പതിമൂന്നുകാരന്റെ ആത്മഹത്യയില്‍ സിഡബ്ല്യുസി ഇടപെടല്‍; സ്കൂള്‍ അധികൃതരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും

ആലപ്പുഴ: അധ്യാപകരുടെ ശാരീരികവും മാനസികവുമായ പീഡനം മൂലം പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടപെട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യൂസി). സ്കൂള്‍ അധികൃതരെ വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് സിഡബ്ല്യൂസി ചെയര്‍പേഴ്സണ്‍ വസന്തകുമാരി പറഞ്ഞു. കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് പ്രതികരണം. പോലീസില്‍ നിന്ന് റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം വിദ്യാഭ്യാസ വകുപ്പ്, ബാലാവകാശ കമ്മീഷൻ എന്നിവർക്ക് സിഡബ്ല്യൂസി റിപ്പോർട്ട് നൽകുമെന്നും വ്യക്തമാക്കി. എന്നാല്‍ ആരോപണങ്ങള്‍ സ്കൂള്‍ അധികൃതര്‍ നിഷേധിച്ചിരുന്നു. കാട്ടൂര്‍ ഹോളി ഫാമിലി വിസിറ്റേഷന്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു പ്രജിത്ത്.

കഴിഞ്ഞ ആഴ്ചയാണ് കാട്ടൂര്‍ സ്വദേശി മനോജിന്‍റെ മകന്‍ പ്രജിത്ത് ആത്മഹത്യ ചെയ്തത്. സ്കൂള്‍ വിട്ടു വന്ന പ്രജിത്ത് യൂണിഫോമില്‍ മുറിക്കകത്ത് തൂങ്ങി നില്‍ക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് സഹോദരന്‍ കണ്ടത്. അധ്യാപകരുടെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. ക്ലാസില്‍ തലകറക്കം വന്ന ഒരു കുട്ടിക്കൊപ്പം പ്രജിത്ത് വെള്ളം കുടിക്കാന്‍ പോയിരുന്നു. കുട്ടികളെ കാണാത്തതിനാല്‍ അധ്യാപിക സ്റ്റാഫ് റൂമില്‍ വിവരം അറിയിക്കുകയും സ്കൂളില്‍ അറിയിപ്പ് നല്‍കുകയും ചെയ്തു. വെള്ളം കുടിക്കാന്‍ പോയതാണെന്ന് പറഞ്ഞത് ടീച്ചര്‍ വിശ്വസിച്ചില്ല. മറ്റു കുട്ടികളുടെ മുന്നില്‍വെച്ച് അധിക്ഷേപിച്ചു. പോക്കറ്റുകള്‍ പരിശോധിച്ച് ‘നീ ഓക്കെ കഞ്ചാവ് ആണോ’ എന്ന് ചോദിച്ചു. ഇതില്‍ പ്രജിത്തിന് വളരെയധികം മനോവിഷമം ഉണ്ടായതായി പറയുന്നു.

മറ്റ് അധ്യാപകര്‍ വന്ന് ചോദ്യം ചെയ്യുകയും ചൂരലുകൊണ്ട് അടിക്കുകയും ചെയ്തതായി അച്ഛന്‍ അജിത്തിന്‍റെ പരാതിയില്‍ പറയുന്നു. വീട്ടില്‍ എത്തിയ പ്രജിത്ത് യൂണിഫോമില്‍ തന്നെ തൂങ്ങി മരിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന്‍ പോലീസിലും മുഖ്യമന്ത്രിക്കും ബാലാവകാശകമ്മീഷനും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ ചിതാഭസ്മവുമായി ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലേക്ക് മാർച്ച്‌ നടത്തിയിരുന്നു. എസ്എഫ്ഐ നേതൃത്വം നല്‍കിയ മാര്‍ച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top