ബാലപീഡനങ്ങൾ മറച്ചുവച്ച ആര്‍ച്ചുബിഷപ്പ് പുറത്ത്; ആംഗ്ലിക്കന്‍ സഭാതലവന്‍ ജസ്റ്റിന്‍ വില്‍ബി രാജിവക്കേണ്ടി വന്നു
ബാലപീഡന വിവരങ്ങള്‍ അറിഞ്ഞിട്ടും മറച്ചുവെച്ച് ബ്രിട്ടനിലെ ഔദ്യോഗിക സഭയായ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ (ആംഗ്ലിക്കന്‍ സഭ) തലവന്‍ കാന്റര്‍ബറി ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ വില്‍ബി രാജിവച്ച് ഒഴിഞ്ഞു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ആത്മീയ പുരോഹിതനാണ് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് . 2013 മുതല്‍ വില്‍ബി ആര്‍ച്ചുബിഷപ്പായി ചുമതല നിര്‍വഹിച്ചു വരികയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം രാജാവാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും മുതിര്‍ന്ന ബിഷപ്പിനെ സഭാ തലവനായി നിയമിക്കുന്നത്.
1970കളുടെ അവസാനത്തിലും എണ്‍പതുകളുടെ തുടക്കത്തിലും ക്രിസ്മസ് അവധിക്കാല ക്യാംപില്‍ പങ്കെടുത്തിരുന്ന ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ നടപടി എടുത്തില്ല എന്നതാണ് പ്രധാന ആരോപണം. അഭിഭാഷകനും ചാരിറ്റി ട്രസ്റ്റ് ഐവേണിന്റെ മുന്‍ ചെയര്‍മാനുമായ ജോണ്‍ സ്മിത്ത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തെ കുറിച്ച് വില്‍ബിക്ക് അറിവുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
ജോണ്‍ സ്മിത്തിന്റെ പീഡനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തിയ കീത്ത് മേക്കിന്റെ റിപ്പോര്‍ട്ട് പരസ്യമായതോടെയാണ് കാന്റര്‍ബറി ആര്‍ച്ചുബിഷപ് പീഡന വിവരം ഒതുക്കിവെച്ചത് പുറത്തായത്. ഈ റിപ്പോര്‍ട്ട് 2013ല്‍ തന്നെ ആര്‍ച്ചുബിഷപ്പ് വില്‍ബിക്ക് ലഭിച്ചിരുന്നു എന്ന വിവരം കൂടി പുറത്തു വന്നതോടെ കൂടുതല്‍ പ്രതിരോധത്തിലായി. ഗുരുതരമായ കുറ്റങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും അധികാരികളെ അറിയിച്ചില്ലെന്നാണ് വില്‍ബിക്കെതിരെയുള്ള ആക്ഷേപം. എന്നാല്‍ ഇതിനെ കുറിച്ചൊന്നും അറിവില്ലായിരുന്നു എന്നാണ് വില്‍ബി അവകാശപ്പെട്ടിരുന്നത്. അത്യന്തം ഹീനവും ഞെട്ടിപ്പിക്കുന്നതുമായ പീഡനങ്ങളും അതിക്രമങ്ങളുമാണ് കുഞ്ഞുങ്ങള്‍ക്കെതിരായി നടന്നന്നൊയിരുന്നു കണ്ടെത്തല്‍.
പീഡന ആരോപണങ്ങളില്‍ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്ന സ്മിത്തിനെതിരെ സഭ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ 2018-ല്‍ ദക്ഷിണാഫ്രിക്കയില്‍ വച്ച് ഇയാള്‍ മരണമടഞ്ഞു. ഇപ്പോള്‍ റിപ്പോര്‍ട്ട് പരസ്യമായതോടെ വില്‍ബിയുടെ രാജി ആവശ്യം ശക്തമായി. ഇതിനും പുറമെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ മറ്റ് ബിഷപ്പുമാരും ആര്‍ച്ചുബിഷപ്പ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് വില്‍ബിക്ക് മറ്റു വഴിയില്ലാതായി. നടപടി എടുക്കുന്നതില്‍ താന്‍ പരാജയപ്പെട്ടു പോയി എന്ന് ഒടുവില്‍ വില്‍ബിയുടെ കുറ്റസമ്മത പ്രസ്താവനയും പുറത്ത് വന്നിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here