നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പലായ കന്യാസ്ത്രിക്കെതിരെ വ്യാജ കേസെടുത്തതില്‍ പ്രതിഷേധം; നൂറ് കണക്കിന് വിശ്വാസികളുടെ ധര്‍ണ; കേരളത്തിലുളളവര്‍ കാണണം

ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയില്‍പെട്ട കുംക്രി ഹോളിക്രോസ് കത്തോലിക്ക നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പലിനെതിതിരെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം വ്യാജ കേസെടുത്തതിനെതിരെ നൂറ് കണക്കിന് ക്രൈസ്തവര്‍ പ്രതിഷേധം നടത്തി. അവസാന വര്‍ഷ വിദ്യാര്‍ത്ഥിയെ ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന പരാതിയുടെ പേരില്‍ കോട്ടയം സ്വദേശിയും കന്യാസ്ത്രീയുമായ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെ ഈ മാസം ആറിന് പോലീസ് കേസെടുത്തിരുന്നു. അന്യായമായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ആശുപത്രിക്കു മുന്നില്‍ വിശ്വാസ സമൂഹം പ്രതിഷേധ ധര്‍ണ നടത്തിയത്. ഏഴ് പതിറ്റാണ്ടായി കുംക്രിയില്‍ പ്രവര്‍ത്തിക്കുന്ന ആതുര സ്ഥാപനമാണിത്.

ജനറല്‍ നഴ്സിംഗ് ആന്റ് മിഡ് വൈഫറി – ജിഎന്‍എം (General Nursing and Midwifery – GNM) അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ പരാതിക്കാരി ഈ വര്‍ഷം ജനുവരി മുതല്‍ കോഴ്സിന്റെ ഭാഗമായുള്ള ഹോസ്പിറ്റല്‍ ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കുക ആയിരുന്നു. ഇതോടൊപ്പം അവസാന വര്‍ഷ പരീക്ഷയുടെ ഭാഗമായ തിയറി ക്ലാസുകള്‍ക്കും വരാറില്ലായിരുന്നു. ഇങ്ങനെ നിരന്തരം പ്രതിദിന ക്ലാസുകളില്‍ നിന്നും പ്രാക്ടിക്കലുകളില്‍ നിന്നും വിട്ടു നില്‍ക്കുന്നതായി അധ്യാപകരില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളുമായി കോളജിലെത്താന്‍ താന്‍ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടെങ്കിലും ആരും വന്നില്ലെന്ന് പ്രിന്‍സിപ്പല്‍ ബിന്‍സി ഈ മാസം ആദ്യം മാധ്യമ സിന്‍ഡിക്കറ്റിനോട് വ്യക്തമാക്കിയിരുന്നു.
കോളജില്‍ നിന്ന് പലവട്ടം നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് ഈ മാസം ആദ്യം പെണ്‍കുട്ടി കോളജില്‍ ഹാജരായി. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കോഴ്സ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കയുള്ളു എന്നറിയിച്ചു. നിലവില്‍ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ മാനദണ്ഡപ്രകാരം തിയറിക്കും പ്രാക്ടിക്കലിനും 80 ശതമാനം ഹാജരുണ്ടെങ്കില്‍ മാത്രമേ പരീക്ഷക്ക് എഴിതാന്‍ കഴിയുകയുള്ളൂ. പരാതിക്കാരിക്ക് വെറും 32 ശതമാനം ഹാജര്‍ മാത്രമാണുള്ളത്. എന്നിട്ടും തിയറി പരീക്ഷ എഴുതാന്‍ അനുവദിച്ചു. പക്ഷേ, പ്രാക്ടിക്കലും ആശുപത്രി വാര്‍ഡ് ഡ്യൂട്ടികളും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവെന്ന് കുട്ടിയോട് വ്യക്തമാക്കിയതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം പരാതിക്കാരിയുടെ അമ്മയേയും സമയാസമയങ്ങളില്‍ അറിയിച്ചിരുന്നു.
ഈ ഘട്ടത്തിലാണ് പെണ്‍കുട്ടി ജില്ലാ കലക്ടര്‍ക്കും പോലീസ് സൂപ്രണ്ടിനും തന്നെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റാന്‍ പ്രിന്‍സിപ്പല്‍ ബിന്‍സി സമ്മര്‍ദം ചെലുത്തുന്നു എന്ന് കാണിച്ച് ഈ മാസം രണ്ടിന് പരാതി നല്‍കിയത്. പരാതി പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ ഒരു കമ്മറ്റിയെ നിയോഗിച്ചു. പക്ഷേ, കമ്മറ്റി സിസ്റ്റര്‍ ബിന്‍സി പറഞ്ഞതൊന്നും മുഖവിലക്കെടുക്കാതെ ഏകപക്ഷീയമായ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതിയില്‍ നല്‍കിയെങ്കിലും പരിഗണിച്ചില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here