ലൗജിഹാദിനെ ചെറുക്കാനെന്ന പേരിൽ കത്തോലിക്കാ യുവജനസംഘടനയുടെ കൈവിട്ട കളി; മിശ്രവിവാഹങ്ങൾ മുടക്കാൻ സബ് രജിസ്ട്രാർ ഓഫീസുകൾ തോറും സ്ക്വാഡ് പ്രവർത്തനം

മുസ്ലിം ചെറുപ്പക്കാരെ വിവാഹം ചെയ്യാനൊരുങ്ങുന്ന പെൺകുട്ടികളുടെ ബന്ധം മുടക്കാൻ സംഘടിത നീക്കം. കേരളത്തിലെ സബ് രജിസ്ട്രാർ ഓഫീസുകൾ തോറും സ്ക്വാഡ് പ്രവർത്തനം നടത്തി വിവാഹം രജിസ്റ്റർ ചെയ്യാനെത്തുന്ന പെൺകുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുകയാണ് ഒരുസംഘം. തുടർന്ന് വീടുകളിൽ അറിയിച്ച് നിർബന്ധപൂർവം വിവാഹത്തിൽ നിന്ന് പിന്മാറ്റുകയാണ് ചെയ്യുന്നത്. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരിൽ ചിലരും ഇതിന് സഹായം ചെയ്യുന്നുവെന്ന സൂചനകളുണ്ട്. സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്ന് ശേഖരിച്ച വിവാഹ അപേക്ഷകളുടെ കണക്ക് സഹിതം വിശദീകരിക്കുന്ന ശബ്ദരേഖ മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു.
ഇസ്ലാമിക് സ്റ്റേറ്റിൽ പോയ മുസ്ലിം ചെറുപ്പക്കാർക്കൊപ്പം കത്തോലിക്കാ യുവതികൾ പോകുന്നുവെന്ന ആശങ്കകൾ രൂക്ഷമായപ്പോൾ ഒരുവിഭാഗം കത്തോലിക്കാ വൈദികരുടെയും മെത്രാന്മാരുടെയും പരോക്ഷ പിന്തുണയോടെ രൂപീകരിച്ച ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ (CASA) എന്ന സംഘടനയാണ് നീക്കത്തിന് പിന്നിൽ. കാസയുടെ നേതൃത്വത്തിലാണ് മിശ്രവിവാഹങ്ങൾ മുടക്കാനുള്ള ഈ പദ്ധതിയെന്ന് തന്നെ ശബ്ദരേഖയിൽ പറയുന്നു. മൂന്നുപേരെ വീതമാണ് ഓരോ സബ് രജിസ്ട്രാർ ഓഫീസിൻ്റെയും ചുമതലയിൽ നിയോഗിച്ചിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ ഓഫീസിലെത്തി അപേക്ഷകളുടെ വിവരം ശേഖരിക്കും. തുടർന്ന് അതിലെ അഡ്രസ് തിരക്കി കണ്ടെത്തി മാതാപിതാക്കളെ വിവരം അറിയിക്കുകയാണ് ചെയ്യുന്നത്. ഹിന്ദു പെൺകുട്ടികളുടെ കാര്യത്തിൽ സംഘപരിവാർ സംഘടനകളിൽ പെട്ടവരെ ഏൽപിച്ച് വീടുകളിൽ അറിയിക്കാൻ ഏർപ്പാട് ഉണ്ടാക്കുകയും ചെയ്യുന്നു.
ശബ്ദരേഖയിൽ പറയുന്നത് ഇങ്ങനെ: “ഈ കഴിഞ്ഞ മേയ് മാസം വരെ 487 എണ്ണമാണ് രജിസ്റ്റർ കല്യാണത്തിന് വേണ്ടി അപേക്ഷിച്ചിരുന്നത്, കേരളം മുഴുവൻ. ഞങ്ങൾ കാസയിലുള്ളവർക്ക് ഓരോ സബ് രജിസ്ട്രാർ ഓഫീസിലും ഓരോരുത്തർക്ക് ചാർജുണ്ട്. രണ്ടോ മൂന്നോ പേർ ചേർന്നുള്ള ഗ്രൂപ്പ് ഒന്നിടവിട്ടുള്ള ദിവസം അവിടെ പോയി അപേക്ഷകൾ നോക്കും. എന്നിട്ട് അതിൻ്റെ കോപ്പി അവിടെ നിന്നെടുക്കും. എന്നിട്ടത് ഹിന്ദു ആണെങ്കിൽ ആർഎസ്എസോ ബിജെപിയോ വിഎച്ച്പിയോ, അങ്ങനെ വിശ്വാസമുള്ള ഏതെങ്കിലും നേതാക്കളെ ഏൽപിക്കും. ക്രിസ്ത്യൻ ആണെങ്കിൽ അതാത് ഇടവകകളിൽ ഏൽപിക്കും. പല അച്ഛന്മാരും ഇടപെടാതെ ഒഴിവാക്കും. അവരു പറയും, എന്തെങ്കിലും ആകട്ടെടാ, നിങ്ങളു വിചാരിക്കുന്നത് പോലെയല്ല, ഇതിലൊക്കെ ഇടപെടുന്നവരെ അവര് ഇല്ലാതാക്കും. അവർക്ക് താൽപര്യമാണെങ്കിൽ പോകട്ടെ… ഇങ്ങനെയൊക്കെയാണ് ഈ പരുവത്തിലായത്. ഇപ്പോൾ കുറെ മാറ്റമുണ്ട്. കഴിഞ്ഞ മേയിൽ മാത്രം ഹിന്ദു, ക്രിസ്ത്യൻ കുട്ടികളെ ഇത്രയും പേരെ അവർ കൊണ്ടുപോയി. ഈ 487ൽ 316 എണ്ണം ക്രിസ്ത്യൻ ആയിരുന്നു. 100-150 എണ്ണത്തിനെയൊക്കെ പള്ളിയും വീട്ടുകാരുമൊക്കെ ഇടപെട്ട് മാറ്റിയിട്ടുണ്ട്. നാളെ ഒരു സുപ്രഭാതത്തിൽ വീണ്ടും ഇറങ്ങിപ്പോകുമോ എന്നൊന്നും അറിയില്ല.”
