മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നത് പ്രതിഷേധിക്കാൻ; ചെല്ല ചന്ദ്രജോസിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല; ഇന്നലെ മരിച്ചത് പനിമൂലം

തിരുവനന്തപുരം: ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫിസിൽ കയറി സീറ്റിലിരുന്ന് വാര്‍ത്ത സൃഷ്ടിച്ച ചെല്ല ചന്ദ്രജോസിന് (53) വെള്ളനാട് വിട ചൊല്ലി. പനി ബാധിച്ചിരുന്ന ജോസിനെ ഉറിയാക്കോടിലുള്ള കുടുംബവീട്ടിലാണ് മരിച്ച നിലയില്‍ കണ്ടത്. സഹോദരനും കുടുംബവും വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ജോസിന് ബോധമുണ്ടായിരുന്നില്ല. ഡോക്ടറെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.

മികച്ചഅത്‌ലീറ്റ് ആയിട്ടും ജോലി ലഭിക്കാത്തതിലുള്ള നിരാശ കാരണമാണ് ജോസ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറി സാഹസം കാട്ടിയതെന്ന് സഹോദരന്‍ ചെല്ല ചന്ദ്രസജു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “ബ്ലോക്ക്-ജില്ലാ തല അത്‌ലീറ്റ് മീറ്റുകളില്‍ വിജയിയായി സംസ്ഥാന തല മീറ്റുകളില്‍ പങ്കെടുത്ത താരമാണ് ജോസ്. സ്പോര്‍ട്സ് ക്വാട്ടയില്‍ ജോലി ലഭിക്കാത്ത വിഷമം അലട്ടിയിരുന്നു”-സജു പറഞ്ഞു.

വെള്ളനാട്ടുകാര്‍ അമ്പരപ്പോടെയാണ് ചെല്ല ചന്ദ്രജോസിനെ കണ്ടത്. ഇത്രയധികം വാര്‍ത്തയില്‍ നിറഞ്ഞ ഒരാള്‍ അവിടെ വേറെയില്ല. രണ്ട് തവണയാണ് ജോസ് മുഖ്യമന്ത്രി കസേരയില്‍ കയറിയിരുന്നത്. 2011 ഓഗസ്റ്റ് 3 ന് ഉച്ചയ്ക്കാണ് ജോസ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കസേരയിൽ കയറിയിരുന്ന് വാര്‍ത്ത സൃഷ്ടിച്ചത്. ഓഫിസ് ഫോണും ഉപയോഗിച്ചു. മന്ത്രിമാരായ കെ.ബാബുവും കെ.പി.മോഹനനുമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോസിനെ കണ്ടത്. കളരിയഭ്യാസിയായ കെ.പി.മോഹനനാണ് ജോസിനെ പിടിച്ച് വെച്ചത്. ‘ആരാ? എന്താ?’ എന്ന് ചോദിച്ച മുഖ്യമന്ത്രിയോട് ‘ഞാൻ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ഞാനിവിടെ ഉള്ളപ്പോൾ മുഖ്യമന്ത്രിയൊന്നും വരേണ്ട. എല്ലാം ഞാൻ നോക്കിക്കോളാം’എന്ന് പറയുന്നത് ലോകം ലൈവായി കണ്ടു.

അന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെബ്സൈറ്റ് വഴി തത്സമയം സംപ്രേഷണം നിലവിലുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി പ്രത്യേക നിര്‍ദ്ദേശം നല്‍കിയതിനാല്‍ ജോസിനെതിരെ പോലീസ് കേസെടുത്തില്ല. എന്നാല്‍ രണ്ടാംതവണ അതായിരുന്നില്ല സ്ഥിതി. 2014 ജനുവരി 17ന് കേരള പൊലീസ് മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച വനിതാ പൊലീസ് ശാക്തീകരണ സെമിനാർ വേദിയിലും മുഖ്യമന്ത്രിയാണെന്നു പറഞ്ഞ് ജോസ് എത്തി. അന്ന് പോലീസ് പിടികൂടിയപ്പോള്‍ മര്‍ദ്ദിച്ചിരുന്നുവെന്നാണ് നാട്ടുകാരോട് പറഞ്ഞത്. ഈ സംഭവത്തിന് ശേഷം ജോസിനെ വീട്ടുകാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പിന്നീട് വീട്ടില്‍ നിന്നും മുങ്ങിയപ്പോള്‍ മൂന്ന് ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ഇതോടെ വീട്ടില്‍ നിന്നും പുറത്ത് വിടാതിരിക്കാന്‍ വീട്ടുകാര്‍ ശ്രദ്ധിച്ചു.

ജോസും ധനുവച്ചപുരം സ്വദേശി ബാഹുലേയനും കൂടിപാറശാല മുതൽ കാസർകോട് വരെ ഓടി അർബുദ രോഗികൾക്ക് 8 ലക്ഷത്തോളം രൂപ സമാഹരിച്ചിട്ടുണ്ടെന്ന് വാര്‍ഡ്‌ കൌണ്‍സിലര്‍ ടി.റോബര്‍ട്ട് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ കയറിയതിന് ശേഷം കുറച്ച് നാള്‍ വീട്ടില്‍ തന്നെയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജോസ് നാട്ടുകാരോട് സംസാരിച്ചിട്ടില്ല. ആക്കുളത്തെ എയര്‍ഫോഴ്സ് ഓഫീസില്‍ താത്കാലിക ജോലിയുണ്ടായിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ എങ്ങനെയോ ആ സമയം നഷ്ടമായി. അത് ജോസിനെ ഉലച്ചിരുന്നുവെന്നും അതിനു ശേഷമാണ് ജോസിന് മാറ്റങ്ങള്‍ വന്നതെന്നും റോബര്‍ട്ട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top