ചേലക്കര വീണ്ടും ചുവന്നു; കോണ്‍ഗ്രസിന് നഷ്ടമായി രാഷ്ട്രീയ വിജയം; കോട്ട കാത്ത എല്‍ഡിഎഫ് നേടിയത് തിളങ്ങുന്ന വിജയം
ഉപതിരഞ്ഞെടുപ്പില്‍ ചേലക്കര നിയമസഭാ മണ്ഡലത്തില്‍ ഇടതുമുന്നണി വിജയത്തിലേക്ക് കടക്കുകയാണ്. പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക് ആണ് ഇടത് സ്ഥാനാര്‍ത്ഥി യു.ആര്‍.പ്രദീപ് നീങ്ങുന്നത്. പാലക്കാട് ആണ് ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിലും ചേലക്കര കോണ്‍ഗ്രസ് നടത്തിയത് ജീവന്‍മരണ പോരാട്ടമായിരുന്നു. ആലത്തൂര്‍ മുന്‍ എംപിയായ രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് നിര്‍ത്തിയത് എതുവിധേനയും മണ്ഡലം തിരിച്ചുപിടിക്കാനായിരുന്നു.
വയനാട് -പാലക്കാട് മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ചേലക്കര പിടിച്ചാല്‍ അത് കോണ്‍ഗ്രസിന് അഭിമാനനേട്ടമാകുമായിരുന്നു.
ചുരുങ്ങിയത് 3000 വോട്ടിനെങ്കിലും വിജയിച്ച് സിപിഎം കോട്ട പിടിക്കാം എന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷ. കടുത്ത ഭരണവിരുദ്ധവികാരവും തുണയ്ക്കും എന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടി. ഈ കണക്കുകൂട്ടലാണ് ചേലക്കര പെട്ടി പൊട്ടിച്ചപ്പോള്‍ പാളിപ്പോയത്. പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കര നിലനിര്‍ത്താന്‍ മുന്‍ എംഎല്‍എ യു.ആര്‍.പ്രദീപിനെ നിര്‍ത്തിയ സിപിഎം തീരുമാനമാണ് വിജയിച്ചത്. . ലോക്സഭാ തിരഞ്ഞെടുപ്പ് പോലെ ഇടത് വിരുദ്ധതരംഗമില്ലെന്നു അവകാശപ്പെടാനും ചേലക്കരയിലെ വിജയം സിപിഎമ്മിനെ സഹായിച്ചു.
മുള്ളൂര്‍ക്കര, വരവൂര്‍, ദേശമംഗലം,കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂര്‍,ചേലക്കര, പാഞ്ഞാള്‍, വള്ളത്തോള്‍നഗര്‍, എന്നിങ്ങനെ ഒമ്പത് പഞ്ചായത്തുകളടങ്ങിയതാണ് ചേലക്കര നിയമസഭാ മണ്ഡലം. മിക്ക പഞ്ചായത്തിലും ലീഡ് നേടാന്‍ കഴിഞ്ഞത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായി.
1996മുതല്‍ സിപിഎം കൈവശം വയ്ക്കുന്ന സീറ്റാണ് ചേലക്കരയിലേത്. ഈ സീറ്റ് പിടിച്ചടക്കാനാണ് മുന്‍ ആലത്തൂര്‍ എംപിയായിരുന്ന രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് രംഗത്തിറക്കിയത്. സിപിഎമ്മിനോട് ഇടഞ്ഞു ഡിഎംകെ രൂപീകരിച്ച പി.വി.അന്‍വര്‍ നിര്‍ത്തിയ എന്‍.കെ.സുധീര്‍ കുറച്ച് സിപിഎം വോട്ടുകളും പിടിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടിയിരുന്നു. എന്നാല്‍ സീറ്റ് നഷ്ടം മുന്നില്‍ക്കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ചേലക്കരയില്‍ രംഗത്തിറങ്ങി. ഇത് ഫലിച്ചുവെന്നുവേണം തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ വ്യക്തമാകുന്നത്.
രമ്യയെ സ്ഥാനാര്‍ത്ഥിയാക്കിയത് കോണ്‍ഗ്രസിന് ഗുണം ചെയ്തില്ല. രാധാകൃഷ്ണനെ ലോക്സഭയിലേക്ക് അയച്ചതില്‍ പ്രതിഷേധിച്ച് കുറച്ചെങ്കിലും ഇടത് വോട്ടുകള്‍ യുഡിഎഫ് പക്ഷത്തേക്ക് മാറുമെന്നു കരുതിയെങ്കിലും ആ പ്രതീക്ഷയും സഫലമായില്ല. നാട്ടുകാരനായ കെ. ബാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും ആ ഗുണം ബിജെപിക്കും ലഭിച്ചില്ല. ബാലകൃഷ്ണന്‍ മൂന്നാം സ്ഥാനത്താണ് എത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here