മുഖ്യമന്ത്രിമാർ രാജാക്കൻമാരല്ല; കാലംമാറിയെന്ന് ഓർമപ്പെടുത്തി സുപ്രീം കോടതി
വിവാദ ഐഎഫ്എസ് ഉദ്യോഗസ്ഥനായ രാഹുലിനെ രാജാജി ടൈഗർ റിസർവിൻ്റെ ഡയറക്ടറായി നിയമിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിക്ക് എന്തും ചെയ്യാൻ കഴിയുമോ. രാജാവ് എന്ത് പറഞ്ഞാലും അതുപോലെ സംഭവിക്കും (രാജാ ജോ ബോലെ വെയ്സ് ചാലേ) എന്ന ഒരു വാമൊഴി ചൂണ്ടിക്കാട്ടി കോടതി വിമർശിച്ചു. മുഖ്യമന്ത്രിമാർ രാജക്കൻമാരല്ലെന്നും ഫ്യൂഡൽ കാലഘട്ടത്തിലല്ല നമ്മൾ ജീവിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ജിം കോർബറ്റ് നാഷണൽ പാർക്കിലെ അനധികൃത നിർമാണങ്ങളിലും മരം മുറിയിലും ആരോപണം നേരിട്ട ഉദ്യോഗസ്ഥനാണ് രാഹുൽ. വനം മന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും എതിർപ്പ് അവഗണിച്ചായിരുന്നു നിയമനം. വകുപ്പ് തല അന്വേഷണവും സിബിഐ അന്വേഷണവും നടക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി സെക്രട്ടറിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെയും വനം മന്ത്രി ശ്രദ്ധയിൽപ്പെടുത്തിയതല്ലേ എന്നും കോടതി ചോദിച്ചു. ഈ ഉദ്യോഗസ്ഥന് ഒരു നിയമനവും നൽകാൻ പാടില്ലെന്നല്ലേ അവർ പറഞ്ഞത്. വനം മന്ത്രി അത് അംഗീകരിച്ചിട്ടും മുഖ്യമന്ത്രി അതിന് തയ്യാറായില്ലെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ബിആർ ഗവായ്, പികെ മിശ്ര, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
എന്നാൽ സെപ്റ്റംബർ മൂന്നിന് നിയമനം പിൻവലിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാന പോലീസ്, കേന്ദ്ര ഏജൻസികളായ സിബിഐ, ഇഡി എന്നിവ ഒരിക്കലും ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഉദ്യോഗസ്ഥന് എതിരെയുള്ളത് അച്ചടക്ക നടപടി മാത്രമാണ്. അതിനാൽ ഒന്നുമില്ലാതെ വെറുതെ ഒരു നല്ല ഉദ്യോഗസ്ഥനെ ബലികഴിക്കാനാവില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഒന്നുമില്ലെങ്കിൽ എന്തിനാണ് അദ്ദേഹത്തിനെതിരെ വകുപ്പുതല നടപടികൾ നടത്തുന്നത്. പ്രഥമദൃഷ്ട്യാ വസ്തുതകൾ ഇല്ലെങ്കിൽ വകുപ്പുതല നടപടികൾ ആരംഭിക്കില്ല. കുറ്റവിമുക്തൻ ആകാത്തതുവരെ നല്ല ഉദ്യോഗസ്ഥനെന്ന സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നും കോടതി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here