വിതുരയിൽ വീട്ടിലെ ആയുധശേഖരം ആർക്കുള്ളത്? വ്യക്തതയില്ലാതെ പോലീസ്; ചിറ്റാര്‍ ഷഫീഖ് സൂക്ഷിച്ചത് മഴുവും കത്തികളും എയര്‍ഗണ്ണും വെടിമരുന്നും മാന്‍കൊമ്പും അടക്കമുള്ളവ

തിരുവനന്തപുരം: വിതുര ചിറ്റാറില്‍ പാലത്തിന് സമീപം അകത്തേക്ക് ആളൊഴിഞ്ഞ ഇടത്ത് ഒന്നര ഏക്കര്‍ സ്ഥലം. രണ്ട് നില വീട്. നിരവധി കേസുകളില്‍ പ്രതിയായ ചിറ്റാര്‍ ഷഫീഖിന്റെ ഈ വീട്ടില്‍ രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം റെയ്ഡിനെത്തിയപ്പോള്‍ കണ്ട കാഴ്ച പോലീസിന്റെ കണ്ണ് തള്ളിക്കുന്നതായിരുന്നു.

വീട്ടിൽ ആയുധനിർമാണത്തിനായി മാത്രം ഒരു മുറി. ഒരൊറ്റ വെട്ടിന് ആരെയും വധിക്കാന്‍ കഴിയുന്ന ഒന്നിലധികം മഴു, എയര്‍ഗണ്‍, കത്തി, പരുക്കേല്‍പ്പിക്കുക ലക്ഷ്യമിട്ടുള്ള വിവിധതരം മാരകായുധങ്ങൾ, ഏറുപടക്കങ്ങൾ, വെടിമരുന്ന്, കട്ടറുകളും ഗ്രൈന്റിങ്‌ മെഷീനും ഉൾപ്പെടെയുള്ളവ. ഒപ്പം ഒരു മാന്‍കൊമ്പും.

ആയുധങ്ങള്‍ എല്ലാം നിര്‍മ്മിച്ചത് ഷഫീഖ് തന്നെ. ഇതുവരെ എത്ര ആയുധങ്ങള്‍ ഷഫീഖ് നിര്‍മ്മിച്ചു, ആര്‍ക്കൊക്കെ നല്‍കി, ആരാണ് ഷഫീഖിന്റെ പിന്നില്‍ തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിനായി പോലീസ് ഇപ്പോള്‍ തല പുകയ്ക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പാണ് ആയുധങ്ങളുമായി ഷഫീഖ് അറസ്റ്റിലായത് എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. തൊട്ടടുത്ത് വീടുകള്‍ ഇല്ലാത്തതിനാല്‍ ആയുധ നിര്‍മാണം പുറത്തറിഞ്ഞില്ല. അതുകൊണ്ടാണ് പിടികൂടാന്‍ വൈകിയതെന്നാണ് പോലീസ് പറയുന്നത്.

കുറച്ച് ദിവസങ്ങളായി ഷഫീഖിന്‍റെ വീട് പോലീസ് നിരീക്ഷണത്തിലായിരുന്നു. അതിനുശേഷമാണ് റെയ്ഡ് നടത്തിയത്. ക്രിമിനല്‍ പശ്ചാത്തലമാണ് ഷഫീഖിനുള്ളത്. ഒന്‍പതോളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. “സ്വയം രക്ഷയ്ക്കാണ് ആയുധങ്ങള്‍ സൂക്ഷിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്-വിതുര എസ്ഐ വി.സതികുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ആയുധങ്ങളും മാന്‍കൊമ്പുമൊക്കെ കണ്ടെടുത്തതിനാല്‍ വിശദമായ അന്വേഷണം നടത്തണം-എസ്ഐ പറയുന്നു.

മാന്‍ കൊമ്പ് ലഭിച്ചതോടെ വനംവകുപ്പിനും ഇയാളെ ചോദ്യം ചെയ്യേണ്ടതുണ്ട്. മൃഗവേട്ട നടത്തിയിട്ടുണ്ടോ? മാന്‍കൊമ്പുകള്‍ മുന്‍പും വില്പന നടത്തിയിട്ടുണ്ടോ? കൊമ്പ് എവിടെ നിന്നും ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍. വലിയമല ഇന്‍സ്പെക്ടര്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ വിതുര എസ്ഐ വി.സതികുമാര്‍ അടങ്ങിയ പോലീസ് സംഘമാണ് കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ഇയാളെ പിടികൂടിയത്. വിതുര പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. മാന്‍കൊമ്പ് പ്രശ്നത്തില്‍ ചോദ്യം ചെയ്യാന്‍ ഷഫീഖിനെ വനംവകുപ്പ് അധികൃതര്‍ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top