വിമാനങ്ങൾക്ക് ‘ബോംബുവച്ച’ 17കാരന് ജയിലിൽ ലൈംഗിക പീഡനം; പോലീസ് കേസെടുത്തു; പ്രതി 16കാരൻ
വിമാനങ്ങൾക്ക് ബോംബ് ഭീഷണി അയച്ച സംഭവത്തിൽ അറസ്റ്റിലായ 17 കാരനെ സഹതടവുകാരൻ ലൈംഗികമായി പീഡിപ്പിച്ചു. മൂന്നു അന്താരാഷ്ട്ര വിമാനങ്ങൾക്ക് ബോംബ് ഭീഷണി അയച്ച സംഭവത്തിലാണ് ഛത്തീസ്ഗഡ് സ്വദേശിയായ 17 കാരനെ പോലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തത്. കുട്ടിയെ മുംബൈയിലെ ജുവനൈൽ ഹോമിലാണ് പാർപ്പിച്ചിരുന്നത്. അവിടെവച്ചാണ് പ്രായപൂർത്തിയാകാത്ത മറ്റൊരു തടവുകാരൻ കുട്ടിയെ പീഡിപ്പിച്ചത്.
കുളിമുറിയിൽ പോയപ്പോഴാണ് പതിനാറുകാരൻ കുട്ടിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവം അറിഞ്ഞ ഉടൻ ജുവൈനൽ ഹോമിലെ അധികൃതർ ഡോംഗ്രി പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ഡോംഗ്രി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി മുംബൈ പോലീസ് അറിയിച്ചു. പോക്‌സോ നിയമത്തിലെ 4, 8, 12 വകുപ്പുകൾ പ്രകാരമാണ് പതിനാറുകാരന് എതിരെ കേസ് എടുത്തിരിക്കുന്നത്. സുരക്ഷാ വീഴ്ചയെ കുറിച്ച് കണ്ടെത്താൻ കുട്ടികളുടെ ജുവനൈൽ ഹോമിലെ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുഹൃത്തുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്നാണ് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി വിമാനങ്ങൾക്ക് ബോംബ് ഭീഷണി അയച്ചത്. സുഹൃത്തിനോട് പകരം വീട്ടാൻ അയാളുടെ പേരിൽ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളുണ്ടാക്കി ഭീഷണി സന്ദേശം അയയ്ക്കുകയായിരുന്നു. ഭീഷണി ലഭിച്ചതിനെ തുടർന്ന് രണ്ട് വിമാനങ്ങൾ വൈകുകയും ഒരു വിമാനത്തിന്റെ യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here