യുപിയിലെ ക്രൈസ്തവ വേട്ടയില്‍ നടപടിയില്ല; ഭയാനകമായ അവസ്ഥയെന്ന് യു.സി.എന്‍.എ; മുഖ്യധാര സഭകള്‍ക്ക് മിണ്ടാട്ടമില്ല

ന്യൂഡല്‍ഹി : ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ ക്രിസ്ത്യന്‍ വേട്ട അതിക്രൂരമായി തുടരുകയാണെന്ന് യുണൈറ്റഡ് കാത്തലിക് ന്യൂസ് ഏജന്‍സി
(യു.സി.എന്‍.എ) റിപ്പോര്‍ട്ട്. ഈ മാസം 24 വരെ പാസ്റ്ററന്മാരുള്‍പ്പടെ 17 ക്രൈസ്തവ വിശ്വാസികളാണ് മതപരിവര്‍ത്തന നിരോധന നിയമപ്രകാരം അറസ്റ്റിലായത്. ക്രൈസ്തവര്‍ക്കു നേരെ ഇത്രയേറെ അതിക്രമങ്ങളുണ്ടായിട്ടും ഭരണകൂടം പതിവ് മൗനത്തിലാണ്. ഹിന്ദുത്വ ശക്തികളുടെ ഭീഷണി മൂലം ആരാധന നടത്താനോ, പ്രാര്‍ത്ഥിക്കാനോ കഴിയാത്ത സാഹചര്യമാണ് യുപിയില്‍ നിലനിക്കുന്നതെന്ന് ഒരു സഭാ നേതാവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രതികാര നടപടി ഭയന്നാണ് പേര് വെളിപ്പെടുത്താത്തതെന്നും അദ്ദേഹം പറഞ്ഞു.

വീടുകളില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുന്നവരെപ്പോലും പോലീസ് പിടിച്ചു കൊണ്ടു പോകുന്ന സ്ഥിതിയാണ്. യാതൊരു തരത്തിലുള്ള സംരക്ഷണമോ ആശ്വാസ നടപടികളോ ഉണ്ടാവുന്നില്ലെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭയാനകമായ സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് വാരണസിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മിഷനറി സൊസൈറ്റി വക്താവ് ഫാ.ആനന്ദ് മാത്യു പറഞ്ഞു. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന പാസ്റ്ററന്മാരില്‍ ഒട്ടുമിക്ക പേരും പ്രാര്‍ത്ഥനാ യോഗങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഏതെങ്കിലും വീട്ടിലോ പൊതു ഇടങ്ങളിലോ ആരാധനയോ, പ്രാര്‍ത്ഥനയോ നടത്തിയാല്‍ പ്രാദേശിക മാധ്യമങ്ങള്‍ മതപരിവര്‍ത്തന ശ്രമമായി ചിത്രീകരിച്ച് പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുന്നത് പതിവാണെന്ന് ഫാ. ആനന്ദ് മാത്യു പറഞ്ഞു.

പോലീസിന്റേയും മാധ്യമങ്ങളുടേയും പ്രവര്‍ത്തികള്‍ മൂലം സാധാരണക്കാരായ നാട്ടുകാര്‍ പോലും ക്രിസ്ത്യാനികളെ സംശയത്തോടെയാണ് കാണുന്നത്. സര്‍വോപരി രാജ്യത്തെ മുഖ്യധാര സഭകളും പ്രത്യേകിച്ച് പ്രബലരായ കത്തോലിക്ക സഭാ നേതൃത്വങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ മൗനം പാലിക്കയാണെന്നും അദ്ദേഹം കൂറ്റപ്പെടുത്തി.

യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്ന ശേഷമാണ് ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും പോലീസ് നടപടികളും വര്‍ദ്ധിച്ചത്. ഇതര മതസ്തരുമായുള്ള വിവാഹങ്ങള്‍ പോലും നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് പോലീസ് നടപടികളിലേക്ക് പോവുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ക്കെതിരെ സംസ്ഥാനത്ത് 287 അതിക്രമങ്ങളാണ് നടന്നതെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top