ചിങ്ങോലി ജയറാം വധക്കേസ്; രണ്ട് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്; വിധി മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതിയുടേത്
മാവേലിക്കര: ചിങ്ങോലി ജയറാം വധക്കേസിൽ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവും ഓരോ ലക്ഷം രൂപ പിഴയും. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (3) എസ്.എസ്.സീനയുടേതാണ് വിധി. ചിങ്ങോലി ഹരികൃഷ്ണൻ (ഹരീഷ് – 36), ചിങ്ങോലി കലേഷ് (33) എന്നിവരെയാണ് ശിക്ഷിച്ചത്. പിഴത്തുക കൊല്ലപ്പെട്ട ജയറാമിന്റെ അമ്മ വിലാസിനിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം.
2020 ജൂലായ് 19ന് രാത്രി 7.30ന് ചിങ്ങോലി പഴയ വില്ലേജ് ഓഫീസിനു സമീപമാണ് കൃത്യം നടന്നത്. ഇവിടെ നിന്നിരുന്ന ജയറാമിനെ ഒന്നാം പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് തുടയിൽ ആഞ്ഞു കുത്തിയെന്നും രണ്ടാംപ്രതി സഹായിച്ചു എന്നുമാണ് കേസ്. ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നാണ് ജയറാം മരിച്ചത്.
ജയറാമിന്റെ സുഹൃത്തുക്കളാണ് പ്രതികൾ ഇരുവരും. കോൺക്രീറ്റ് ജോലികളാണ് ഇവര്‍ മൂന്നുപേരും ചെയ്യുന്നത്. പ്രതികളുടെ സുഹൃത്തായ മറ്റൊരാൾ ജോലിക്കു വിളിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഗവ.പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ.സജികുമാർ ഹാജരായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here