ഞെട്ടിച്ച് പിണറായി; രാഷ്ട്രീയ ലൈനിൽ മലക്കം മറിഞ്ഞു; ഹിന്ദു വോട്ടുബാങ്ക് തിരിച്ചുപിടിക്കണം, മുസ്ലിം വോട്ടിനായി ഇനി അടവുനയമില്ല; പിന്നിൽ രാഹുൽ ഫാക്ടർ?
രാഷ്ട്രീയ ലൈനിൽ ഞൊടിയിടയിൽ വൻമലക്കം മറിച്ചിൽ നടത്തി ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ തുടർച്ചയായ തിരിച്ചടികളിൽ നിന്ന് കരകയറാൻ സിപിഎം നീക്കം. പാർട്ടിയുടെ നഷ്ടമായ ഹിന്ദു വോട്ട് തിരികെപ്പിടിക്കുക എന്നതാണ് ഇതിൻ്റെ ആദ്യപടി. ഇതിനായി ന്യൂനപക്ഷ ലേബലിൽ നിന്ന്, പ്രത്യേകിച്ച് മുസ്ലിം പ്രീണനമെന്ന ആക്ഷേപത്തിൽ നിന്ന് വിട്ടുമാറി, 1987ലെ ഇഎംഎസിൻ്റെ രാഷ്ട്രീയ ലൈനിലേക്ക് തിരികെ പോകാനാണ് പാർട്ടി തയ്യാറെടുക്കുന്നത്. ഇംഗ്ലീഷ് ദേശാഭിമാനിയെന്ന് വിളിപ്പേരിട്ട് ചിലർ വിളിക്കുന്ന ‘ദി ഹിന്ദു’വിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖം ഈ രാഷ്ട്രീയ ലൈൻ മാറ്റത്തിൻ്റെ പരസ്യ പ്രഖ്യാപനമാണ്.
“മലപ്പുറത്ത് സ്വർണക്കടത്തും ഹവാല ഇടപാടും വഴി ലഭിക്കുന്ന പണം രാജ്യവിരുദ്ധ പ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നത്. 150 കിലോ സ്വർണവും ഹവാല പണവുമടക്കം 123 കോടി രൂപയുടെ ഇടപാടാണ് കഴിഞ്ഞ 5 വർഷത്തിനിടെ മലപ്പുറത്തു നിന്ന് പിടികൂടിയത്. മുസ്ലിം തീവ്രവാദ സംഘങ്ങൾക്കെതിരെ നടപടിയെടുക്കുമ്പോൾ സർക്കാരിനെ മുസ്ലിം വിരുദ്ധരായി ചിത്രീകരിക്കുന്നു. മലപ്പുറത്താണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടുന്നത്”- ദി ഹിന്ദു ഇന്നലെ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ പിണറായി പറയുന്നത് ഇങ്ങനെയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി സിപിഎം അംഗീകരിച്ച റിപ്പോർട്ടിൽ “ആർഎസ്എസും സംഘ് പരിവാറും ഉയർത്തുന്ന വർഗീയ ഭീഷണികളെ നേരിടുന്നതിനൊപ്പം ന്യൂനപക്ഷ വർഗീയതയെ തുറന്നു കാണിക്കുകയും അതിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കുകയും വേണം” എന്ന് വിലയിരുത്തുന്നതിൻ്റെ തുടർച്ചയാണ് പിണറായിയുടെ ഈ തുറന്നു പറച്ചിൽ.
കേരളത്തിലെ ന്യൂനപക്ഷ വോട്ട് ബാങ്കിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ലഭിച്ച അഭൂതപൂർവമായ സ്വീകാര്യത വരുന്ന തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആവർത്തിച്ചേക്കാമെന്ന അപകടം സിപിഎം മുൻകൂട്ടി കാണുന്നുണ്ട്. അതും കണക്കിലെടുത്താണ് പിവി അൻവർ പാർട്ടിക്കെതിരെ നടത്തുന്ന ഇപ്പോഴത്തെ കടന്നാക്രമണം അവസരമാക്കി സിപിഎം രാഷ്ട്രീയ ലൈൻ മാറ്റുന്നത്.
