സ്ഫോടന സ്ഥലത്ത് മുഖ്യമന്ത്രി; പരുക്കേറ്റവരെയും സന്ദർശിച്ചു; അപകടകരമായ പ്രചരണങ്ങളും അനാവശ്യ വിവാദങ്ങളും ഒഴിവാക്കാൻ അഭ്യർത്ഥന

കൊച്ചി: കളമശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അപകടകരമായ പ്രചരണങ്ങളും അനാവശ്യമായ വിവാദങ്ങളും ഒഴിവാക്കി സംയമനത്തോടെ ഈ സാഹചര്യത്തെ നേരിടാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യഹോവ സാക്ഷി സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ പരുക്കേറ്റവരെ കാണാൻ കളമശേരിയിലെത്തിയ ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സെന്റ് പോൾസ് കോളേജിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ മുഖ്യമന്ത്രി സ്ഫോടനം നടന്ന സാമ്ര കൺവൻഷൻ സെന്റർ സന്ദർശിച്ചു. പിന്നാലെ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. രോ​ഗികളെയും അവരുടെ ബന്ധുക്കളെയും കണ്ട് ആശ്വാസിപ്പിച്ചു.

“ഇന്നലെ സ്ഫോടനം നടന്ന കളമശേരി  സമ്ര കൺവെൻഷൻ സെന്റർ സന്ദർശിച്ചു സ്ഥിതിഗതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിലയിരുത്തി. മരിച്ച കുമാരിയുടെയും ലിയോണ പൗലോസിന്റെയും ബന്ധുക്കളെ നേരിൽ കണ്ടു സംസാരിക്കുകയും അവരുടെ ദു:ഖത്തിൽ പങ്കു ചേരുകയും ചെയ്തു. തുടർന്നു മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുകയും അവർക്കാവശ്യമായ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അന്വേഷണം കുറ്റമറ്റ രീതിയിൽ മുന്നോട്ടു നീങ്ങുകയാണ്. അപകടകരമായ പ്രചരണങ്ങളും അനാവശ്യമായ വിവാദങ്ങളും ഒഴിവാക്കി സംയമനത്തോടെ ഈ സാഹചര്യത്തെ നേരിടാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു”- മുഖ്യമന്ത്രി ഫേസ് ബുക്കിൽ കുറിച്ചു.

മെഡിക്കൽ കോളേജിൽ നാല് പേർ ഐസിയുവിൽ കഴിയുന്നുണ്ട്. മെഡിക്കൽ കോളേജിൽ ചികിത്സയിലുളളവരെ സന്ദർശിച്ചതിന് പിന്നാലെ കാക്കനാട് സൺറൈസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദർശിച്ചു. അഞ്ചു പേരാണ് സൺറൈസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

പാലാരിവട്ടത്തുളള മെഡിക്കൽ സെന്ററിലും മുഖ്യമന്ത്രി സന്ദർശിച്ചു. നാല് പേരാണ് മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുന്നത്. ആസ്റ്റർ മെഡ്‍സിറ്റിയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ എന്നിവരും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top