കന്യാസ്ത്രി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു; മലയാളി വൈദികന്‍ പോലീസ് പിടിയില്‍

മധ്യപ്രദേശിലെ സത്‌നയില്‍ (Satna) സിറോ മലബാര്‍ സഭയുടെ കീഴിലുള്ള കന്യാസ്ത്രി മഠത്തില്‍ 17കാരിയായ സന്യസ്ത വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് മലയാളി വൈദികനെ പോലീസ് കസ്റ്റഡിയിലെടുത്തു. സത്‌ന രൂപതയുടെ (Diocese of Satna) കീഴിലുള്ള പ്രേഷിതാരാം സന്യാസിനി സമൂഹാംഗമായ പ്രിതിമ ബാഗോവാര്‍ എന്ന അസം സ്വദേശിനിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ ഞായറാഴ്ച (ഏപ്രില്‍13) വൈകുന്നേരം മഠത്തിനുള്ളില്‍ ജീവനൊടുക്കിയത്. പെണ്‍കുട്ടിയെ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച വൈദികന്‍ ഫാദര്‍ നോബി ജോര്‍ജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് രൂപത പിആര്‍ഒ ഫാദര്‍ ജസ്ബിന്‍ മാത്യു പറഞ്ഞു. പ്രാദേശിക ബിജെപി പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വൈദികനെ പോലീസ് വിടാത്തതെന്നാണ് രുപതാധികൃതരുടെ ഭാഷ്യം.

പെണ്‍കുട്ടി തൂങ്ങി നില്‍ക്കുന്നതു കണ്ട് മഠത്തിലെ ജീവനക്കാരോടൊപ്പം ആശുപത്രിയില്‍ പോയ ഫാ. നോബിയെ കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് വിട്ടയക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് പിആര്‍ഒ യുണൈറ്റഡ് കാത്തലിക് ന്യൂസ് (United Catholic News – UCA) വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മരിച്ച സന്യസ്ത വിദ്യാര്‍ത്ഥിനിയുടെ കുടുംബാംഗങ്ങള്‍ വന്ന ശേഷമെ മറ്റ് നടപടികള്‍ ഉണ്ടാവുകയുള്ളു. കസ്റ്റഡിയിലുള്ള നോബി ജോര്‍ജിനെതിരെ ഇനിയും നിയമ നടപടികളിലേക്ക് പോലീസ് കടന്നിട്ടില്ല. അയാളെ പ്രതിയാക്കാനുള്ള തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നാണ് അനൗദ്യോഗികമായി പോലീസ് പറയുന്നതെന്ന് സഭാ അധികൃതര്‍ വ്യക്തമാക്കി.

എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴിലുള്ള സന്യാസിനി സമൂഹമാണ് പ്രേഷിതാരാം. കഴിഞ്ഞ 60 വര്‍ഷമായി സത്‌നയില്‍ ഈ കോണ്‍ഗ്രിഗേഷന്‍ പ്രവര്‍ത്തിച്ചു വരികയാണ്. രൂപതയുടെ കീഴില്‍ സ്‌കൂളുകളും ആശുപത്രികളും അനാഥാലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ആദിവാസി – പിന്നോക്ക വിഭാഗത്തില്‍പ്പെട്ട നിരവധി ക്രിസ്ത്യാനികള്‍ സത്‌നയിലും പരിസരങ്ങളിലും താമസിക്കുന്നുണ്ട്. ക്രൈസ്തവര്‍ക്കു നേരെ ഹിന്ദുത്വ ശക്തികളില്‍ നിന്ന് നിരന്തരം അക്രമങ്ങള്‍ നേരിടുന്ന പ്രദേശമാണ്. ഈ മാസം ഒന്നിന് മധ്യപ്രദേശിലെ ജബല്‍പൂരില്‍ രണ്ട് മലയാളി വൈദികര്‍ക്ക് സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് അതിക്രൂരമായ മര്‍ദ്ദനം ഏറ്റ സംഭവം പാര്‍ലമെന്റില്‍ ഉള്‍പ്പടെ വലിയ വിവാദമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top