ഇന്ത്യക്കും ഭീഷണിയായി ചൈന-റഷ്യ- ഇറാന്‍-കൊറിയ സഖ്യം; ലോകം പോകുന്നത് ഏറ്റവും വിനാശകരമായ ആണവ യുദ്ധത്തിലേക്കോ?

ഇന്ത്യ ഉൾപ്പെടുന്ന ക്വാഡ് സഖ്യത്തിനെതിരെ ചൈനയുടെ നേതൃത്വത്തിൽ പേരിടാത്ത അനൗദ്യോഗിക സഖ്യം. ചൈന, റഷ്യ, ഇറാൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളാണ് ഈ സംഘത്തിലുള്ളത്. ഇൻഡോ-പസഫിക് മേഖലയിൽ സമാധാനം, സ്ഥിരത, രാജ്യങ്ങളുടെ സമുദ്രം വഴിയുള്ള സഞ്ചാര സ്വാതന്ത്ര്യം എന്നിവ നിലനിർത്തുന്നതിനായി രൂപീകരിച്ച തന്ത്രപരമായ ബഹുരാഷ്ട്ര കൂട്ടായ്മയാണ് ക്വാഡ്. ക്വാഡ്രിലാറ്ററൽ എന്നതിന്‍റെ ചുരുക്കെഴുത്താണ് പേരിന് പിന്നിൽ. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നിവയാണ് സഖ്യരാജ്യങ്ങൾ. ഈ സഖ്യം ദക്ഷിണ ചൈനാ കടൽ, ഇന്ത്യൻ മഹാസമുദ്രം, പസഫിക് സമുദ്രം മേഖലകളിലെ രാജ്യത്തിൻ്റെ സ്വാധീനത്തിന് ഭീഷണിയായാണ് ചൈന കണക്കാക്കുന്നത്.


യുക്രെയ്ൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന്, പ്രത്യേകിച്ച് അമേരിക്കയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഒറ്റപ്പെടൽ നേരിടുന്ന റഷ്യ ആയുധ വിതരണത്തിലും സാമ്പത്തികമായും ചൈനയെ വലിയ രീതിയിൽ ആശ്രയിക്കേണ്ട അവസ്ഥയിലാണുള്ളത്. അമേരിക്കയുടെ ഉപരോധത്തിന് വിധേയരായ ഉത്തര കൊറിയയുടെയും ഇറാൻ്റെയും സ്ഥിതി മറിച്ചല്ല. ഈ സാഹചര്യങ്ങൾ ഉപയോഗിച്ചാണ് ചൈനയുടെ നീക്കം. ലോകത്തിലെ ആഗോള ശക്തികളിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന അമേരിക്കയെ താഴെയിറക്കുകയാണ് അനൗദ്യോഗിക സഖ്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

ALSO READ: ചൈനീസ് ആയുധ പരീക്ഷണം ഇന്ത്യക്കുള്ള മുന്നറിയിപ്പെന്ന് നിരീക്ഷകർ; 17390 അടി ഉയരത്തിൽ സബ്‌സോണിക് ക്രൂയിസ് മിസൈല്‍

2007ൽ ഇൻഡോ-പസഫിക് മേഖലയിൽ ചൈനയുടെ ആധിപത്യം തടയുക എന്ന അപ്രഖ്യാപിത ലക്ഷ്യത്തോടെ രൂപം കൊണ്ട സഖ്യമാണ് ക്വാഡ്. ഓസ്ട്രേലിയയുടെ പിൻമാറ്റത്തെ തുടർന്ന് 2008ൽ കൂട്ടായ്മ തകർന്നു. പിന്നീട് 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ എന്നിവർ ചേർന്ന് ഗ്രൂപ്പ് പുനസ്ഥാപിക്കുകയായിരുന്നു. ക്വാഡ് അംഗങ്ങൾക്ക് താക്കീത് നൽകുന്ന തരത്തിലായിരുന്നു ചൈനയുടെ സമീപകാലത്തെ ആയുധ പരീക്ഷണങ്ങള്‍. അമേരിക്കയിലെ ഡെലവെയറിൽ നടന്ന ക്വാഡ് നേതാക്കളുടെ വാർഷിക യോഗത്തിന് പിന്നാലെ ചൈന ഭൂഖണ്ഡാനത്തര ബാലിസ്റ്റിക്ക് മിസൈൽ (ഐസിബിഎം) പരീക്ഷിച്ചിരുന്നു.

