‘മുനമ്പത്ത് പ്രശ്നം സർക്കാർ മൗനം’; പ്രദേശവാസികൾക്ക് പരിരക്ഷ ഉറപ്പാക്കുന്നതിന് മുസ്ലിം സംഘടനകളുടെ പൂർണ പിന്തുണയെന്ന് കുഞ്ഞാലിക്കുട്ടി
മുനമ്പം ഭൂമിപ്രശ്നത്തിൽ അനാവശ്യ പ്രചരണങ്ങൾ നടക്കുന്നതായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. പ്രശ്നം എത്രയും വേഗം പരിഹരിച്ച് പ്രദേശവാസികള്‍ക്ക് നിയമ പരിരക്ഷണ നൽകണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭൂമി പ്രശ്‌നം പരിഹരിക്കാൻ സംസ്ഥാന സര്‍ക്കാർ മുൻകൈ എടുക്കണം. സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനോട് ലീഗ് സഹകരിക്കും. പ്രശ്ന പരിഹാരത്തിനായി മുസ്ലിം സംഘടനകള്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
വിഷയത്തിൽ സർക്കാർ മൗനം പാലിക്കുന്നതാണ് പ്രശ്നം. ഏതെങ്കിലും സംഘടനകളല്ല ഭൂമിപ്രശ്നത്തിന് പിന്നിൽ. യുഡിഎഫ് സർക്കാരിൻ്റെയോ ഈ സർക്കാരിൻ്റെ കാലത്തോ അല്ല പ്രശ്നം ഉരുത്തിരിഞ്ഞത്. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്താണ് പ്രശ്നത്തിന്‍റെ തുടക്കം. വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിന്‍രെ പാരമ്പര്യം കളയാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുന്നുണ്ട്. അത് സംസ്ഥാനത്തിന് ഗുണകരമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിഷയത്തിൽ പ്രശ്നപരിഹാരത്തിന് മുസ്ലിം സംഘടനകൾ ഒന്നും എതിരല്ല. ഇന്നലെ മുസ്ലിം സംഘടനകളുടെ യോഗത്തിലുണ്ടായ വികാരവും അതാണ്. ഇന്നലെ യോഗ ശേഷം ബിഷപ്പുമാരെയും സഭാ നേതാക്കളുമായി വിഷയം ചർച്ച ചെയ്തു. ഹൈബി ഈഡന്‍ എംപി അടക്കമുള്ള ജനപ്രതിനിധികളുമായും ചർച്ചകൾ നടത്തിയിട്ടുണ്ട്. കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രശ്‌നം പരിഹരിക്കണമെന്നാണ് എല്ലാവരോടും ആവശ്യപ്പെട്ടതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം മുനമ്പം വിഷയത്താൽ ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെ കോഴിക്കോട് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചിരുന്നു. സാമുദായിക സ്പര്‍ധയുണ്ടാകുന്ന അവസ്ഥയിലേക്ക് മുനമ്പം ഭൂമി പ്രശ്‌നം പോകരുതെന്നും വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കോടതി നടപടികള്‍ നീണ്ടുപോകുന്ന സാഹചര്യമാണുള്ളതെന്നും കോടതിക്ക് പുറത്ത് വിഷയം ഒത്തുതീര്‍പ്പിലെത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങണമെന്നും യോഗം ഐക്യകണ്‌ഠേന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നേരിട്ടോ കമ്മിഷന്‍ വഴിയോ ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കണം. സമവായത്തിലെത്താനുള്ള പരിശ്രമങ്ങള്‍ക്കും തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിക്കുന്ന തീരുമാനങ്ങള്‍ക്കും മുസ്ലിം സംഘടനകള്‍ പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തിരുന്നു.
എറണാകുളം ജില്ലയിൽ വൈപ്പിൻ കരയുടെ വടക്ക് കടലിനോട് ചേർന്ന് മുനമ്പം, ചെറായി, പള്ളിക്കൽ ദ്വീപ് മേഖലയിലുള്ള പ്രദേശത്തിന് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതാണ് വിവാദങ്ങളുടെ തുടക്കം. 1989 മുതൽ രജിസ്റ്റർ ചെയ്യപ്പെട്ട 1,000ത്തോളം ആധാരങ്ങളെയും വിവിധ മതസ്ഥരുൾപ്പെട്ട 600ൽപ്പരം കുടുംബങ്ങളെ ബാധിക്കുന്നതാണ് മുനമ്പം ഭൂമിപ്രശ്നം. വഖഫ് ബോർഡ് അവകാശം ഉന്നയിച്ചതോടെ വില കൊടുത്തു വാങ്ങിയ സ്വന്തം ഭൂമിയിൽ നിന്നും വെറുംകൈയോടെ ഇറങ്ങേണ്ടി വരുന്ന ഗതികേടിലാണ് പ്രദേശവാസികൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here