അഗസ്റ്റിൻ സഹോദരങ്ങൾ ഉള്‍പ്പെടെ12 പ്രതികള്‍ ; മുട്ടില്‍ മരംമുറിക്കേസിൽ 84600 പേജുള്ള കുറ്റപത്രം

കല്‍പറ്റ: മുട്ടില്‍ മരംമുറിക്കേസിൽ സുൽത്താൻ ബത്തേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ 84600 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. റിപ്പോർട്ടർ ചാനൽ ഉടമകളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ ഉള്‍പ്പെടെ 12 പേരാണ് പ്രതികൾ. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ ആദ്യമായിട്ടാണ് മരങ്ങളുടെ ഡിഎൻഎ റിപ്പോർട്ട് കേസിൽ തെളിവായി സമർപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. 85 മുതൽ 574 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചുകടത്തിയതെന്ന് ഡിഎൻഎ പരിശോധനാ ഫലത്തിൽ തെളിഞ്ഞു.

രണ്ട് വർഷം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് കുറ്റപത്രം സമർപ്പിച്ചത്. വ്യാജരേഖ ചമയ്ക്കൽ, പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്കൊപ്പം സർക്കാരിലേക്ക് നിക്ഷിപ്തമായ മരങ്ങൾ മുറിച്ചതിന് ലാൻഡ് കൺസർവൻസി ആക്ടും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അന്നത്തെ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറും സ്പെഷ്യൽ ഓഫീസറും പ്രതിപ്പട്ടികയിലുണ്ട്.

2020 – 21 വർഷത്തിൽ വയനാട് മുട്ടിലിൽ നിന്നും 2020-ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ മറവിൽ പ്രതികൾ കോടികൾ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് കേസ്. 1964 ന് ശേഷം പട്ടയം ലഭിച്ച ഭൂമിയിൽ സ്വയം കിളിര്‍ത്തതോ കർഷകർ നട്ടുവളര്‍ത്തിയതോ ആയ മരങ്ങൾ മുറിക്കാമെന്നായിരുന്നു സർക്കാർ ഉത്തരവ്. ഭൂവുടമകളുടെ പേരിൽ പ്രതികൾ വില്ലേജ് ഓഫിസിൽ സമർപ്പിച്ച അപേക്ഷകൾ വ്യാജമായി നിർമിച്ചതാണെന്ന് തിരുവനന്തപുരത്ത് നടത്തിയ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അഗസ്റ്റിൻ, സഹോദരങ്ങൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണവും നടക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top