എന്തും ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുന്ന വന്യമനസുള്ളവര്‍; കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ കഥ; കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും ആദ്യമായി ഒന്നിക്കുന്ന ‘ചാവേര്‍’ നാളെ തിയറ്റുകളിലേക്ക്

ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘ചാവേർ’ നാളെ തീയറ്ററുകളിൽ എത്തും. സിനിമയുടെ റിലീസിന് മുന്നോടിയായി ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ‘കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ…’ എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകരുടെ ഉള്ളം കവർന്നിരിക്കുകയാണ്.
രക്തക്കറകളും, വേരുകളും, നിഗൂഢതയും എന്തും ചെയ്യാൻ പുറപ്പെട്ട് പോവുന്ന ഒരു കൂട്ടം ആളുകളെയും കൂട്ടി ഇണക്കിയതാണ് പാട്ടിലെ ദൃശ്യങ്ങൾ. തിയേറ്ററുകളെ ത്രസിപ്പിക്കാനുള്ളതെല്ലാമായാണ് ചിത്രമെത്തുന്നതെന്ന സൂചനയാണ് ഗാനം നൽകിയിരിക്കുന്നത്. ഹരീഷ് മോഹനൻ എഴുതിയിരിക്കുന്ന വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസാണ് സംഗീതം നൽകിയിരിക്കുന്നത്. ഗോവിന്ദ് വസന്ത, ബേബി ജീൻ, സന്തോഷ് വർമ്മ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനും, ആന്‍റണി വർഗ്ഗീസും, അർജുൻ അശോകനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. പാർട്ടിക്കുവേണ്ടി എന്തും ചെയ്യാൻ ഇറങ്ങി പുറപ്പെടുന്നവരുടെ ജീവിതം പറയുന്ന കഥയാണെന്നാണ് നേരത്തെ ട്രെയ്‌ലർ നൽകിയ സൂചന. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് കുഞ്ചാക്കോ ബോബനേയും അർജുൻ അശോകനേയും ആന്‍റണി വർഗ്ഗീസിനേയും ജോയ് മാത്യുവിനേയുമൊക്കെ അവതരിപ്പിച്ചിരിക്കുന്നത്. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി സംഗീതയും ചിത്രത്തിലുണ്ട്.
ജോയ് മാത്യുവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here