പിണറായി മന്ത്രിസഭയിൽ മാറ്റം; ശശീന്ദ്രന് പകരം തോമസ് കെ തോമസ്
മന്ത്രിയെ മാറ്റാൻ തീരുമാനിച്ച് ഇടതു മുന്നണി ഘടകകക്ഷിയായ എൻസിപി. മന്ത്രി സ്ഥാനം ഒഴിയാൻ എകെ ശശീന്ദ്രൻ സമ്മതം മൂളിയതോടെയാണ് പാർട്ടിക്ക് കീറാമുട്ടിയായ തർക്കത്തിന് പരിഹാരമായത്. ശശീന്ദ്രന് പകരം മുതിർന്ന നേതാവ് തോമസ്.കെ. തോമസ് വനം വകുപ്പ് മന്ത്രിയാകും. മുംബൈയിൽ എൻസിപി ദേശിയ അധ്യക്ഷൻ ശരദ് പവാറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം വിട്ടുനൽകാമെന്ന് കഴിഞ്ഞ ദിവസം ശശീന്ദ്രൻ പറഞ്ഞിരുന്നു. പകരം സംസ്ഥാന പാർട്ടി അധ്യക്ഷ സ്ഥാനം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പാർട്ടിയുടെ മന്ത്രിയെ മാറ്റുന്ന കാര്യത്തിൽ ശരത് പവാർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് കത്ത് നൽകും. മറ്റ് മുന്നണി നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തും.
ഏറെ നാളായി മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷമായിരുന്നു. രണ്ടര വർഷം മന്ത്രി സ്ഥാനം വീതം വയ്ക്കാമെന്നായിരുന്നു പാർട്ടിയിലെ ധാരണ. എന്നാലത് ശശീന്ദ്രൻ ലംഘിച്ചുവെന്നാരോപിച്ച് തോമസ് കെ. തോമസ് രംഗത്ത് വന്നതോടെ ഭിന്നത മറനീക്കി പുറത്തുവന്നു. അങ്ങനെയൊരു ധാരണയേ ഇല്ലെന്നായിരുന്നു ശശീന്ദ്രന്റെ വാദം. മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന് ശശീന്ദ്രൻ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ തീരുമാനം ശരത് പവാറിന് വിട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here