മസ്ജിദിനുള്ളിൽ കയറി ജയ് ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ല: കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

മുസ്‌ലിം പള്ളിക്കുള്ളിൽ കയറി ജയ് ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് കർണാടക ഹൈക്കോടതി. ജയ് ശ്രീറാം വിളിക്കുന്നത് ഏതെങ്കിലും സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. മസ്ജിദിൽ അതിക്രമിച്ചു കയറി ജയ് ശ്രീറാം വിളിച്ചുവെന്ന കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതി പരാമർശം.
2023 സെപ്റ്റംബർ 24 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള കീർത്തൻ കുമാറും സച്ചിൻ കുമാറും രാത്രിയിൽ മസ്ജിദിൽ അതിക്രമിച്ചു കയറി ജയ് ശ്രീറാം വിളിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കുമെതിരെ പോലീസ് കേസ് എടുത്തു. മതവികാരം വ്രണപ്പെടുത്തൽ, അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഇതിനെതിരെയാണ് ഇരുവരും കോടതിയെ സമീപിച്ചത്.
പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മതസൗഹാർദം നിലനിൽക്കുന്നതാണ് എന്നാണ് പരാതിക്കാരൻ കോടതിയെ ബോധിപ്പിച്ചത്. അങ്ങനെയൊരു സാമൂഹ്യ സാഹചര്യം ഉണ്ടെങ്കിൽ ജയ് ശ്രീറാം വിളിക്കുന്നത് എങ്ങനെ മതവികാരം വ്രണപ്പെടുത്തുമെന്ന് കോടതി ചോദിച്ചു. മതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മതവികാരം വ്രണപ്പെടുത്തുന്ന വകുപ്പില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി. അതിനാൽതന്നെ കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് വിധിച്ച കോടതി ഇരുവർക്കുമെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here