980ന് ശേഷം ഇത്തരമൊരു പരീക്ഷണം ആദ്യമാണ്. പസഫിക് സമുദ്രത്തിനടിയിലേക്ക് ആയിരുന്നു ചൈന മിസൈൽ തൊടുത്തത്. ഈ ഐസിബിഎമ്മിന് 30 മിനിറ്റിനുള്ളിൽ അമേരിക്കയിലെ ഏത് സ്ഥലവും ലക്ഷ്യംവയ്ക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. സെപ്തംബർ 21ന് ക്വാഡ് ഉച്ചകോടി പുരോഗമിക്കുമ്പോൾ – ചൈനയും റഷ്യയും ജപ്പാന് സമീപം സംയുക്ത നാവിക അഭ്യാസം നടത്തിയിരുന്നു. ഒരു റഷ്യൻ പട്രോളിംഗ് വിമാനം ജപ്പാൻ്റെ വ്യോമാതിർത്തി ലംഘിച്ച് മൂന്ന് തവണ പ്രവേശിച്ചതായി ജപ്പാൻ പ്രതിരോധ മന്ത്രി മിനോരു കിഹാര പറഞ്ഞു. ഇത്തരമൊരു പ്രകോപനം ഇനി ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ നയതന്ത്ര മാർഗങ്ങളിലൂടെ ടോക്കിയോക്ക് മോസ്കോയുമായി ബന്ധപ്പെടേണ്ടി വന്നിരുന്നു.

ALSO READ: ചൈനയുടെ ആണവ അന്തർവാഹിനി മുങ്ങി; മറച്ചുവച്ച നാണക്കേടിന്‍റെ രഹസ്യം ഒടുവിൽ പുറത്തായി

തായ്‌വാൻ കടലിടുക്കിലൂടെ ഓസ്ട്രലിയ, ജപ്പാൻ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുടെ നാവിക കപ്പലുകൾ കടന്നുപോയപ്പോൾ ചൈന താക്കീതും നൽകിയിരുന്നു. ഇന്ത്യൻ അതിർത്തിക്കടുത്ത് കാരക്കോറം പീഠഭൂമിയിൽ ചൈന മിസൈൽ പരീക്ഷണം നടത്തിയിരുന്നു ചൈന. 17,390 അടി ഉയരത്തിൽ സബ്‌സോണിക് ക്രൂയിസ് മിസൈലാണ് പരീക്ഷിച്ചത്. ചെങ്കടലിലും ഏദൻ ഉൾക്കടലിലും വ്യാപാര കപ്പലുകൾ ലക്ഷ്യമിടുന്ന യെമൻ ആസ്ഥാനമായ ഹൂതി തീവ്രവാദികൾക്ക് ആയുധം നൽകുന്നതിനുള്ള വ്യവസ്ഥകൾ റഷ്യയും ഇറാനും ചർച്ച ചെയ്യുന്നതായി റിപ്പോർട്ടുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തിലെ സഞ്ചാര സ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയാണ് ഹൂതികള്‍ ഉയർത്തുന്നത്. 50ലധികം കപ്പലുകളെ ഈ ഭീകര സംഘം ആക്രമിച്ചിട്ടുണ്ട് എന്നാണ് യുഎസ് മാരിടൈം അഡ്‌മിനിസ്‌ട്രേഷൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ ഒരു ചൈനീസ്, റഷ്യൻ കപ്പലുകളെപ്പോലും ആക്രമിച്ചിട്ടില്ല. നിരവധി മാസങ്ങളായി മേഖലയിൽ കപ്പലുകൾ ആക്രമിക്കുകയും ഹൈജാക്ക് ചെയ്യുകയും തുടരുന്നത് ആഗോള വ്യാപാരത്തെയും മേഖലയിലെ സഞ്ചാരസ്വാതന്ത്ര്യത്തെയും ബാധിച്ചിട്ടുണ്ട്.

ഇസ്രയേലിനെതിരെ യുദ്ധം ചെയ്യുന്ന ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിനെ ബീജിംഗും മോസ്കോയും അപലപിച്ചിരുന്നു. ഉത്തര കൊറിയ തുടർച്ചയായി അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയ്ക്ക് നേരെ പല തവണ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. റഷ്യ, ചൈന, ഉത്തരകൊറിയ എന്നിവർ സംയുക്തമായി നടത്താൻ സാധ്യതയുള്ള ആണവ ഏറ്റുമുട്ടലുകൾക്ക് തയ്യാറെടുക്കാൻ യുഎസ് സേനയോട് പ്രസിഡൻ്റ് ജോ ബൈഡൻ ഉത്തരവിട്ടിരുന്നു. ഈ രഹസ്യ നിർദ്ദേശത്തിന് കഴിഞ്ഞ മാർച്ചിൽ അംഗീകാരം നൽകിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top