1987 മുതൽ 2004ലെ മലപ്പുറം സംസ്ഥാന സമ്മേളനം വരെ സ്വീകരിച്ച രാഷ്ട്രീയ ലൈൻ മാറ്റിവച്ചാണ്, കഴിഞ്ഞ 20 വർഷം മുസ്ലിം ന്യൂനപക്ഷത്തെ ആകർഷിക്കാൻ പ്രത്യേകമായ അജണ്ടയോടെ പാർട്ടി ഇടപെടലുകൾ നടത്തിയത്. അതിൻ്റെ ഫലമായി 2006, 2016, 2021 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് 90ന് മുകളിൽ സീറ്റുകൾ നിയമസഭയിൽ ഉറപ്പാക്കിയിരുന്നു. പരാജയപ്പെട്ട 2011ൽ വിജയത്തോളം പോന്ന 68 സീറ്റുകളും മുന്നണിക്ക് ഇതുവഴി ഉറപ്പായി. എന്നാൽ ഈ രണ്ടു പതിറ്റാണ്ടിനിടെ ഹിന്ദു വോട്ട് ബാങ്കുകളിലേക്ക് ബിജെപി കടന്നുകയറ്റം തുടങ്ങിയത് പാർട്ടിയുടെ രാഷ്ട്രീയ ലൈനിൻ്റെ പരാജയമായാണ് സിപിഎം ഇപ്പോൾ വിലയിരുത്തുന്നത്.
സിപിഎമ്മിൻ്റെ ഈ രാഷ്ട്രീയ ലൈൻ ആദ്യഘട്ടത്തിൽ കോൺഗ്രസിനെ ദുർബലപ്പെടുത്തി. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി പാർട്ടിയുടെ ഉറച്ച അടിസ്ഥാന ഹിന്ദു വോട്ട് ബാങ്കായ ഈഴവരിലേക്ക് ബിജെപി കടന്നു കയറിയത് തങ്ങളുടെ നിലനിൽപിനെയും ദീർഘകാലാടിസ്ഥാനത്തിൽ അപകടപ്പെടുത്തുമെന്ന് സിപിഎം തിരിച്ചറിയുന്നു. വെള്ളാപ്പള്ളിയുടെയും മകൻ്റെയും പാർട്ടിയായ ബിഡിജെഎസ് വഴി ബിജെപിക്ക് ഇതിന് കഴിഞ്ഞു എന്നത് ഞെട്ടലോടെയാണ് സിപിഎം തിരിച്ചറിഞ്ഞത്. ആലപ്പുഴ മുതൽ ആറ്റിങ്ങൽ വരെയുള്ള ഇടതു കോട്ടകളിൽ ബിജെപി ഇടിച്ചു കയറിയത് സിപിഎമ്മിന് കടുത്ത ആഘാതമായി. വെള്ളാപ്പള്ളിയും മകനും എടുത്ത അനുകൂല നിലപാട് ഇതിന് ബിജെപി യെ സഹായിച്ചുവെന്ന് വ്യക്തമായിട്ടും പതിവിന് വിപരീതമായി അവർക്കെതിരെ കടുത്ത വിമർശനത്തിന് ഇതുവരെ സിപിഎം തയാറായിട്ടില്ല. പാർട്ടിക്കുണ്ടായ ‘തിരിച്ചറിവിൻ്റെ’ ബാക്കിപത്രമാണ് ഇതെല്ലാം.
ഇനി മുസ്ലിം സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണങ്ങൾക്കോ സാമ്പാർ മുന്നണിയുണ്ടാക്കി മലപ്പുറത്ത് തദ്ദേശ സ്ഥാപനങ്ങൾ പിടിക്കാനോ സിപിഎം തയ്യാറാവില്ല. മുസ്ലിം ലീഗിനെതിരെ കടുത്ത വിമർശനങ്ങളും ഇതിൻ്റെ ഭാഗമായി സിപിഎമ്മിൽ നിന്ന് പ്രതീക്ഷിക്കാം. ‘മുസ്ലിം ലീഗ് വർഗീയ-തീവ്രവാദ പാർട്ടിയല്ല, സാമുദായിക രാഷ്ട്രീയ പ്രസ്ഥാനമാണ്’ – എന്ന രണ്ടു പതിറ്റാണ്ടിനിടെ മുന്നോട്ടുവച്ച വാദവും സിപിഎം പിൻവലിക്കും. പകരം ലീഗിന് തീവ്രവാദ ചാപ്പ ഉടൻ സിപിഎം കൽപിച്ചു നൽകും. പിവി അൻവർ ഉയർത്തിയ പ്രചാരണം മതമൗലിക വാദികളുടെ പ്രേരണയിലും പിന്തുണയിലുമാണെന്ന ആക്ഷേപം സിപിഎം ശക്തിപ്പെടുത്തും. അതുവഴി ഒരുപോലെ യുഡിഎഫിനെയും ബിജെപിയെയും ദുർബലമാക്കി തങ്ങളുടെ വോട്ട് ബാങ്ക് തിരികെപ്പിടിക്കാമെന്നാണ് സിപിഎമ്മിൻ്റെ വിലയിരുത്തൽ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here