതുകൂടി നഷ്ടമായതോടെയാണ് പ്രത്യക്ഷമായ ഗ്രൂപ്പ് പ്രവര്‍ത്തനം ചാണ്ടി ഉമ്മന്‍ ആരംഭിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ചരമവാര്‍ഷിക ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പുതുപ്പള്ളി ഭാഗങ്ങളില്‍ ഉയര്‍ത്തിയ പോസ്റ്ററുകളും ബോര്‍ഡുകളും ചാണ്ടി ഉമ്മന്‍ പക്ഷം നീക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിലെ പരമ്പരാഗത എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളെ പോലും വിശ്വാസത്തിലെടുക്കാതെയാണ് ചാണ്ടി ഉമ്മന്റെ നീക്കങ്ങളെല്ലാം. ഇതില്‍ ഉമ്മന്‍ചാണ്ടിയോട് എല്ലാ കാലത്തും അടുത്ത് നിന്ന കെസി ജോസഫ്, ബെന്നി ബഹനാന്‍, എംഎം ഹസന്‍ എന്നീ നേതാക്കളുമായി ഒരു കൂടിയാലോചനക്ക് പോലും ചാണ്ടി ഉമ്മന്‍ തയ്യാറാകാതെയാണ് മുന്നോട്ടു പോകുന്നത്. ഉമ്മന്‍ചാണ്ടിയുടെ പേരിലുളള പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതും വേദിയില്‍ വച്ച് പ്രശംസിച്ചതും പാര്‍ട്ടിയില്‍ വലിയ മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റിനെ ഒരു പരിപാടിയില്‍ പോലും ക്ഷണിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ലീഡേഴ്‌സ് സമ്മിറ്റ് മുഖ്യമന്ത്രിയെ കൊണ്ട് ഉദ്ദ്ഘാടനം ചെയ്യിച്ച ദിവസം കെ സുധാകരന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. എന്നാല്‍ പരിപാടിയില്‍ ക്ഷണിച്ചില്ല.

അനുസ്മരണ പരിപാടികളില്‍ ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍ കോണ്‍ഗ്രസിനേയും നേതാക്കളേയും ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ചിരുന്നു. സോളാര്‍ ആരോപണ സമയത്ത് കുടംബം തകര്‍ന്നപ്പോള്‍ ആരും ഒപ്പം നിന്നില്ലെന്ന് മറിയാമ്മ വിമര്‍ശിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ പുറകില്‍ നിന്ന് കുത്തിയെന്ന സന്ദേശമാണ് ഈ പ്രസംഗങ്ങളില്‍ നിറഞ്ഞത്. ഇത് ചാണ്ടി ഉമ്മന്റെ നീക്കത്തിന് കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസിനുളളില്‍ ചാണ്ടി ഉമ്മനെതിരെ ഒരു പടയൊരുക്കത്തിന്റെ സാധ്യതകള്‍ തെളിഞ്ഞു വരികയാണ്. യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് ഇത് തുടങ്ങി കഴിഞ്ഞുവെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചാണ്ടി ഉമ്മനെ നേരില്‍ വിളിച്ച് തന്നെ അതൃപ്തി അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയെ അറിയിക്കാതെ ഇത്തരം പരിപാടികളുമായി മുന്നോട്ട് പോകരുതെന്ന ശക്തമായ താക്കീത് നല്‍കിയതായാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top