കൊന്നത് 77 പേരെ; പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടത് മൂന്ന് തവണ; ഒടുവില്‍ മാവോയിസ്റ്റ് നേതാവ് മഹേഷ് കോർസ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് മഹേഷ് കോർസ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 3 മാവോയിസ്റ്റുകളിൽ ഒരാള്‍ മഹേഷ്‌ കോര്‍സയാണ് എന്ന് പോലീസ് പറയുന്നു. സുക്മയിലെ പോലീസിനെ സംബന്ധിച്ചിടത്തോളം മാവോയിസ്റ്റ് അക്രമങ്ങളുടെ പര്യായമാണ് മഹേഷ്‌ കോര്‍സ.

കോര്‍സ ഉണ്ടെന്നറിഞ്ഞാണ് ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്), എലൈറ്റ് കമാൻഡോ ബറ്റാലിയൻ എന്നിവയുടെ സംയുക്ത സംഘം ഓപ്പറേഷനായി പുറപ്പെട്ടത്. പാലിഗുഡയ്ക്കും ഗുന്ദ്രരാജ് ഗുഡെമിനുമിടയിൽ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് കോര്‍സ കൊല്ലപ്പെട്ടത്.

പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയിലെ (പിഎൽജിഎ) ഡെപ്യൂട്ടി പ്ലാറ്റൂൺ കമാൻഡറായിരുന്നു കോർസ. ഐഇഡി ഉപയോഗിച്ചുള്ള മാവോയിസ്റ്റ് സ്ഫോടനങ്ങളില്‍ വിദഗ്‌ധനായിരുന്നു കോര്‍സ. സുരക്ഷാസേനയെ ലക്ഷ്യമിട്ട് കോര്‍സ കഴിഞ്ഞ വർഷം ഡിസംബർ 28 ന് പോളമ്പള്ളിയിൽ 40 കിലോഗ്രാം ഭാരമുള്ള ഐഇഡിയാണ് സ്ഥാപിച്ചത്. പക്ഷെ സുരക്ഷാസേന ഇത് മനസിലാക്കി ബോംബ്‌ നിര്‍വീര്യമാക്കി. വന്‍ ദുരന്തമാണ് അന്ന് ഒഴിഞ്ഞുപോയത്.

കുറഞ്ഞത് മൂന്ന് തവണയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ മാവോയിസ്റ്റുകളെ വളഞ്ഞിരുന്നു. അപ്പോഴൊക്കെ അതിവിദഗ്‌ധമായി രക്ഷപ്പെട്ടു. ഒടുവില്‍ കോര്‍സയും സുരക്ഷാസേനയുടെ തോക്കിന് ഇരയായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top