സതീശനും സുധാകരനും തമ്മിൽ ജഗട ജഗട; താനും ഉമ്മൻ ചാണ്ടിയും തമ്മിലെ പോര് പുറത്താരും അറിഞ്ഞിരുന്നില്ല, ഇപ്പോൾ അങ്ങനെയല്ലെന്ന് പരിഹാസവുമായി ചെന്നിത്തല

തിരുവനന്തപുരം: താനും ഉമ്മൻ ചാണ്ടിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും പാർട്ടിക്ക് പുറത്തുപോകാതെ സൂക്ഷിച്ചിരുന്നുവെന്ന് രമേശ് ചെന്നിത്തല. എന്നാൽ ഇപ്പോൾ അങ്ങനെ അല്ലെന്ന് ചെന്നിത്തല കേരള കൗമുദി പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിയോജിപ്പുകൾക്കിടയിലും ഉമ്മൻ ചാണ്ടിയും താനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പുറത്ത് പോകില്ലായിരുന്നു. “ഞങ്ങൾ കലഹമുണ്ടാക്കിയാൽ ലക്ഷക്കണക്കിന് വരുന്ന കോൺഗ്രസ് പ്രവർത്തകരെ അത് വേദനിപ്പിക്കും. അവർ രാവിലെ ചായക്കടയിലിരുന്ന് രാഷ്ട്രീയം പറയുമ്പോൾ അവരുടെ എതിരാളി പത്രം വായിച്ചിട്ട് പരിഹസിക്കുന്ന അവസ്ഥയാകും. അത് ഞാൻ ഉണ്ടാക്കിയിട്ടില്ല ഒരിക്കലും.” കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിൽ മുമ്പുണ്ടായ പോരിനെ കളിയാക്കും വിധത്തിലുള്ള ചെന്നിത്തലയുടെ കമൻ്റ് . ഇപ്പോൾ ഉള്ള ചിലർ ഉണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി ഇങ്ങനെ. “അത് നിങ്ങൾ വിലയിരുത്തിയാൽ മതി. ഞാനും ഉമ്മൻ ചാണ്ടിയും ആ സാഹചര്യം ഉണ്ടാക്കിയിട്ടില്ല.” തിരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യക്ഷനെന്ന നിലയിൽ നൽകിയ അഭിമുഖത്തിലാണ് പാർട്ടിയിലെ സ്വരചേർച്ചയില്ലായ്മ ചെന്നിത്തല എടുത്തിട്ടത്.

കഴിഞ്ഞ വർഷം നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോട്ടയം ഡിസിസി നടത്തിയ വാർത്താ സമ്മേളനത്തിൽ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കിക്കുന്നതിൻ്റെ വീഡിയോ പുറത്തു വന്നിരുന്നു. ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന വാർത്താ സമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള മത്സരമുണ്ടായത്. വാർത്താസമ്മേളനം ആരാദ്യം തുടങ്ങുമെന്നതായിരുന്നു തർക്ക വിഷയം. ഞാൻ തുടങ്ങുമെന്ന് സതീശൻ പറഞ്ഞപ്പോൾ, ഇല്ലില്ല ഞാൻ തുടങ്ങുമെന്ന് സുധാകരനും പറയുകയായിരുന്നു. ഈ സംഭവം പാർട്ടിക്ക് വലിയ അവമതിപ്പു ണ്ടാക്കിയിരുന്നു. പിന്നീടത് ഇരുവരും തമ്മിൽ ഒത്തു തീർപ്പാക്കിയിരുന്നു.

അതിന് ശേഷം പിന്നീടൊരിക്കൽ സമരാഗ്നി ജാഥയോട് അനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ വി.ഡി.സതീശൻ എത്താൻ വൈകിയതിനെതിരെ വേദിയിലിരുന്ന് സുധാകരൻ പറഞ്ഞ കമൻ്റും രാഷ്ട്രിയ എതിരാളികൾ ആയുധമാക്കിയിരുന്നു. അതൊക്കെ ഓർമ്മിപ്പിക്കും വിധത്തിലാണ് ചെന്നിത്തലയുടെ ഒളിയമ്പ്. 19 വർഷം മുമ്പ് താനിരുന്ന അതേ പോസ്റ്റിൽ വീണ്ടും വർക്കിംഗ് കമ്മറ്റിയിലേക്ക് സ്ഥിരം ക്ഷണിതാവായി നിയമിച്ചതിലെ അസ്വസ്ഥതയും ചെന്നിത്തല തുറന്ന് പറഞ്ഞിട്ടുണ്ട്. പദവി ഒന്നും കിട്ടിയില്ലെങ്കിലും കോൺഗ്രസുകാരനായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top