ഡോ.ജോബിൻ എസ്.കൊട്ടാരം ‘ചേഞ്ച്‌ മേക്കർ ഓഫ് ഇന്ത്യ’; പുരസ്കാരം മുംബൈയിൽ സമ്മാനിച്ചു; നേട്ടമായത് ഭിന്നശേഷിക്കാരെ സിവില്‍ സര്‍വീസിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ

ചങ്ങനാശ്ശേരി: ഇന്ത്യയെ മാറ്റാൻ കഴിവുള്ള 20 വ്യക്തിത്വങ്ങളെ തിരഞ്ഞെടുത്ത് അംഗീകരിക്കുന്ന ‘ചേഞ്ച്‌ മേക്കർ ഓഫ് ഇന്ത്യാ’ അവാർഡിന് തിരുവനന്തപുരത്തെ അബ്സൊല്യൂട്ട് ഐഎഎസ് അക്കാദമി ചെയർമാൻ ജോബിൻ എസ്.കൊട്ടാരം അർഹനായി. ബോളിവുഡ് നടൻ സുനിൽ ഷെട്ടിയും, സൂപ്പർ 30 ഫെയിം ആനന്ദ് കുമാറും ചേർന്നാണ് അവാര്‍ഡ് സമ്മാനിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ചടങ്ങിൽ സന്നിഹിതനായിരുന്നു.

സാമൂഹിക ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന എ.യു.സ്മാൾ ഫിനാൻസ് ബാങ്ക് ഫൌണ്ടേഷനും നെറ്റ്‌വർക്ക് 18 ചാനൽ ശൃംഖലയും ചേർന്നാണ് ഇന്ത്യയെ മാറ്റാൻ കഴിവുള്ള 20 പേരെ തിരഞ്ഞെടുത്തത്. മുംബൈ ട്രൈഡന്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ കമ്മിഷണർ ഇക്ബാൽ സിംഗ് ചഹൽ, ടാറ്റാ ട്രസ്റ്റ്‌സ് സിഇഒ സിദ്ധാർഥ് ശർമ, മുംബൈ പോലീസ് കമ്മിഷണർ വിവേക് ഫൻസൽക്കർ, നെറ്റ്‌വർക്ക് 18 സ്പെഷ്യൽ പ്രൊജക്ടസ് മാനേജിങ് ഡയറക്ടർ എ.യു.ആനന്ദ് നരസിംഹൻ, സ്മോൾ ഫിനാൻസ് ബാങ്ക് മാനേജിങ് ഡയറക്ടർ സഞ്ജയ്‌ അഗർവാൾ, മുൻ മിസ് ഇന്ത്യയും നടിയുമായ ഗുൽ പനങ് തുടങ്ങിയവർ പങ്കെടുത്തു.

ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിൽ നിന്നായി നൂറോളം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ‘പ്രൊജക്റ്റ്‌ ചിത്രശലഭം’ എന്ന പദ്ധതിയിലൂടെ സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകി അവരെ നേതൃരംഗത്ത് കൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങൾ മുൻനിർത്തിയാണ് ജോബിൻ എസ്.കൊട്ടാരം തിരഞ്ഞെടുക്കപ്പെട്ടത്. വീൽ ചെയറിൽ നിന്നും സിവിൽ സർവീസിലെത്തിയ ഷെറിൻ ഷഹാന അടക്കമുള്ളവർ ഈ പദ്ധതിയുടെ ഭാഗമായിരുന്നു. ചങ്ങനാശേരി ഇത്തിത്താനം സ്വദേശിയായ ജോബിൻ അമ്പതോളം മോട്ടിവേഷണൽ -അക്കാഡമിക് പുസ്‌തകങ്ങളുടെ രചയിതാവ് കൂടിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top