കുട്ടികള്‍ പ്രചരണത്തിനും; നവകേരള സദസുമായി ബന്ധപ്പെട്ട പരിപാടിക്കെതിരെ ബാലാവകാശ കമ്മീഷൻ

കൊച്ചി: മലപ്പുറത്ത് നവകേരള സദസിൻ്റെ പ്രചരണ പരിപാടിയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിദ്യാർത്ഥികളെ നഗരസഭയുടെ വിളംബര ജാഥയിൽ പങ്കെടുപ്പിച്ചതിനും തിരക്കേറിയ റോഡിൽ വിദ്യാർത്ഥിനികളെ നൃത്തം ചെയ്യിപ്പിച്ചതിനുമാണ് കേസെടുത്തത്. പതിനഞ്ച് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിലമ്പൂർ ഡിഇഒയ്ക്കും നോട്ടീസ് നൽകി.

വിവിധ മാധ്യമങ്ങളിൽ വന്ന വിവിധ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ, കോഴിക്കോട് മുക്കം മണാശ്ശേരി ഗവണ്‍മെന്റ് യുപി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെ നവകേരള സദസിൻ്റെ പ്രചരണത്തിൽ പങ്കെടുപ്പിച്ചിരുന്നു. സംഭവം വാര്‍ത്ത‍യായതോടെ സ്കൂള്‍ അധികൃതര്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

അച്ചടക്കമുള്ള കുട്ടികളെ മാത്രം നവകേരള സദസിന് എത്തിച്ചാൽ മതിയെന്ന തിരൂരങ്ങാടി ഡിഇഒ വിക്രമൻ്റെ ഉത്തരവ് വിവാദമായതിന് പിന്നാലെയാണ് നടപടി. ഉത്തരവ് ചര്‍ച്ചയായതോടെ തൻ്റെ നിർദേശം തെറ്റിദ്ധരിക്കപ്പെട്ടെന്ന വിശദീകരണവുമായി ഡിഇഒ രംഗത്തെത്തിയിരുന്നു. താനൂർ ഉപജില്ലയിലെ ഒരു സ്കൂളിൽ നിന്ന് 200 കുട്ടികളെ വീതവും തിരൂരങ്ങാടി വേങ്ങര, പരപ്പനങ്ങാടി ഉപജില്ലകളിൽ നിന്നായി 100 കുട്ടികളെയും നവകേരള സദസിൽ എത്തിക്കണമെന്നുമായിരുന്നു നിർദേശം.

കാലിക്കറ്റ് സർവകലാശാല വിസി മലപ്പുറം ജില്ലയിലെ നവകേരള സദസ്സ് വിജയിപ്പിക്കുന്നതിനും അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നതിന് വേണ്ട നിർദേശങ്ങൾ നൽകുന്നതിനായി പ്രത്യേക യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എല്ലാ ജില്ലകളിലും കോളേജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ നിര്‍ദേശമുണ്ടെന്നാണ് വിവരം.

കണ്ണൂർ പാനൂരിൽ നവകേരള സദസ് കടന്നു പോകുന്ന റോഡിൽ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ച നടപടിക്കെതിരെ കെ.എസ്.യു പി.മുഹമ്മദ് ഷമ്മാസ് ഹൈക്കോടതിൽ ഹർജി നൽകി. തലശ്ശേരി ചമ്പാട് എൽപി സ്കൂളിലെ കുട്ടികളെയാണ് സ്കൂൾ അധികൃതർ വെയിലത്ത് നിർത്തിയത്. അധ്യാപകർ കുട്ടികളോട് മുദ്രാവാക്യം വിളിക്കാൻ പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ഇന്നലെ ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തിൽ ചീഫ് സെക്രട്ടറി വി വേണുവിന് നോട്ടീസയച്ചു. അഞ്ച് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കാനൂനിൻ്റെ നിർദേശം.

അതേസമയം, നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിക്കിയ എല്ലാ ഉത്തരവുകളും പിൻവലിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പരിപാടിയിലേക്ക് ഇനിമുതൽ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ല. എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്ന് അഡിഷണല്‍ അഡ്വക്കറ്റ് ജനറല്‍ അശോക് ചെറിയാന്‍ കോടതിയെ അറിയിച്ചു.നവകേരള സദസ്സിനു ആളുകളെയെത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന് നിര്‍ദേശം നല്‍കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും ഉടന്‍ പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top