ജനസദസിന് കൂപ്പണോ രസീതോ ഇല്ലാത്ത പണപ്പിരിവ് സഖാക്കള്‍ക്ക് ധൂര്‍ത്തടിക്കാന്‍, കേരളിയം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളള പ്രചാരണം മാത്രം; രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള ജനസദസിന് കൂപ്പണോ രസീതോ ഇല്ലാതെ പണം പിരിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം സഖാക്കള്‍ക്ക് ധൂര്‍ത്തടിക്കാനെന്ന് രമേശ് ചെന്നിത്തല. നാട്ടില്‍ പാര്‍ട്ടിക്കാര്‍ക്ക് ബക്കറ്റ് പിരിവ് നടത്താനുള്ള സൗകര്യം ഒരുക്കലാണ് ചെയ്യുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇത് അഴിമതിക്കായുള്ള നീക്കമാണ്. പരിപാടിക്ക് സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് വന്‍കിടക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി സ്‌പോണ്‍സര്‍മാരാക്കുന്ന നടപടി ഭരണത്തിലിരിക്കുന്നവര്‍ക്ക് ചേര്‍ന്നതാണോയെന്ന് മുഖ്യമന്ത്രി ആലോചിക്കണം. സമ്പൂര്‍ണ്ണമായും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ പ്രചരണമാണ് ജനസദസും കേരളീയവുമെല്ലാം. ഇതുകൊണ്ട് ജനങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ല. ഇതിന്റെ പേരിലും അഴിമതിയും കൊള്ളയുമാണ് നടക്കാന്‍ പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

മുസ്ലീം ലീഗ് പരിപാടിയില്‍ പ്രസംഗിച്ചത് സംബന്ധിച്ച് വിശദീകരണം ശശിതരൂര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ എന്നത്തേയും നിലപാട് പൊരുതുന്ന പലസ്തീനോടൊപ്പമെന്നതാണ്. ഹമാസ് നടത്തുന്നത് ഭീകരവാദ പ്രവര്‍ത്തനമാണെന്ന് കോണ്‍ഗ്രസ് എവിടെയും പറഞ്ഞിട്ടില്ല. ലീഗ് നടത്തിയ പരിപാടി ഉജ്ജ്വല വിജയമായിരുന്നു. അതിലെ പ്രസംഗത്തിന്റെ പേരില്‍ തരൂരിനെ ആരും ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന വിവാദത്തില്‍ സുരേഷ് ഗോപി മാപ്പ് പറഞ്ഞതോടുകൂടി അത് അവസാനിപ്പിക്കാവുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പൊതു ഇടങ്ങളില്‍ ജാഗ്രത പാലിക്കണം. സുരേഷ് ഗോപി മുഴുവന്‍ സമയ രാഷ്ട്രീയക്കാരനല്ലാത്തതിനാല്‍ സംഭവിച്ചതാകാമെന്നും ചെന്നിത്തല പറഞ്ഞു.

Logo
X
Top