ഹർഷിന കേസിൽ കുറ്റപത്രം; 2 ഡോക്ടർമാരും 2 നഴ്സുമാരും പ്രതികൾ; നഷ്ടപരിഹാരത്തിനായി ഉടൻ ഹൈക്കോടതിയെ സമീപിക്കും

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ടു ഡോക്ടർമാരും രണ്ടു നഴ്സുമാരെയും പ്രതിയാക്കിയാണ് കുറ്റപത്രം. 2017 നവംബര്‍ 30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന ഡോ. സികെ രമേശന്‍, ഡോ എം ഷഹ്ന, മെഡിക്കല്‍ കോളജിലെ സ്‌റ്റാഫ് നഴ്‌സുമാരായ എം.രഹ്ന, കെ.ജി. മഞ്ജു എന്നിവരാണ് കേസിലെ പ്രതികൾ. കോടതിയിൽ നിന്നും നീതി ലഭിക്കുമന്നാണ് പ്രതീക്ഷയെന്ന് ഹർഷിന മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

“പ്രതികളെ വിചാരണ ചെയ്യാനുള്ള അനുമതി നേരത്തേ ലഭിച്ചിരുന്നു. നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ പൂർണമായ നീതി ലഭിക്കൂ. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കും. നീതി ലഭിക്കുമെന്നാണ് എൻ്റെ പ്രതീക്ഷ”- ഹർഷിന പറഞ്ഞു.

40 രേഖകളും 60 സാക്ഷിമൊഴികളും ഉള്‍പ്പെടെ 750 പേജുള്ള കുറ്റപത്രമാണ് ഇന്ന് പോലീസ് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചത്. ഹര്‍ഷിനയുടെ പ്രസവസമയത്ത് നാലുപേരുമാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് എന്നതിന് തെളിവ് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. ആശുപത്രി സൂപ്രണ്ട് ഉൾപ്പടെയുള്ളവർക്ക് എതിരെയായിരുന്നു ഹർഷിന പരാതി നൽകിയിരുന്നത്. എന്നാൽ പോലീസ് അന്വേഷണത്തിൽ ഇവർ കുറ്റക്കാരല്ലെന്ന് കണ്ടെത്തി ഒഴിവാക്കുകയായിരുന്നു.

2017-ലെ ശസ്ത്രക്രിയക്ക് ശേഷം അഞ്ച് വർഷമാണ് ഹർഷിന വയറ്റിനുള്ളിൽ കത്രികയുമായി കഴിഞ്ഞത്. കഴിഞ്ഞ വർഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ച് തന്നെയായിരുന്നു ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തത്. അഞ്ച് വർഷം വേദന സഹിച്ച് ദുരിതപൂർണമായ ജീവിതം നയിച്ചതിന് കാരണക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയിരുന്നു. നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹർഷിന പല തവണ സമരത്തിനിറങ്ങിയെങ്കിലും സർക്കാർ മുഖം തിരിക്കുകയായിരുന്നു. ഒടുവിൽ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന് സർക്കാർ പറഞ്ഞിരുന്നുവെങ്കിലും ഹർഷിന വഴങ്ങിയില്ല. പിഴവിന് കാരണക്കാരായവരെ രക്ഷിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും ഹര്‍ഷിന ആരോപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top