ക്രിസ്ത്യന്‍ സ്കൂളിനെതിരായ ഹിന്ദുത്വവാദികളുടെ ആക്രമണത്തില്‍ തെലങ്കാന മുഖ്യമന്ത്രി ഇടപെടുമെന്ന് വിഡി സതീശന്‍; കര്‍ശന നടപടിയെന്ന് ഉറപ്പ് നല്‍കി

തിരുവനന്തപുരം: തെലങ്കാനയില്‍ തീവ്രഹിന്ദുത്വവാദികള്‍ സ്‌കൂള്‍ ആക്രമിച്ച സംഭവത്തില്‍ തെലങ്കാന മുഖ്യമന്ത്രി ഇടപെടുമെന്ന് ഉറപ്പ് നല്‍കിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അക്രമി സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കര്‍ശന നടപടി സ്വീകരിക്കാന്‍ ഇതിനോടകം പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതായി വിഡി സതീശന്‍ വ്യക്തമാക്കി.
ഏപ്രില്‍ 16നാണ് കാത്തലിക് മാനേജ്‌മെന്റിന് കീഴിലുള്ള സെന്റ്. മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരെ സംഘപരിവാര്‍ ആക്രമണമുണ്ടായത്. കാവി വസ്ത്രങ്ങള്‍ ധരിച്ച് ജയ് ശ്രീറാം വിളികളുമായി എത്തിയ അക്രമി സംഘം ഗേറ്റിന് മുന്നില്‍ സ്ഥാപിച്ചിരുന്ന മദര്‍ തെരേസയുടെ പ്രതിമയ്ക്ക് നേരെ കല്ലേറ് നടത്തുകയും സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. മലയാളിയായ സ്കൂള്‍ മാനേജര്‍ അതിക്രൂരമായി മര്‍ദിച്ച് നിര്‍ബന്ധപൂര്‍വ്വം കാവി ധരിപ്പിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായും വൈദികന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞിരുന്നു. സ്കൂളിലെ ജീവനക്കാരായ കന്യാസ്ത്രികളെ റോഡില്‍ തടഞ്ഞ് നിര്‍ത്തി സഭാ വസ്ത്രം ധരിച്ച് സ്കൂളില്‍ വരരുതെന്ന് താക്കീത് നല്‍കിയതായും പറഞ്ഞു.
അക്രമത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് തെലങ്കാന മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചത്. അതേസമയം സ്കൂള്‍ മാനേജര്‍ ഫാ.ജെയ്സണിനെ പ്രതിപക്ഷ നേതാവ് രാവിലെ ഫോണില്‍ ബന്ധപ്പെടുകയും പിന്‍തുണ അറിയിക്കുകയും ചെയ്തിരുന്നു. ന്യൂനപക്ഷങ്ങളോടുള്ള ഹിന്ദുത്വ സംഘടനകളുടെ അസഹിഷ്ണുതയാണ് വെളിപ്പെട്ടിരിക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here