മെഡിക്കൽ ക്യാമ്പിനെതിരെ മതപരിവർത്തന പരാതിയുമായി ആർഎസ്എസ്; ഇൻഡോറിൽ കന്യാസ്ത്രീകളെ പ്രതിചേർത്ത് പോലീസ്

കേരളത്തിൽ ക്രൈസ്തവ രക്ഷക വേഷം കെട്ടുന്ന ബിജെപി- സംഘപരിവാർ സംഘടനകളുടെ ക്രിസ്ത്യൻ പ്രേമത്തിൻ്റെ തനി സ്വരൂപം ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ കാണാനാവും. ഇന്നലെ ഇൻഡോറിലെ പബ്ളിക് പാർക്കിൽ വീട്ടുജോലിക്കാരായ ദമ്പതിമാരുടെ കുട്ടികൾക്കായി അഭിഭാഷകയായ ഒരു കന്യാസ്ത്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആരോഗ്യ വിജ്ഞാന ക്യാമ്പിൽ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് കന്യാസ്ത്രീകളെ പോലീസ് പിടികൂടി. സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു പോലീസ് നടപടി. ഇൻഡോറിലെ പ്രമുഖ ആശുപത്രികളിലൊന്നായ സെൻ്റ് ഫ്രാൻസിസ് ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

ജില്ലാ ഭരണകൂടത്തിൻ്റെ മുൻകൂർ അനുമതി വാങ്ങിയ ശേഷമാണ് മിഷണറി സിസ്റ്റേഴ്സ് സെർവൻസ് ഓഫ് ദ ഹോളി സ്പിരിറ്റ്‌ (Missionary Sisters Servants of the Holy Spirit) കന്യാസ്ത്രീ മൂഹത്തിലെ അംഗവും അഭിഭാഷകയുമായ സിസ്റ്റർ ഷീലയുടെ നേതൃത്വത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ മെഡിക്കൽ ക്യാമ്പ് നടത്തിയത്. പാവപ്പെട്ട മാതാപിതാക്കളുടെ കുട്ടികൾക്കിടയിൽ ആരോഗ്യ വിഷയങ്ങളെക്കുറിച്ച് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് പൊതു ഇടത്തിൽ വെച്ച് ക്യാമ്പ് നടത്തിയത്. 2016 മുതൽ ഇൻഡോറിൽ പ്രവർത്തിക്കുന്ന സെൻ്റ് ഫ്രാൻസിസ് ആശുപത്രി 100 ലധികം കിടക്കകൾ ഉള്ള ആധുനിക ചികിത്സാലയമാണ്.

ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തർ പങ്കെടുത്ത ക്യാമ്പ് തുടങ്ങിയതോടെ ഒരുകൂട്ടം ആർഎസ്എസ് പ്രവർത്തകർ സ്ഥലത്തെത്തി ബഹളം വെക്കാൻ തുടങ്ങി. കന്യാസ്ത്രീകൾ മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മാതാപിതാക്കളുടെ അനുമതിയോടെ നൂറിലധികം സ്കൂൾ കുട്ടികളാണ് മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത് മുഴുവൻ. വിവരം അറിഞ്ഞെത്തിയ പോലീസ് സിസ്റ്റർ ഷീല ഉൾപ്പടെയുള്ള കന്യാസ്ത്രീകളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെയും ആർഎസ്എസ് പ്രവർത്തകർ പ്രതിഷേധവുമായി ഒത്തുകൂടി. കന്യാസ്ത്രീകൾക്കെതിരെ മതപരിവർത്തന നിരോധന നിയമ പ്രകാരം കേസെടുക്കണം എന്നായിരുന്നു ആവശ്യം.

പള്ളിയിൽ വെച്ച് കുട്ടികളെ മതപരിവർത്തനം നടത്തിയെന്നും മറ്റുമുള്ള വ്യാജ ആരോപണങ്ങൾ ഉയർത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പോലിസ് സംഭവസ്ഥലത്ത് എത്തിയത്. പൊതു പാർക്കിൽ വെച്ച് ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യത്തിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പിനെ പ്പോലും മതപരിവർത്തന പരിപാടിയായി ചിത്രീകരിക്കുന്ന ഗുരുതര അവസ്ഥയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെന്ന് ഇന്ത്യാ കറൻസ് വീക്കിലിയുടെ മുൻ എഡിറ്ററായ ഫാദർ സുരേഷ് മാത്യൂ പറഞ്ഞു. സിസ്റ്റർമാരായ ഷീല മുത്തു, അൻഷുമാൻ പഞ്ചാനി, ഫ്രാൻസിന നെൽസൺ, പ്രഭ യാദവ് എന്നിവരെ പ്രതികളാക്കി കേസെടുത്ത പോലീസ് വൈകിട്ടോടെ എല്ലാവരെയും വിട്ടയച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top