‘ഇത്തരം സ്ത്രീകൾ ഉള്ളിടത്തോളം കാലം…’; യുവതിക്കെതിരെ കുറിപ്പ് എഴുതിവച്ച് ഡെലിവറി ബോയി ജീവനൊടുക്കി
പലചരക്ക് സാധനങ്ങളുടെ ഡെലിവറി എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന വിദ്യാർത്ഥി ഉപഭോക്താവായ സ്ത്രീയുടെ ശകാരത്തെ തുടർന്ന് ആത്മഹത്യ ചെയ്തു. ബി.കോം വിദ്യാർത്ഥിയായിരുന്ന ജെ പവിത്രനെയാണ് (19) ചെന്നൈ കൊളത്തൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണമായി ഉപഭോക്താവിൻ്റെ കടുത്ത പെരുമാറ്റത്തെ കുറ്റപ്പെടുത്തി ആത്മഹത്യാക്കുറിപ്പും എഴുതിവച്ചിരുന്നു.
വീടിൻ്റെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡെലിവറി സമയത്ത് ഉപയോക്താവിൻ്റെ കുറ്റപ്പെടുത്തൽ തന്നെ കടുത്ത വിഷാദത്തിലേക്ക് തള്ളിയിട്ടു. ഇത്തരം സ്ത്രീകൾ ഉള്ളിടത്തോളം ഇനിയും മരണങ്ങൾ സംഭവിക്കും എന്നാണ് പവിത്രൻ എഴുതിവച്ചിരുന്നത്. വിശദമായി കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
കൊരട്ടൂർ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വീടിൻ്റെ അഡ്രസ് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയതിനാല്‍ സാധനങ്ങൾ എത്തിക്കാൻ വൈകിയിരുന്നു. ഇതിനെത്തുടർന്ന് ഉപഭോക്താവും പവിത്രനും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഭാവിയിൽ തനിക്ക് സാധനങ്ങൾ എത്തിക്കാൻപവിത്രനെ നിയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് യുവതി ഡെലിവറി പ്ലാറ്റ്ഫോമിൽ പരാതി നൽകി. ഇതിനുശേഷം ഇരുവരും തമ്മിലുള്ള സംഘർഷം രൂക്ഷമായി.
സെപ്റ്റംബർ 11ന് നടന്ന തർക്കത്തിന് ശേഷം രണ്ടാം ദിവസം വിദ്യാർത്ഥി യുവതി താമസിച്ച വീടിൻ്റെ ജനൽ കല്ലെറിഞ്ഞ് പൊട്ടിച്ചിരുന്നു. ഇയാൾക്കെതിരെ കമ്പനി നടപടി എടുത്തതായിരുന്നു പ്രകോപനത്തിന് കാരണം. തുടർന്ന് യുവതി കൊരട്ടൂർ പോലീസിൽ പരാതി നൽകി. അടുത്ത ദിവസം മാതാപിതാക്കളുടെ സാന്നിധ്യത്തിൽ പവിത്രനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വിദ്യാർത്ഥിയെന്ന പരിഗണന നൽകി കേസ് എടുത്തിരുന്നില്ല. കർശനമായ താക്കീത് നൽകി പറഞ്ഞയച്ചതായും പോലീസ് പറഞ്ഞു. ഇന്നലെ നടന്ന ഈ സംഭവത്തിന് ശേഷം വീട്ടിലെത്തിയ പവിത്രൻ ജീവനൊടുക്കുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here