ശബ്ദരേഖ തുടരുന്നു… “ഏതായാലും അതീവ ശ്രദ്ധയോടെ ഇക്കാര്യങ്ങൾ നാടുനീളെ പരസ്യം ചെയ്ത് അറിയിക്കണം. ഒരോ ഹിന്ദുവും ക്രിസ്ത്യാനിയും മൂന്നാളുകളെ വീതം ബോധവൽക്കരിച്ചാൽ മതി. രണ്ടുമാസം കൊണ്ട് കേരളം മുഴുവൻ ഒറ്റക്കെട്ടാകും. പിന്നെ ഈ പണി നടക്കില്ല. പക്ഷെ നമ്മുടെ കൂട്ടത്തിൽ പലരും, ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും അവരുടെ ഇഷ്ടത്തിന് പോകട്ടെ, പ്രശ്നങ്ങളിൽ നിന്ന് മാറിനിൽക്കാം, എന്ന് വിചാരിച്ച് ഇതിലൊന്നും ഇടപെടില്ല. ഞങ്ങൾക്ക് പറയാനുള്ളത്, ഒരാൾ മൂന്നുപേരെയെങ്കിലും ബോധവൽക്കരിക്കുക. അതിന് പറ്റിയാൽ പരമാവധി ഈ രണ്ടോ മൂന്നോ മാസം കൊണ്ട് ഇങ്ങനെയൊരു അപകടമുണ്ടെന്ന് ആളുകൾക്ക് മനസിലായാൽ എല്ലാവരും ശ്രദ്ധിക്കും. ഈ ഭവിഷ്യത്ത് മാറ്റാൻ പറ്റും. അങ്ങനെയേ പറ്റൂ. നിയമപരമായി ചെയ്യുന്നതിന് സർക്കാരിനൊക്കെ ചില പരിമിതികളുണ്ട്.”
സമാനമായൊരു പ്രശ്നത്തിൽ ഇടപെടേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കാൻ വാട്സാപ് മുഖേന അയച്ചുകൊടുത്ത ഉപദേശം എന്ന മട്ടിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. മതങ്ങൾക്കിടയിൽ വിവേചനം സൃഷ്ടിക്കുകയും അകൽച്ച ഉണ്ടാക്കുന്നതുമാണ് ഈ സന്ദേശമെന്ന് വ്യക്തമാണ്. ഇങ്ങനെ പരിഗണിച്ചാൽ ഐപിസി 153B(1)(c) എന്ന വകുപ്പ് പ്രകാരം മൂന്നുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ഈ സംഘത്തിൻ്റെ ശ്രമത്തിൽ വിവാഹം മുടങ്ങിയ ആരെങ്കിലും പോലീസിനെ സമീപിച്ചാൽ ഇത് നിയമപ്രശ്നമാകും. പൊതു സമൂഹത്തിൽ നിന്നാർക്ക് വേണമെങ്കിലും പരാതി കൊടുത്ത് കേസാക്കുകയും ചെയ്യാം.
അതേസമയം വർഷങ്ങളായി ഇത് ചെയ്യുന്നുണ്ടെന്ന് കാസയുടെ ചുമതലക്കാരൻ കെവിൻ പീറ്റർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്നതൊന്നും ചെയ്യുന്നില്ല. സബ് രജിസ്ട്രാർ ഓഫീസിലെത്തുന്ന അപേക്ഷകളുടെ വിവരങ്ങൾ സർക്കാർ മുൻപ് ഓൺലൈനായി പ്രസിദ്ധീകരിച്ചിരുന്നു. അത് നിർത്തിയത് കൊണ്ടാണ് നേരിട്ട് പോയി വിവരമെടുക്കേണ്ടി വരുന്നത്. വിവരങ്ങൾ പരസ്യമാക്കുന്നില്ല. സർക്കാർ ഏജൻസികൾ ആവശ്യപ്പെട്ടാൽ മാത്രം കൈമാറും. അതാണ് സംഘടനയുടെ നിലപാടെന്ന് കെവിൻ പീറ്റർ വിശദീകരിക്കുന്നു. എന്നാൽ ബന്ധപ്പെട്ട പള്ളികളിൽ അറിയിച്ചും, ഓരോ സ്ഥലത്തെയും സംഘപരിവാർ സംഘടനകൾക്ക് നൽകിയുമാണ് പ്രായപൂർത്തിയായ പെൺകുട്ടികളുടെ വിവരങ്ങൾ വീടുകളിൽ എത്തിക്കുന്നതെന്നും ഒപ്പം പറയുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here