ക്രിസ്ത്യാനികളെ മര്യാദ പഠിപ്പിക്കും; ആതുരസേവനത്തിന്റെ മറവിലെ മതപരിവര്‍ത്തനം നിരോധിക്കും; ചത്തീസ്ഗഡ് മുഖ്യമന്ത്രി

റായ്പുര്‍ : ആതുരസേവനത്തിന്റേയും വിദ്യാഭ്യാസത്തിന്റേയും മറവില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ മതപരിവര്‍ത്തനം നടത്തുയാണെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി. ഇതവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും. ഇതിനു പകരമായി ഹിന്ദുത്വ ആശയങ്ങളുടെ പ്രചരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് എല്ലാ നിയമങ്ങളും ലംഘിച്ച് ക്രൈസ്തവ ദേവാലയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതായും അദ്ദേഹം ആരോപിച്ചു.

ചത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ച ക്രൈസ്തവ ദേവാലയങ്ങളെ കുറിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് സുശീലാനന്ദ് ശുക്ല ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരണകാലത്ത് സംസ്ഥാനത്തൊരിടത്തും പുതുതായി പളളികള്‍ നിര്‍മ്മിച്ചിട്ടില്ല. ബിജെപി അനാവശ്യമായി മതപരിവര്‍ത്തന വിഷയം കുത്തിപ്പൊ ക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് തലേന്ന് ചത്തീസ്ഗഡിലെ കുണ്‍കുറി നിയോജക മണ്ഡലത്തിലെ ക്രൈസ്തവരുടെ ആതുരസേവാ കേന്ദ്രത്തില്‍ ഒരുപറ്റം ഹിന്ദുത്വ അനുയായികള്‍ രോഗികളേയും സ്ത്രീകളേയും അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പാസ്റ്റര്‍ മഹാനനന്ദയുള്‍പ്പെടെ നിരവധിപേര്‍ക്കാണ് പരിക്കേറ്റത്. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികളെയാരെയും അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷം മാത്രം ചത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്കെതിരെ 84 അതിക്രമ സംഭവങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം 5 പാസ്റ്റര്‍മാരെ തല്ലിച്ചതച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ സംഭവങ്ങളില്‍ ഒന്നും തന്നെ പ്രതികളെ ആരേയും അറസ്റ്റ് ചെയ്തിട്ടുമില്ല. ബിജെപി അധികാരത്തില്‍ വന്ന ശേഷം ക്രൈസ്തവര്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്നാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top