ചേലക്കരയിലേത് തിളങ്ങുന്ന ജയം; കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി. ചേലക്കരയിലെ തിളങ്ങുന്ന വിജയം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഭരണവിരുദ്ധ വികാരം എന്ന പ്രചരണം ലവലേശം ജനങ്ങളെ സ്വാധീനിച്ചിട്ടില്ല. പാലക്കാട് വര്‍ഗീയതയ്ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
“കുപ്രചരണങ്ങളെയും കടന്നാക്രമങ്ങളെയും ജനം മുഖവിലയ്ക്കെടുത്തില്ല. സര്‍ക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതല്‍ ദൃഢമാക്കുന്നതാണ് ചേലക്കരയിലെ തെരഞ്ഞെടുപ്പ് ഫലം. സംഘടിതമായ കുപ്രചാരങ്ങളെയും കടന്നാക്രമണങ്ങളെയും മുഖവിലയ്ക്കെടുക്കാതെയാണ് ജനങ്ങൾ ചേലക്കരയില്‍ എല്‍ഡിഎഫിന് തിളങ്ങുന്ന വിജയം നൽകിയത്.”
“പാലക്കാട്ട് മുൻ തിരഞ്ഞെടുപ്പില്‍ എന്നതിനേക്കാള്‍ കൂടുതൽ വോട്ടർമാർ എൽഡി എഫിനൊപ്പം അണിനിരന്നു. വികസന-ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് വർധിച്ച ഊർജ്ജം നൽകുന്നതാണ് ഈ ജനവിധി. താൽക്കാലിക നേട്ടങ്ങൾ അല്ലാതെ ബിജെപിക്ക് കേരളത്തിൽ ശാശ്വതമായ ചലനം ഉണ്ടാക്കാൻ സാധിക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ തൃശൂര്‍ വിജയം ചൂണ്ടിക്കാട്ടി മുഴക്കിയ ബിജെപിയുടെ അവകാശവാദങ്ങൾ തിരഞ്ഞെടുപ്പില്‍ ജനങ്ങൾ തിരസ്കരിച്ചു.” – മുഖ്യമന്ത്രി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here