ആരോപണ ശരശയ്യയില്‍ പിണറായി വിജയൻ; അന്‍വറിന്‍റെ അമ്പേറ്റ് ദുര്‍ബലനായി; ഇടത് സർക്കാരിനും മുഖ്യമന്ത്രിക്കും ഇതാദ്യ അനുഭവം
കേരള സംസ്ഥാനം രൂപീകൃതമായ ശേഷം അധികാരമേറ്റ മുഖ്യമന്ത്രിമാരാരും നേരിടാത്ത ആഭ്യന്തര പ്രതിസന്ധിയാണ് പിണറായി വിജയന്‍ നേരിടുന്നത്. ആറ് പതിറ്റാണ്ടിലധികം നീളുന്ന രാഷ്ടീയ – ഭരണ പാരമ്പര്യമുള്ള അദ്ദേഹത്തെ സമീപകാലത്തൊന്നും ഇത്ര ദുര്‍ബലനായി കണ്ടിട്ടില്ല. സിപിഎമ്മിലെ സ്വതന്ത്ര അംഗമായ പിവി അന്‍വര്‍ കഴിഞ്ഞ 12 ദിവസമായി മുഖ്യമന്ത്രിയുടെ ഓഫീസിനും പോലീസിനുമെതിരെ കാര്‍പ്പറ്റ് ബോംബിംഗ് നടത്തിയിട്ടും മഹാ മൗനത്തില്‍ പകച്ച് നില്‍ക്കുകയാണ് അദ്ദേഹം. ആര്‍എസ്എസിനായി പോലീസിനുള്ളില്‍ വലിയൊരു സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ സിപിഎം നേതാക്കളെ അടക്കം കേസുകളില്‍ പ്രതിയാക്കുന്നു എന്നുമുള്ള ആരോപണം വന്നിട്ടും ഒന്നും ചെയ്യാന്‍ കഴിയാതെ നിര്‍വികാരനായി നില്‍ക്കുകയാണ് അണികളുടെ ‘ഇരട്ടച്ചങ്കന്‍’.
1991 -95 കാലത്ത് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ ചാരക്കേസിൽ ആരോപണവിധേയനായ ഐജി രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കുന്നു എന്നതിന്റെ പേരില്‍ ഒരുപാട് ആക്ഷേപം കേട്ടിരുന്നു. അക്കാലത്ത് ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് കൊടുമ്പിരി കൊണ്ടിരിക്കെയാണ് ചാരക്കേസ് പൊങ്ങി വന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ശ്രീവാസ്തവയെ കൂട്ടികെട്ടാന്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും പല ശ്രമങ്ങളും നടന്നു. ഒരുപാട് ആക്ഷേപങ്ങളും സമ്മര്‍ദ്ദങ്ങളും വന്നിട്ടും കരുണാകരന്‍ തന്റെ വിശ്വസ്തനായ പോലീസ് ഉദ്യോഗസ്ഥനെ കൈവിട്ടില്ല. ഒടുക്കം കരുണാകരന് സ്ഥാനം തന്നെ നഷ്ടമായി.
കരുണാകരന്‍ നേരിട്ടത് പോലെ അല്ലെങ്കിലും ഇടത് രാഷ്ട്രീയത്തെ സംബന്ധിച്ച് ഏറെ ഗൗരവമേറിയ ആരോപണങ്ങളാണ് പിണറായിക്ക് കേള്‍ക്കേണ്ടി വരുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായ എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസാബലെ, രാം മാധവ് എന്നിവരെ സന്ദര്‍ശിച്ചുവെന്ന അന്‍വറിന്റേയും പ്രതിപക്ഷ നേതാവിന്റേയും ആരോപണ ശരങ്ങള്‍ ചെന്നു തറച്ചിരിക്കുന്നത് പിണറായിയുടെ നെഞ്ചിലും കസേരയിലുമാണ്. എഡിജിപിയുടെ ഈ സന്ദര്‍ശനം പൊതുജനത്തിന് പുതിയ അറിവാണെങ്കില്‍ മുഖ്യമന്ത്രിക്ക് അങ്ങനെയല്ല. ഇന്റലിജന്‍സ് വിഭാഗം ഇത് സംബന്ധിച്ച് അടുത്ത് ദിവസം തന്നെ നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നിലെത്തിയിരുന്നു. അന്നും നടപടിയെടുക്കാതെ ഈ റിപ്പോര്‍ട്ട് പൂഴ്ത്തിയ മുഖ്യമന്ത്രി ആ സംരക്ഷണം തന്നെയാണ് ഇപ്പോഴും നൽകുന്നത്.
