സാന്താക്ലോസിന് വിലക്ക്; സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് മുൻകൂർ അനുമതി വേണമെന്ന് മധ്യപ്രദേശിലെ ബിജെപി സർക്കാർ

ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ ഉറപ്പാക്കാൻ കേരളത്തിലെ ബിജെപിക്കാർ ക്രിസ്മസ് കാലത്ത് കേക്കുമായി വീടുവീടാന്തരം കയറുമ്പോൾ, ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ ക്രിസ്മ്സ് ആഘോഷത്തിന് അപ്രഖ്യാപിത വിലക്ക്. സാന്താക്ലോസിൻ്റെ വേഷം കെട്ടിച്ചും കരോൾ ഗാനങ്ങൾ ആലപിച്ചും കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന എല്ലാ പരിപാടികൾക്കും മാതാപിതാക്കളുടെ അനുമതിപത്രം വേണമെന്നാണ് പുതിയ വ്യവസ്ഥ. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരാണ് ഉത്തരവിറക്കിയിരിക്കുന്നത്.

ഈ മാസം 14ന് ഷാജാപൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിവേക് ദുബെ പുറപ്പെടുവച്ച ഉത്തരവ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജില്ലയിലെ 500ലധികം സ്വകാര്യ സ്കൂളുകളിൽ ഈ ഉത്തരവ് എത്തിക്കഴിഞ്ഞു. കുട്ടികളെ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുപ്പിച്ചതിനെതിരെ കഴിഞ്ഞ വർഷങ്ങളിൽ ചില മാതാപിതാക്കൾ എതിർപ്പുമായി വന്നതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവെന്നാണ് ഷാജാപൂർ ഡിഇഒയുടെ നിലപാട്. മധ്യപ്രദേശിലെ മറ്റ് ചില ജില്ലകളിലും സമാന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖാണ്ഡ്വ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവും പ്രചരിക്കുന്നുണ്ട്.

എന്നാൽ സംസ്ഥാനത്തിൻ്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു വിചിത്ര ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് ഇറക്കുന്നതെന്ന് ജാബുവ രൂപതാ പിആർഒ ഫാദർ റോക്കി ഷാ പറയുന്നു. ഹിന്ദുക്കളുടേത് അടക്കം മറ്റ് മതസ്ഥരുടെ വിശേഷ ദിവസങ്ങളും സ്കൂളുകളിൽ ആഘോഷിക്കാറുണ്ട്. അന്നൊന്നും ഇത്തരം നിബന്ധനകൾ ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ ഉത്തരവിന് പിന്നിൽ മറ്റ് താൽപര്യങ്ങളുണ്ടെന്ന് കരുതേണ്ടി വരുമെന്നും ഫാ.റോക്കി പറഞ്ഞു. മധ്യപ്രദേശിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും ക്രൈസ്തവ സഭകളുടെ ഉടമസ്ഥതയിലുള്ളതാണ്.

മധ്യപ്രദേശിൽ ബിജെപി ഭരണകാലത്ത് ക്രിസ്ത്യാനികൾക്ക് നേരെ അക്രമസംഭവങ്ങളുണ്ടാവുന്നത് നിത്യ സംഭവങ്ങളാണ്. ഈ വർഷം നവംബർ 30 വരെ 35 അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം സംസ്ഥാനത്ത് പലയിടങ്ങളിലും ക്രിസ്മസ് ആരാധനകൾക്ക് വിലക്ക് ഉണ്ടായിരുന്നു. ക്രൈസ്തവർക്ക് അത്യാവശ്യം സ്വാധീനമുള്ള കേരളത്തിൽ അവരെ പ്രീണിപ്പിക്കാൻ സ്നേഹയാത്ര സംഘടിപ്പിക്കുന്ന പാർട്ടിയുടെ മറ്റൊരു മുഖമാണ് മധ്യപ്രദേശിൽ ഈ ക്രിസ്മസ് കാലത്ത് കാണാൻ കഴിയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top