വിഴിഞ്ഞം: ചൈനാക്കപ്പലിന് നിയന്ത്രണം, ജീവനക്കാർ പുറത്തിറങ്ങരുത്; വീസ അനുവദിക്കാതെ കേന്ദ്രം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ക്രെയ്നുമായി എത്തിയ ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് തീരത്ത്‌ ഇറങ്ങാൻ അനുമതിയില്ല. ഇറങ്ങിയാൽ പിന്നെ തിരികെ പോകാനോ, മറ്റു സ്ഥലങ്ങളിലേക്ക് പോകാനോ ഉള്ള യാത്രാനുമതിയും (സൈന്‍ഓഫ്‌) നല്‍കിയിട്ടില്ലെന്ന് ‘ദ ഹിന്ദു’ പത്രം റിപ്പോർട്ട് ചെയ്യുന്നു.

ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ചൈനീസ് കപ്പലായ ‘ഷെന്‍ ഹുവ 15’ പുറംകടലിൽ നങ്കൂരമിട്ടത്. ചൈനയിലെ ഷാങ്ഹായ് തുറമുഖത്തു നിന്ന് വലിയ ക്രെയ്നുകളുമായാണ് കപ്പല്‍ എത്തിയിരിക്കുന്നത്. ഇതിനു പിന്നാലെ സമാന തരത്തിലുള്ള ക്രെയ്നുകളുമായി മൂന്ന് കപ്പലുകൾ കൂടി ഉടനെത്തും. ഇവയ്ക്ക് എല്ലാത്തിനും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകും. നിലവിൽ നങ്കൂരമിട്ടിരിക്കുന്ന ചരക്ക് കപ്പലിലെ ജീവനക്കാരിൽ പന്ത്രണ്ടിലധികം പേർ ചൈനക്കാരാണ്. ഇവരില്‍ ആര്‍ക്കും ഇവിടെ ഇറങ്ങാൻ കേന്ദ്ര അനുമതിയില്ല. കപ്പൽ മടങ്ങുന്നത് വരെ ജീവനക്കാര്‍ ഉള്ളിൽ തന്നെ തുടരും.

ചൈനീസ് വംശജരായ എഞ്ചിനീയർമാരില്‍ ആര്‍ക്കും വീസ അനുവദിച്ചിട്ടില്ല. മുംബൈയില്‍ നിന്നുള്ള എഞ്ചിനീയർമാരുടെ നേതൃത്വത്തിലായിരിക്കും ക്രെയ്നുകള്‍ അഴിച്ച് തുറമുഖതീരത്ത് എത്തിക്കുക. ചൈനീസ് കമ്പനിയായ ഷാങ്ഹായ് ഷെന്‍ഹുവ പോര്‍ട്ട്‌ മെഷീനറി ലിമിറ്റഡില്‍ നിന്നാണ് ക്രെയ്നുകള്‍ കൊണ്ടുവരുന്നത്.

അതേസമയം സുരക്ഷാ കാരണങ്ങൾ മാത്രമല്ല, കപ്പൽ ഓരോ തീരത്തും എത്തുമ്പോൾ ജീവനക്കാർ പാലിക്കേണ്ട ക്വാറൻ്റീൻ വ്യവസ്ഥകൾ ഉള്ളതിനാൽ ആണ് തീരത്ത് ഇറങ്ങാതെ കഴിയുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ഈ മാസം 19നാണ് കപ്പൽ തിരികെ പോകാൻ നിശ്ചയിച്ചിരിക്കുന്നത്. രണ്ടോ മൂന്നോ ദിവസം കൂടി നീളാനും സാധ്യതയുണ്ട്.

Logo
X
Top