സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് പണം തട്ടാന്‍ ശ്രമം; ജിഗീഷിനെ കുടുക്കിയത് വീട്ടമ്മക്ക് തോന്നിയ സംശയം; പിടിയിലായത് 21 തട്ടിപ്പ് കേസുകളിലെ പ്രതി
ആലപ്പുഴ: പതിനൊന്ന് സ്റ്റേഷനുകളിലായി 21 തട്ടിപ്പ് കേസുകളിലെ പ്രതിയായ വിരുതന്‍ സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും പിടിയിലായി. കണ്ണൂര്‍ ചിറക്കല്‍ പഞ്ചായത്ത് കവിതാലയം വീട്ടില്‍ ജിഗീഷിനെയാണ് (ജിത്തു 39) പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
ബാങ്ക് ജപ്തിയുടെ പേരില്‍ തന്നില്‍ നിന്നും 45000 രൂപ തട്ടിക്കാന്‍ ശ്രമിച്ചെന്ന വെളിയനാട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇയാള്‍ നടത്തിയ തട്ടിപ്പുകളിലെല്ലാം പരാതിക്കാര്‍ക്ക് പണം നഷ്ടമായിട്ടുണ്ടെന്നും എന്നാല്‍ പരാതിക്കാരിക്ക് തോന്നിയ സംശയംകൊണ്ടാണ് പണം നഷ്ടമാകാതിരുന്നതെന്നും പുളിങ്കുന്ന് എസ്എച്ച്ഒ എ.എല്‍.യേശുദാസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
ബാങ്ക് ജപ്തി നേരിടുന്ന കുടുംബത്തിനെ സമീപിച്ച് സുപ്രീംകോടതി ജഡ്ജി ആണെന്നും 45000 രൂപ ബാങ്കിന് നല്‍കിയാല്‍ താന്‍ ജപ്തി ഒഴിവാക്കി തരാമെന്നാണ് ഇയാള്‍ ധരിപ്പിച്ചത്. പരാതിക്കാരിയുടെ മകള്‍ പുനര്‍വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയെയാണ് ജിഗീഷ് സ്വാധീനിക്കാന്‍ ശ്രമിച്ചത്. സുപ്രീംകോടതി ജഡ്ജി ആണെന്ന് പറഞ്ഞാണ് അടുപ്പമുണ്ടാക്കിയത്. കുടുംബത്തിന് വായ്പയുടെ പേരില്‍ ബാങ്ക് ജപ്തിയുണ്ടെന്ന് മനസിലാക്കിയപ്പോള്‍ അത് ഒഴിവാക്കി തരാന്‍ 45000 നല്‍കിയാല്‍ മതിയെന്നാണ് പറഞ്ഞത്.
പണം വാങ്ങാന്‍ ആഡംബര വാഹനത്തിലാണ് ഇയാള്‍ പരാതിക്കാരിയുടെ വീട്ടിലേക്ക് വന്നത്. വീടിന് സമീപം വണ്ടി നിര്‍ത്തിയെങ്കിലും ഡ്രൈവിംഗ് സീറ്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയില്ല. സുപ്രീംകോടതി ജഡ്ജി ഒറ്റയ്ക്ക് കാറോടിച്ച് വരുമോ എന്ന സംശയമാണ് വീട്ടമ്മയുടെ മനസില്‍ ഉയര്‍ന്നത്. ഇതോടെ ഇവര്‍ പണം നല്‍കാതിരിക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
പുളിങ്കുന്ന് എസ്എച്ച്ഒ എ.എല്‍.യേശുദാസ്, സബ് ഇന്‍സ്‌പെക്ടര്‍ എം.ജെ. തോമസ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ വിജിമോന്‍ ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രതീഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയായതിനാല്‍ പ്രതിക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here