നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കും; മേഖലാ യോഗങ്ങള്‍ പ്രശ്ന പരിഹാരം വേഗത്തിലാക്കാന്‍; നവകേരള സദസ് ബഹിഷ്ക്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം നിര്‍ഭാഗ്യകരം

തിരുവനന്തപുരം: സര്‍ക്കാര്‍ നേട്ടങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് നാല് മേഖലാ യോഗങ്ങള്‍ നടത്തുന്നത്. വരുന്ന മാസം മൂന്നിന് എറണാകുളത്തും അഞ്ചിന് കോഴിക്കോടും മേഖലാ യോഗം നടക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തിന് കുറവുണ്ടെങ്കില്‍ പരിഹരിക്കും. പദ്ധതികളുടെ അവലോകനമാണ് മുഖ്യ അജണ്ട. എല്ലാം മേഖലാ അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഓരോ പദ്ധതിയും സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ആലോചന നടക്കുന്നു. അതിനുള്ള ഇടപെടലാണ് നടക്കുന്നത്. പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കാനുണ്ടെങ്കില്‍ അവ നല്‍കും. പ്രശ്ന പരിഹാരം വേഗത്തിലാക്കാനാണ് മേഖലാ യോഗങ്ങള്‍ നടത്തുന്നത്.

പതിനാല് ജില്ലയിലെ പ്രശ്നങ്ങളും മേഖലാ യോഗങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടും. ഇത് ജൂലൈ മധ്യത്തില്‍ തുടങ്ങിയ പദ്ധതിയാണ്. കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ മേഖലാ യോഗങ്ങള്‍ വഴി കഴിഞ്ഞിട്ടുണ്ട്. ഭാവിയിലും സമാന കാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ ഇത് സഹായകമാകും. ഉറവിട മാലിന്യ പദ്ധതി തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ പ്രശംസനീയമായ രീതിയില്‍ നടപ്പിലാക്കി. സംസ്ഥാനത്തെ അതിദാരിദ്യമുക്തമാക്കും. അടുത്ത വര്‍ഷമാകുമ്പോള്‍ ഇവരുടെ അതിദാരിദ്ര്യം പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ് ബഹിഷ്ക്കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു. അതൊരു സങ്കുചിത തീരുമാനമാണ്. ബഹിഷ്ക്കരണ തീരുമാനം നിര്‍ഭാഗ്യകരമാണ്. അതെന്തിനാണ് ബഹിഷ്ക്കരിച്ചത്. പ്രതിപക്ഷ എംഎല്‍എമാരുള്ള സ്ഥലത്ത് അവരാണ് അതിനു ചുക്കാന്‍ പിടിക്കേണ്ടത്. ബഹിഷ്ക്കരിക്കരുതെന്ന് അവരെ ഉപദേശിച്ചാല്‍ നന്നാകും. എന്തിനെയും ദൂര്‍ത്തെന്നു വിചാരിച്ച് തള്ളരുത്.

മണിപ്പൂരില്‍ നിന്നുള്ള 46 വിദ്യാര്‍ഥികള്‍ക്ക് കണ്ണൂര്‍ സര്‍വകലാശാല പ്രവേശനം നല്‍കിയിട്ടുണ്ട്. മണിപ്പൂരില്‍ നിന്നുള്ള കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യം നല്‍കും-മുഖ്യമന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top