രണ്ടുവയസുകാരി മേരിക്കായി തിരച്ചിൽ ഊർജിതം; അന്വേഷണം മറ്റ് ജില്ലകളിലേക്ക്, മൊഴികളിൽ അവ്യക്തതയെന്ന് പോലീസ്

തിരുവനന്തപുരം: പേട്ടയിൽ നിന്ന് കാണാതായ നാടോടി ദമ്പതികളുടെ മകൾക്കായി തിരച്ചിൽ ഊർജിതം. സഹോദരങ്ങൾക്കൊപ്പം ഉറങ്ങി കിടന്ന രണ്ടു വയസുകാരി മേരിയെയാണ് കാണാതായത്. ഓൾ സെയിന്റസ് കോളജിനു സമീപത്താണ് ഇവർ തമ്പടിച്ചിരുന്നത്. കറുപ്പിൽ വെള്ളപ്പുള്ളിയുള്ള ടി-ഷർട്ട് ആണ് കുട്ടി ധരിച്ചിരുന്നത്. മഞ്ഞ സ്കൂട്ടറിൽ എത്തിയവർ കൊണ്ടുപോയി എന്നാണ് മാതാപിതാക്കളുടെ മൊഴി. കുട്ടിയുടെ മൂത്ത സഹോദരന്റെ മൊഴിയിൽ അവ്യക്തതയുണ്ട്. സ്കൂട്ടറിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നായിരുന്നു ആദ്യം നൽകിയ മൊഴി. എന്നാൽ ഇളയ സഹോദരൻ പറഞ്ഞ അറിവ് മാത്രമാണിതെന്നും നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് പിന്നീട് പറഞ്ഞത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരാൻ ഉണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. പേട്ട പോലീസാണ് കേസ് എടുത്തത്.
മുൻമന്ത്രി ആന്റണി രാജു സ്ഥലത്തെത്തി ബന്ധുക്കളുമായി സംസാരിച്ചു. പോലീസ് അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷിക്കുന്നത്. അന്വേഷണം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം. ബിഹാർ സ്വദേശികളായ അമർദീപ്-രമീനാദേവി ദമ്പതികളുടെ മകളാണ് മേരി. ഹൈദരാബാദിൽ നിന്ന് കഴിഞ്ഞ മാസമാണ് കുടുംബം തിരുവനന്തപുരത്ത് എത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 9497990008, 9797947107, 0471- 2501801 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here