അന്വേഷണം നടക്കട്ടെ എന്ന സാങ്കേതികത്വം പറഞ്ഞാണ് മുഖ്യമന്ത്രി ഇപ്പോള്‍ തന്റെ വിശ്വസ്തനെ സംരക്ഷിച്ച് നിര്‍ത്തിയിരിക്കുന്നത്. മുന്നണി യോഗത്തില്‍ സിപിഐ, ആര്‍ജെഡി, എന്‍സിപി തുടങ്ങിയ പാര്‍ട്ടികള്‍ അജിത്കുമാറിനെ ഉടന്‍ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. എന്നാല്‍ ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി തീര്‍ത്തുപറഞ്ഞു എന്നാണ് വിവരം. മുന്നണി ബന്ധത്തെ പോലും ബാധിക്കുന്ന ഈ കടുംപിടുത്തം മുഖ്യമന്ത്രി ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ എന്തിന് സ്വീകരിക്കുന്നു എന്ന ചോദ്യത്തിനും മൗനമാണ് മറുപടി.
സിപിഎം കൊട്ടിഘോഷിക്കുന്ന വര്‍ഗീയ വിരുദ്ധ മതേതരത്വ നിലപാടിനെ അപ്പാടെ ചോദ്യം ചെയ്യുന്നതാണ് ഇപ്പോഴത്തെ വിവാദം. ആര്‍എസ്എസിനെ നേര്‍ക്കുനേര്‍ എതിര്‍ക്കുന്ന സംഘടന സിപിഎം മാത്രമാണെന്ന അവകാശവാദത്തിനും ഏറ്റ കനത്ത തിരിച്ചടിയാണ് സർക്കാരിലെ ഏറ്റവും തന്ത്രപ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ്റെ ഈ നടപടികൾ. 2023 മെയ് 22 ന് തൃശൂര്‍ വിദ്യാമന്ദിറില്‍ നടന്ന ക്യാമ്പില്‍ വെച്ച് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസാബലെയെ എഡിജിപി അജിത്കുമാര്‍ സന്ദര്‍ശിച്ചുവെന്ന വാര്‍ത്ത സൃഷ്ടിച്ച പ്രകമ്പനം അടക്കാന്‍ മുഖ്യമന്ത്രിക്കും കഴിഞ്ഞില്ല.
പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയ വേളയില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഒരുവശത്ത്; മറുവശത്ത് വിശ്വസ്ത പോലീസ് ഉദ്യോഗസ്ഥനും പൊളിറ്റിക്കല്‍ സെക്രട്ടറിക്കുമെതിരെ പിവി അന്‍വര്‍ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങള്‍. ഇവയെക്കുറിച്ച് ഘടക കക്ഷികള്‍ക്കെങ്കിലും സ്വീകാര്യമായ ഒരു മറുപടി പറയാന്‍ പിണറായിക്ക് കഴിഞ്ഞിട്ടില്ല. വലിയ കക്ഷി എന്ന നിലയിലും മുഖ്യമന്ത്രിയെ എതിര്‍ക്കാന്‍ ശേഷിയുള്ളവര്‍ മുന്നണി നേതൃത്വത്തില്‍ ഇല്ലാത്തതിനാലും ഇന്ന് മുഖ്യമന്ത്രി രക്ഷപ്പെട്ടു. എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇതാകില്ല സ്ഥിതി. പൂരം കലക്കി തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയെ വിജയിപ്പിച്ചു എന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നാല്‍ ന്യായീകരിക്കാന്‍ നേതൃത്വം ഏറെ വിയര്‍ക്കേണ്ടി വരും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here