കലാശക്കൊട്ടിനിറങ്ങവേ ചേലക്കരയില്‍ ആവേശം പാരമ്യത്തില്‍; എല്‍ഡിഎഫും യുഡിഎഫും വിജയ പ്രതീക്ഷയില്‍

ഇടത് മണ്ഡലമാണെങ്കിലും ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പില്‍ നടക്കുന്നത് ഏറ്റവും വാശിയേറിയ പോരാട്ടം. ഇന്ന് ചേലക്കര കൊട്ടിക്കലാശത്തിനു ഒരുങ്ങവേ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ വിജയ പ്രതീക്ഷയിലാണ്. എല്‍ഡിഎഫും യുഡിഎഫും ബിജെപിയും മാത്രമല്ല പി.വി.അന്‍വറിന്റെ ഡിഎംകെ സ്ഥാനാര്‍ത്ഥി കൂടി ചേലക്കര മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്നും എത്തിയ എൻ.കെ.സുധീറാണ് ഡിഎംകെ സ്ഥാനാര്‍ത്ഥി. ഇതുകൊണ്ട് തന്നെ പോരാട്ടം ശക്തമാണ്.

മുന്‍ എംഎല്‍എയായ യു.ആര്‍.പ്രദീപ് ആണ് ഇടതുസ്ഥാനാര്‍ത്ഥി. ആലത്തൂര്‍ എംപിയായിരുന്ന രമ്യ ഹരിദാസ് ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബാലകൃഷ്ണന്‍ തിരുവില്വാമലയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ചേലക്കര ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന തീരുമാനത്തിലാണ് പാര്‍ട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയ സ്ഥലം കൂടിയാണ് ചേലക്കര. ഇടത് പ്രചാരണം കൊഴുപ്പിക്കുന്നതില്‍ ഒരു വലിയ പങ്ക് വഹിച്ചത് മുഖ്യമന്ത്രിയാണ്.

കൊട്ടിക്കലാശത്തിനുള്ള എല്ലാ ഒരുക്കങ്ങളും പാര്‍ട്ടികള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷൻ കെ.സുധാകരനും, ഇടതുമുന്നണിയുടെ പരിപാടിയില്‍ പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിനും പങ്കെടുക്കും.

തൃശൂർ പൂരം കലക്കൽ, പാലക്കാട്ടെ ട്രോളി ബാഗ് വിവാദം, കൊടകര കുഴൽപണക്കേസ് തുടങ്ങിയ വിഷയങ്ങള്‍ മുതല്‍ കുടിവെള്ള പ്രശ്നം വരെ ചേലക്കരയില്‍ ചര്‍ച്ചയായി. നാളെ നിശബ്ദ പ്രചാരണമാണ്. ബുധനാഴ്ച ചേലക്കരയും വയനാടിനൊപ്പം ബൂത്തിലേക്ക് നീങ്ങും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top