സിപിഎമ്മില്‍ പിണറായിക്ക് എതിര്‍വാ ഇല്ല; ചോദ്യം ചെയ്യാനാവാത്ത ശക്തികേന്ദ്രം തന്നെ!! ഇനിയും തെളിവ് വേണോ

പിണറായി വിചാരിച്ചതേ നടക്കു, പിണറായിയാണ് പാർട്ടി എന്ന് ഒരിക്കൽ കൂടി തെളിയിച്ചു ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിലൊന്നും പാർട്ടി അന്വേഷണമില്ല എന്ന സെക്രട്ടേറിയറ്റ് തീരുമാനം തെളിയിക്കുന്നത് പാർട്ടിയിലും സർക്കാരിലുമുള്ള പിണറായിയുടെ അപ്രമാദിത്വമാണ്.

അതേ, അദ്ദേഹം ചോദ്യം ചെയ്യപ്പെടാനാവാത്ത ഏക ഛത്രാധിപതി എന്നർത്ഥം. ശശി ഉത്തരവാദിത്തത്തോടെ തൻ്റെ ജോലികൾ നിർവഹിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ നിലപാടിന് പാർട്ടി സെക്രട്ടേറിയറ്റ് തുല്യംചാർത്തി. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ സ്ഥാനത്ത് നിന്ന് മാറ്റേണ്ട എന്ന പിണറായിയുടെ നിലപാടിനും പാർട്ടി അംഗീകാരം നൽകി. അദ്ദേഹത്തിൻ്റെ ഇഷ്ടാനിഷ്ടങ്ങളെ പാർട്ടിയും അണികളും ശിരസാവഹിക്കുന്ന സമ്പ്രദായമാണ് ഏതാണ്ട് കഴിഞ്ഞ 10-12 വർഷമായി നടന്നുവരുന്നത്.

ആഭ്യന്തരവകുപ്പ് വിശ്വസിച്ച് ഏൽപ്പിച്ച ശശി പരാജയപ്പെട്ടു. മുഖ്യമന്ത്രി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ അദ്ദേഹം നിർവഹിച്ചില്ല. ഉന്നത പോലിസ് ഉദ്യോഗസ്ഥരായ അജിത് കുമാറും സുജിത്ത് ദാസുമൊക്കെ ചെയ്യുന്ന നിയമവിരുദ്ധ പ്രവർത്തികളുടെ പാപഭാരം മുഖ്യമന്ത്രിയുടെ മേൽ വീഴും എന്നൊക്കെയായിരുന്നു അൻവറിൻ്റെ മുന്നറിയിപ്പുകൾ. പി ശശിയേയും അജിത് കുമാറിനേയും ചാരി അൻവർ അടിക്കുന്ന അടികൾ യഥാർത്ഥത്തിൽ ചെന്നുതറച്ചത് പിണറായിക്കു മേലായിരുന്നു. അപകടം മണത്ത പിണറായി തുടക്കത്തിൽത്തന്നെ അൻവറിൻ്റെ നീക്കങ്ങളെ തള്ളിപ്പറയുകയും ശശിയെ സംരക്ഷിച്ചു നിർത്തുകയും ചെയ്തു. അതോടെ കാറ്റഴിച്ചുവിട്ട ബലൂണിൻ്റെ അവസ്ഥയിലായി അൻവർ.

നിലമ്പൂർ എംഎൽഎയ്ക്കു പിന്നിൽ പാർട്ടിക്കുള്ളിലെ ആരൊക്കെയോ ചിലർ ഉണ്ടെന്ന മുഖ്യമന്ത്രിയുടെ നിഗമനങ്ങളാണ് ശശിക്കെതിരെ അന്വേഷണമില്ലെന്ന് പ്രഖ്യാപിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. അൻവറിന്‍റെ നിലപാടുകൾ ശത്രുക്കൾക്ക് പാർട്ടിയേയും സർക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അൻവർ പിന്തിരിയണമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ കഴിഞ്ഞ ആഴ്ചത്തെ വാർത്താക്കുറിപ്പ് തന്നെ അൻവറിനുള്ള മുന്നറിയിപ്പായിരുന്നു.

കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒപ്പമുള്ള എംഎൽഎ എന്ന നിലയിൽ അൻവർ ചെയ്യേണ്ടിയിരുന്നത് പ്രശ്നം പാർട്ടിയുടെയും തന്റെയും ശ്രദ്ധയിൽപ്പെടുത്തുക എന്നതായിരുന്നു. അതിനുശേഷം മതിയായിരുന്നു പരസ്യ വിശദീകരണമെന്നും ആണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അൻവറുമായി ഇനി സന്ധിയില്ല എന്ന സന്ദേശമാണ് ഇന്നത്തെ പാർട്ടി സെക്രട്ടേറിയറ്റിലൂടെ പിണറായി പുറത്തറിയിച്ചത്. പിണറായിക്കെതിരെ യാതൊരു തരത്തിലുള്ള എതിർശബ്ദങ്ങൾ സംസ്ഥാന ഘടകത്തിലോ കേന്ദ്ര കമ്മറ്റിയിലോ ഉണ്ടാവില്ല. അത്രമേൽ ശക്തനായ പിണറായിയെ വെല്ലുവിളിക്കാനോ ചോദ്യം ചെയ്യാനോ ഉള്ള ത്രാണിയോ, ജനപിന്തുണയോ ഉള്ള നേതാക്കൾ ഇന്നീ പാർട്ടിയിൽ ഇല്ല. പിണറായി വിജയൻ വിചാരിക്കുന്നതേ ഈ പാർട്ടിയിൽ നടക്കുവെന്ന് ഒരിക്കൽ കൂടി സ്ഥാപിക്കുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു എന്നുറപ്പിച്ച് പറയാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top