രാജ്യത്ത് ക്രൈസ്തവര്‍ സുരക്ഷിതരല്ലെന്ന് UCF; പ്രതിദിനം രണ്ട് ക്രിസ്ത്യാനികള്‍ വീതം ആക്രമിക്കപ്പെടുന്നു; 334 ദിവസത്തിനിടെ 687 കേസുകള്‍

ഡല്‍ഹി : രാജ്യത്ത് പ്രതിദിനം ശരാശരി രണ്ട് ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നുണ്ടെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്). 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ വന്‍വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് യുസിഎഫിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ക്രിസ്ത്യാനികളുടേയും മറ്റ് മതന്യൂനപക്ഷങ്ങളുടേയും അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊളളുന്ന സംഘടനയാണ് യുസിഎഫ്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം 334 ദിവസങ്ങള്‍ക്കിടയില്‍ 687 അതിക്രമങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായിട്ടുള്ളത്. ഇതില്‍ 531 കേസുകള്‍ വടക്കേ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഉത്തര്‍പ്രദേശ് (287 കേസുകള്‍), ചത്തീസ്ഗഡ് (148), ജാര്‍ഖണ്ഡ് (49), ഹരിയാന (47), മധ്യപ്രദേശ് (35), കര്‍ണ്ണാടക (21), പഞ്ചാബ് (18), ബീഹാര്‍ (14), ഗൂജറാത്ത്, തമിഴ്‌നാട്, ജമ്മു കാശ്മിര്‍ (8 വീതം), രാജസ്ഥാന്‍ (7), ഒറീസ (6), ഡല്‍ഹി (6), മഹാരാഷ്ട്ര (4), ഉത്തര്‍ഖണ്ഡ്(4), ബംഗാള്‍ (2), ഹിമാചല്‍ പ്രദേശ് (2) അസം (2), ആന്ധ്രാപ്രദേശ് (1), ഗോവ (1) എന്നിങ്ങനെയാണ് കണക്കുകള്‍.

പ്രതിദിനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ വര്‍ഗ്ഗീയ ശക്തികളില്‍ നിന്ന് നേരിടുന്ന പീഡനങ്ങളെ കുറിച്ച് ഹെല്‍പ്പ് ലൈനുകള്‍ വഴി അറിയിക്കാറുണ്ട്. ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷം ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ വന്‍തോതിലുള്ള വര്‍ദ്ധനവാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് ഉണ്ടായിരിക്കുന്നതെന്ന് യുസിഎഫ് നാഷണല്‍ കോഓര്‍ഡിനേറ്റര്‍ എ.സി.മൈക്കിള്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. 2014 ല്‍ 147 അതിക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2015 (177), 2016 (208), 2017 (240), 2018 (292), 2019 (328), 2020 (270), 2021 (505), 2022 (599) 2023 നവംബര്‍ 30 വരെ 687 എന്നിങ്ങനെയാണ് ക്രൈസ്തവ പീഡനങ്ങള്‍ നടന്നത്. രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കിയിട്ടുണ്ട്. മിക്കപ്പോഴും ക്രിസ്ത്യാനികള്‍ക്ക് നേരെ ഈ നിയമപ്രകാരമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേസുകള്‍ ചുമത്തുന്നത്. പൊലീസിനെ സ്വാധീനിച്ചാണ് പലപ്പോഴും ഈ നിയമപ്രകാരം കേസുകളെടുക്കുന്നത്.

കഴിഞ്ഞ വര്‍ഷം ചത്തീസ്ഗഡില്‍ ആദിവാസി ക്രിസ്ത്യാനികള്‍ക്ക് നേരെ വര്‍ഗ്ഗീയ ശക്തികളില്‍ നിന്ന് വ്യാപകമായ അക്രമങ്ങളാണുണ്ടായത്. ആയിരത്തോളം ആദിവാസികള്‍ അവരുടെ വീടും ഗ്രാമങ്ങളും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. ഈ വര്‍ഷം മണിപ്പൂർ രാജ്യം കണ്ട ഏറ്റവും വലിയ വര്‍ഗ്ഗീയ കലാപത്തിനും സാക്ഷ്യം വഹിക്കേണ്ടി വന്നു. 175 പേരാണ് വര്‍ഗ്ഗീയ സംഘട്ടങ്ങളില്‍ കൊല്ലപ്പെട്ടത്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. കൊള്ളയും കൊളളിവെപ്പും നടത്തിയതിന്റെ പേരില്‍ അയ്യായിരത്തിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 254 ക്രൈസ്തവ ദേവാലയങ്ങളാണ് മണിപ്പൂരില്‍ അഗ്നിക്കിരയാക്കിയത്.

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ ഹിന്ദുത്വ ശക്തികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്ന് നീതി നടപ്പാക്കാന്‍ യാതൊരു ശ്രമങ്ങളും ഉണ്ടാകുന്നില്ല. മനുഷ്യാവകാശ സംഘടനയായ പിയുസിഎല്‍ പുറത്തു വിട്ട ‘ക്രിമിനലൈസിങ്ങ് പ്രാക്ടീസ് ഓഫ് ഫെയ്ത്ത്’ എന്ന റിപ്പോര്‍ട്ടില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ അധികാരി വര്‍ഗം തികഞ്ഞ മൗനം പാലിക്കുകയാണെന്ന് കുറ്റപ്പെടുത്തിയിട്ടുണ്ടെന്നും മൈക്കിള്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top