പിണങ്ങിപ്പോക്കിൽ പ്രതികരിച്ച് മുഖ്യമന്ത്രി; പിണങ്ങിപ്പോയി എന്നത് മാധ്യമ സൃഷ്ടി

കാസർകോട്: ബേഡഡുക്കയിയെ പൊതുപരിപാടിയിൽ പ്രസംഗം അവസാനിക്കും മുമ്പേ മൈക്ക് അനൗൺസ്മെന്റ് ഉണ്ടായതിനെ തുടര്‍ന്ന് വേദി വിട്ട് ഇറങ്ങിപ്പോയ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പിണങ്ങിപ്പോയി എന്നത് മാധ്യമ സൃഷ്ടിയാണെണ്. പരിപാടിയിൽ നേരിട്ട ബുദ്ധിമുട്ട് താൻ ചൂണ്ടിക്കാട്ടി ഇറങ്ങിയതാണെന്നും അദ്ദേഹം കാസർകോട് നടന്ന മറ്റൊരു പൊതുപരിപാടിയിൽ വിശദീകരിച്ചു.
‘നിറഞ്ഞ സന്തോഷത്തോടെ കെട്ടിടം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു എന്ന് പറയുമ്പോൾ തന്നെ അനൗൺസർ അനൗൺസ് ചെയ്തു. ഞാൻ പിന്നെ പറയേണ്ട ഒരു വാചകം ഉണ്ട്, സ്നേഹാഭിവാദനങ്ങൾ എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നത്. അത് തീരുംമുമ്പ് തന്നെ അനൗൺസ്മെന്റ് നടത്തി. ഞാൻ പറഞ്ഞ് അവസാനിപ്പിക്കും മുമ്പേ എങ്ങനെയാണ് അനൗൺസ്മെന്റ് നടത്തിയത്. എന്റെ വാചകം തീരണ്ടെ. ഇത് കേൾക്കാതെ അയാൾ ആവേശത്തിൽ പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. അപ്പോൾ ഞാൻ പറഞ്ഞു ചെവിട് കേൾക്കുന്നില്ലേ എന്ന്. ഇത് ചെയ്യാൻ പാടില്ലല്ലോ. ഞാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അത് അവസാനിപ്പിക്കണ്ടെ. എന്നിട്ടല്ലേ അനൗൺസ് ചെയ്യാൻ പാടുള്ളൂ. അത് പറഞ്ഞ് ഞാൻ ഇറങ്ങി പോന്നു. ഇതിനെയാണ് മുഖ്യമന്ത്രി പിണങ്ങിപ്പോയി എന്ന് ചാനലുകാർ വാർത്ത കൊടുത്തത്’ – എന്നാണ് നടന്ന സംഭവത്തെ പറ്റി മുഖ്യമന്ത്രി പ്രതികരിച്ചത്.
പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അനൗൺസ്മെന്റ് നടന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. കാസർകോട് ബേഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here